കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഭൂമുഖത്ത് മഞ്ഞ ലോഹം കണ്ടെത്തിയ നാള് മുതല്‍ മനുഷ്യര്‍ക്ക് അതിനോടുള്ള പ്രതിപത്തി തുടങ്ങിയിരുന്നു. സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ സാധാരണക്കാര്‍ മുതല്‍ കോടീശ്വരന്മാര് വരെ സ്വര്‍ണത്തിന്റെ പിന്നാലെ തന്നെയാണ്. ലോകത്തിന്റെ സാമ്പത്തിക മേഖല നിയന്ത്രിക്കുന്നതും സ്വര്‍ണ നിക്ഷേപമാണ്. സ്വര്‍ണ വ്യാപാര മേഖലയില്‍ വാശിയേറിയ മത്സരം നടക്കുമ്പോഴും പാരമ്പര്യത്തിന്റെ തിളക്കവുമായി യുഎഇയില്‍ സജീവമായി നില്ക്കുന്ന ഒരു സൂക്കൂണ്ട്. യുഎഇയിലെ തന്നെ ആദ്യത്തേതായ ഷാര്‍ജ ഗോള്‍ഡ് സൂക്ക്. യുഎഇ ജനതയുടെ മഞ്ഞ ലോഹത്തോടുള്ള ശാശ്വതമായ ആകര്‍ഷണത്തിന്റെ തെളിവാണ് ഷാര്‍ജയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗോള്‍ഡ് സൂക്ക്. പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും സമൃദ്ധിയുടെയും ഒരിടമെന്ന ചരിത്രപരമായ പദവിയിലാണ് ഇവിടേക്ക് വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്നത്. യുഎഇയുടെ അഞ്ച് ദിര്‍ഹം കറന്‍സിയിലുള്ള ചിത്രം ഷാര്‍ജ സൂഖിന്റേതാണ്. ഇസ്്ലാമിക ലിഖിതങ്ങളും നീല നിറങ്ങളും കൊണ്ട് അലങ്കരിച്ച സ്റ്റീം ട്രെയിന്‍ രൂപകല്‍പ്പനയുള്ള ഒരു വാസ്തുവിദ്യാ മാസ്റ്റര്‍പീസ് ആണ് ഈ കെട്ടിടം. വാസ്തുവിദ്യയിലെ നീല നിറത്തിന്റെ ആധിക്യമാണ് ബ്ലൂ സൂക്ക് എന്ന പേര് കെട്ടിടത്തിന് നേടിക്കൊടുത്തത്. എട്ട് ബാല്‍ക്കണികളുള്ള രണ്ട് പ്രധാന കെട്ടിടങ്ങളും അവയെ ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സൂക്ക്. കെട്ടിടത്തിന്റെ ഒരു ഭാഗം സ്വര്‍ണ്ണ വ്യാപാരത്തിന് മാത്രമായി മാറ്റിവെച്ചിരിക്കുന്നു.
മറ്റു സ്ഥലങ്ങളില്‍ പരവതാനികള്‍, പുരാവസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഏകദേശം 600 ഷോപ്പുകളുള്ള സൂക്ക്, പ്രാദേശിക സ്വര്‍ണ്ണ വ്യാപാരികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും അവരുടെ വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കുന്നതിനും നഗരത്തിന്റെ സാമ്പത്തിക ഭൂപ്രകൃതിയില്‍ പ്രധാന വേദിയായി നിലകൊള്ളുന്നു.
പഴമയുടെ പ്രൗഢിയിലും ഉപഭോക്താക്കളുടെ മാറി വന്ന ഷോപ്പിംഗ് ശീലങ്ങളള്ക്കനുസരിച്ച് ഗോള്‍ഡ് സൂക്ക് വികസിച്ചു. പരമ്പരാഗത ഡിസൈനുകള്‍ തുടരുമ്പോള്‍, ന്യൂജെന്‍ ഉപഭോക്താക്കള്‍ക്കായി ആധുനികവും സമകാലികവുമായ ഡിസൈനുകള്‍ സൂക്കില്‍ ലഭ്യമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇവിടെ സ്വര്‍ണം, വിലയേറിയ കല്ലുകള്‍, മുത്തുകള്‍ എന്നീ വ്യാപാരങ്ങള്‍ക്കായി 727 ബിസിനസ് ലൈസന്‍സുകള്‍ അനുവദിച്ചിരുന്നു.
1965ല്‍ സ്ഥാപിതമായ ജിജി ആന്‍ഡ് സണ്‍സ് ജ്വല്ലറി, ഗോള്‍ഡ് സൂക്കിലെ ആദ്യത്തെ സ്വര്‍ണവ്യാപാരികളാണ്. ഇവിടെ നിന്ന് തുടക്കം കുറിച്ച ഈ ജ്വല്ലറി ഉടമകള്‍ക്ക് ഇപ്പോള്‍ യുഎഇയില്‍ ഉടനീളം ആറ് ശാഖകളാണുള്ളത്. ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, എമിറേറ്റ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരാണ് മാര്‍ക്കറ്റിലെ ഉപഭോക്താക്കളില്‍ കൂടുതല്‍. ഒരു കാലത്ത് യുഎഇയിലെ സ്ത്രീകളുടെ സമ്പത്തിന്റെയും സാമൂഹിക പദവിയുടെയും പ്രതീകമായി കണക്കാക്കിയിരുന്ന ചെറിയ സ്വര്‍ണ്ണ നാണയങ്ങള്‍ കൊണ്ട് അലങ്കരിച്ച അല്‍മരിയ നെക്ലേസ്, പഴയ ആഭരണങ്ങളായ അല്‍ കവാഷി, നാക്ക്സ്, അരയില്‍ ധരിക്കുന്ന ബെല്‍റ്റ് എന്നിവക്ക് സൂക്കില്‍ ഇന്നും ആവശ്യക്കാര്‍ ഏറെയാണ്. ഇവിടെയെത്തുന്നവര്‍ക്ക് സ്വര്‍ണ്ണത്തിന്റെ കാലാതീതമായ പ്രൗഢിയിലേക്ക് അവിസ്മരണീയമായ ഒരു യാത്ര പ്രദാനം ചെയ്യുന്നു.