കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
യുഎഇയിലെ ചെറിയ എമിറേറ്റുകളിലൊന്നായ ഉമ്മുല്‍ഖുവൈന്‍ അധികമാരും ശ്രദ്ധിക്കാതെ പോവുന്ന പ്രദേശമാണ്. എന്നാല്‍ പുരാതന അറബ് ദേശത്ത് ഉമ്മുല്‍ഖുവൈന്‍ വലിയ പ്രാധാന്യമുണ്ടായിരുന്നു. അക്കാലത്തെ വാണിജ്യ പാതയില്‍ ഈ തീരദേശം മുഖ്യ പങ്ക് വഹിച്ചിരുന്നു. രണ്ട് ശക്തികളുടെ മാതാവ് എന്നര്‍ത്ഥം വരുന്ന ഉമ്മുഖുവൈനെക്കുറിച്ച് അല്പം അറിയാം…
എമിറേറ്റുകളില്‍ പ്രകൃതി ഭംഗി കൊണ്ട് ഏറെ ആകര്‍ഷകമാണ് ഉമ്മുല്‍ഖുവൈന്‍. കണ്ടല്‍കാടുകളാല്‍ നിറഞ്ഞ വിശാലമായ തീരദേശപ്രദേശമാണ് ഉമ്മുല്‍ഖുവൈന്റെ ഭംഗി. ഭൂമിയില്‍ മനുഷ്യസഞ്ചാരം തുടങ്ങിയ കാലത്തുതന്നെ ഉമ്മുല്‍ഖുവൈന്റെ മണ്ണില്‍ മനുഷ്യന്റെ കാല്പാടുകള് പതിഞ്ഞിരുന്നുവെന്ന് പുരാവസ്തു രേഖകള്‍ പറയുന്നു. ഉമ്മുല്‍ ഖുവൈന്‍ എന്ന പേരിന്റെ പദാവലിയില്‍ ഒന്നിലധികം സിദ്ധാന്തങ്ങള്‍ പറയുന്നുണ്ട്. ഏറ്റവും സ്വീകാര്യമായ അര്‍ത്ഥം-രണ്ട് ശക്തികളുടെ മാതാവ്- എന്നാണ്. കരയെയും കടലിനെയും രണ്ട് ശക്തികളായി കണക്കാക്കി, കരയിലും വെള്ളത്തിലുമുള്ള പ്രവര്‍ത്തനങ്ങളുടെ സമ്പന്നത എന്നാണ് പ്രദേശവാസികള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. മറ്റു ചിലര്‍ ഇതിനെ സമ്പദ്വ്യവസ്ഥയുടെയും കൃഷിയുടെയും രണ്ട് ശക്തികളായി കാണുന്നു. മറ്റൊരു സിദ്ധാന്തം ഖുവൈന്‍ എന്ന വാക്ക് ‘ഇരുമ്പ്’ എന്നര്‍ഥമുള്ള ഖ്വാന്‍ എന്ന അറബി പദത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നും പറയുന്നു. ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റിന് ആഴത്തിലുള്ള പുരാവസ്തു അടിത്തറയുണ്ട്. ക്രിസ്തുവിന് ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്തിന് മെസൊപ്പൊട്ടേമിയയുമായുള്ള ബന്ധം ഉണ്ടായിരുന്നു. എമിറേറ്റിന്റെ തീരത്ത് നിന്നും ഉബൈദ് കാലഘട്ടത്തിലുള്ള മണ്‍പാത്രങ്ങളുടെ കഷ്ണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഹഫീത്ത് കാലഘട്ടം മുതല്‍ ഉമ്മുല്‍ നാര് കാലഘട്ടം, പിന്നീട് വാദി സൂഖ്, ഇരുമ്പ് യുഗം ഒന്നു മുതല്‍ മൂന്ന് യുഗങ്ങള്‍ വരെ വെങ്കലയുഗത്തിലുടനീളം ഈ പ്രദേശത്ത് മനുഷ്യവാസം ഉണ്ടായിരുന്നു.
