കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
മദ്ഹ എന്ന പ്രദേശത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും… യുഎഇക്ക് അകത്ത് സ്ഥിതി ചെയ്യുന്ന ഒമാന്റെ ഒരു കുഞ്ഞ് പ്രവിശ്യ. യുണൈറ്റഡ് അറബ് എമിറേറ്റിനാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഒമാന്‍ പ്രദേശം. മുസന്ദം ഗവര്‍ണറേറ്റിന്റെ ഒരു എക്സ്ക്ലേവാണിത്. മലകളും കുന്നുകളും അരുവികളും തോട്ടങ്ങളും നിറഞ്ഞു നില്ക്കുന്ന മദ്ഹ പ്രദേശം ഒറ്റനോട്ടത്തില്‍ കേരളത്തിന്റെ ഭൂപ്രകൃതിക്ക് സമാനമാണ്. ഫുജൈറ-ഖോര്ഫക്കാന് റോഡിലാണ് ഈ ഒമാന്‍ പ്രദേശം സ്ഥിതിചെയ്യുന്നത്. യുഎഇയിലുള്ളവര്‍ക്ക് യാതൊരു തടസ്സവുമില്ലാതെ ഇവിടേക്ക് പ്രവേശിക്കാം. യുഎഇയിലുള്ള പ്രവാസികളുടെ ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് മദ്ഹ. ഒരു ഒമാന്‍ പ്രദേശം യുഎഇക്ക് ഇടയിലായി വന്നതിന് പിന്നലൊരു ചരിത്രമുണ്ട്. മുന്‍കാലങ്ങളില്‍ ഇവിടെ താമസിച്ചിരുന്ന ഗോത്ര വിഭാഗങ്ങളുടെ താല്പര്യ പ്രകാരമായിരുന്നു ഇത് ഒമാന്റെ ഭാഗമായി മാറുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മദ്ഹ പ്രദേശം റാസല്‍ ഖൈമയിലെ ഖവാസിമിന്റെ അധീനതയിലായിരുന്നു. എന്നാല്‍ 1869 നും 1900 നും ഇടയില്‍ ദിബ്ബാ ബായിയിലെ ഷിഹു അത് ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തിരുന്നു. എന്നാല്‍ 1930-40 കാലഘട്ടത്തില്‍ ഈ പ്രദേശത്തെച്ചൊല്ലി ഷാര്‍ജയിലെയും റാസല്‍ഖൈമയിലെയും ഫുജൈറയിലെയും ഒമാനിലെയും അന്നത്തെ ഭരണകുടുംബങ്ങള് അവകാശവാദമുന്നയിച്ചു. എന്നാല്‍ ഹിതപരിശോധനയിലൂടെ ഗ്രാമവാസികളില്‍ കൂടുതലാളുകളും ഒമാനുമായി യോജിക്കാനുള്ള തീരുമാനത്തിലെത്തി. 1969-ല്‍ വിവിധ എമിറേറ്റുകളുടെ അതിര്‍ത്തികള്‍ തീരുമാനിച്ചപ്പോള്‍ മദ്ഹ പ്രദേശം ഒമാന്‍ സുല്‍ത്താനേറ്റിന്റെ എന്‍ക്ലേവായി മാറി. അതോടൊപ്പം മദ്ഹ പ്രദേശത്തിന് മധ്യത്തിലായി സ്ഥിതി ചെയ്യുന്ന നഹ്വ ഗ്രാമം ഷാര്‍ജയുടെ ഭാഗമായി മാറുകയും ചെയ്തു.
1930കളില്‍ മദ്ഹ നിവാസികള്‍ ഒമാന്റെ ഭാഗമാവാന്‍ തീരുമാനിച്ചത് ഒമാന്‍ കൂടുതല്‍ സമ്പന്നമാണെന്നും കൂടുതല്‍ ശക്തമായ ഒരു ഗവണ്മെന്റ് ഉണ്ടെന്നും ഗ്രാമത്തിലെ ജലവിതരണം സംരക്ഷിക്കാന്‍ മികച്ച സ്ഥാനം ലഭിക്കുമെന്നും ഉള്ള ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അങ്ങനെ മദ്ഹ പ്രദേശം ഇപ്പോഴും ഒമാന്‍ സര്‍ക്കാരിന്റെ കീഴില്‍ സംരക്ഷിച്ചു വരുന്നു. യുഎഇയുടെ ഭൂപടം ശ്രദ്ധിച്ചാല്‍ യുഎഇ രാജ്യത്താല് ചുറ്റപ്പെട്ട് കിടക്കുന്ന മദ്ഹ പ്രദേശവും അതിനകത്ത് കിടക്കുന്ന ഷാര്‍ജയുടെ ഭാഗമായ നഹ്വ പ്രദേശവും കാണാം. ദുബൈയില്‍ നിന്നും അബുദാബിയില്‍ നിന്നും ഫുജൈറയും ഖോര്‍ഫക്കാനും സന്ദര്‍ശിക്കാന്‍ പോവുന്നവര്‍ വഴിയിലുള്ള മദ്ഹയും സന്ദര്‍ശിക്കാറുണ്ട്. അരുവികളും വാദികളും നിറഞ്ഞ ഈ പ്രദേശത്ത് തണുപ്പുള്ള സീസണില്‍ വിനോദസഞ്ചാരികള്‍ രാത്രികാലങ്ങളില്‍ ടെന്റ് അടിച്ചുള്ള താമസത്തിന് തെരഞ്ഞെടുക്കാറുണ്ട്. പ്രകൃതിദത്തമായ അരുവികള്‍, താഴ്വാരങ്ങള്‍, സരൂജ് ഡാം, മദ്ഹ കോട്ട, മദ്ഹ ഹൗസ് മ്യൂസിയം തുടങ്ങിയവ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. സുല്‍ത്താന്‍ ബിന്‍ സെയിഫ് അല്‍ യറൂബിയാണ് 17-ാം നൂറ്റാണ്ടില്‍ മദ്ഹ കോട്ട നിര്‍മിച്ചത്. ഒമാനി സംസ്കാരവും പാരമ്പര്യവും നിറഞ്ഞ് നില്ക്കുന്ന ഈ പ്രദേശം വേറിട്ട കാഴ്ച തന്നെയാണ്. സുല്ത്താനേറ്റ ഓഫ് ഒമാന്റെ റോഡുകള്‍, സ്കൂള്‍, തപാല്‍ ഓഫീസ്, ഈദ് ഗ്രൗണ്ട്, പോലീസ് സ്റ്റേഷന്, ഒമാനി ബാങ്ക്, വൈദ്യുതി, ജലവിതരണം, എയര്‍സ്ട്രിപ്പ് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മദ്ഹ. റോയല്‍ ഒമാന്‍ പോലീസ് പട്രോളിംഗും ഇവിടെയുണ്ട്.