പാശ്ചാത്യ സുമേറിയന്‍ സംസ്കാരവും കിഴക്കന്‍ സിന്ധു നദീതട സംസ്കാരവും തമ്മിലുള്ള പ്രധാന വ്യാപാര ബന്ധങ്ങളുള്ളതായും സൂചനകളുണ്ട്. അത്യപൂര്‍വ്വ നാണയങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. അടുത്തിടെ നടത്തിയ ഖനനത്തില്‍ 15 ശവകുടീരങ്ങള്‍, വെങ്കല പ്രതിമകള്‍, താമസ അവശിഷ്ടങ്ങള്‍, ആഭരണങ്ങള്‍, മണ്‍പാത്രങ്ങള്‍, ക്രിസ്ത്യന്‍ ആശ്രമത്തിന്റെ അവശിഷ്ടങ്ങള്‍ മുതലായവ ഇവിടെ നിന്ന് കണ്ടെടുത്തു. വെങ്കലയുഗത്തില്‍ ഇവിടെ കൃഷി അഭിവൃദ്ധിപ്പെട്ടിരുന്നു. ഈന്തപ്പഴമായിരുന്നു പ്രധാന വിള. ജലസേചനത്തിന് സൗകര്യമുള്ള സ്ഥലങ്ങളില്‍ ഗോതമ്പ്, മില്ലറ്റ്, മറ്റ് ധാന്യങ്ങളും കൃഷി ചെയ്തിരുന്നു. അര്‍ദ്ധ നാടോടികളായ ഗോത്രക്കാര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും കുഴിച്ചെടുത്തിരുന്നു. ഉമ്മുല്‍ ഖുവൈനില്‍ വ്യവസായങ്ങള്‍ വളരെ മുമ്പ് തന്നെ അഭിവൃദ്ധി പ്രാപിച്ചിരുന്നു. അക്കാലത്ത് ബോട്ടുകള്‍ ഉണ്ടാക്കുന്നതില്‍ ഈ ദേശത്തെ മറികടക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇന്ന് കാണുന്ന ഉമ്മുല്‍ഖുവൈന്‍ എന്ന പ്രദേശം വികസിപ്പിച്ചെടുക്കുന്നത് 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശൈഖ് മജീദ് അല്‍ മുഅല്ലയാണ്. അതുവരെ അല്‍ മുഅല്ല ഗോത്രത്തിലെ ആളുകള്‍ അല്‍ സിനിയ ദ്വീപിലായിരുന്നു താമസിച്ചിരുന്നത്. ദ്വീപില്‍ കുടിവെള്ളത്തിന് ക്ഷാമം നേരിട്ടതോടെയാണ് ഉമ്മുല്‍ ഖുവൈനിന്റെ കരയിലേക്ക് താമസം മാറ്റിയത്. അക്കാലത്ത് മത്സ്യബന്ധനവും മുത്തുവാരലുമായിരുന്നു പ്രധാന വരുമാന മാര്‍ഗം. ആധുനിക അല്‍ മുഅല്ല രാജവംശത്തിന്റെ സ്ഥാപകനായ അല്‍ അലി ഗോത്രത്തിലെ ശൈഖ് റാഷിദ് ബിന്‍ മാജിദ് 1768ല്‍ നിര്‍മ്മിച്ച കോട്ട കേന്ദ്രീകരിച്ചാണ് ഉമ്മുല്‍ ഖുവൈന്റെ ഭരണം നിയന്ത്രിച്ചിരുന്നത്. ഏഷ്യക്കും ഇന്ത്യക്കും ഇടയിലുള്ള വ്യാപാര പാതയില്‍ ഉമ്മുഖുവൈന് മാത്രമായി 24 കിലോമീറ്റര്‍ തീരദേശപ്രദേശമുണ്ട്. 1775ല്‍ ശൈഖ് മജീദ് അല്‍ മുഅല്ലയാണ് ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റ് രൂപീകരിച്ചത്. എമിറേറ്റ് ഇപ്പോള്‍ ഭരിക്കുന്നത് ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയാണ്. നജ്ദില്‍ നിന്നും ഉല്‍ഭവിച്ച അല്‍അലി ഗോത്ര പരമ്പരയായ മുഅല്ല കുടുംബമാണ് ഉമ്മുല്‍ഖുവൈന്‍ ഭരിക്കുന്നത്. ഉമ്മുല്‍ഖുവൈന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ വിസ്മയിപ്പിക്കുന്ന ചരിത്ര കഥകള്‍ കേള്‍ക്കാം….