സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
ജീവിതസന്ധാരണത്തിന് വേണ്ടി പണം സമ്പാദിക്കാനാണ് നാമെല്ലാവരും കടല്‍ കടന്നെത്തി പ്രവാസിയായി മാറുന്നത്. മലയാളിക്ക് ജീവിക്കാന്‍ നിരവധി വാതിലുകള്‍ തുറന്നിട്ട ലോകമാണ് ഗള്‍ഫ്. എല്ലാം മറന്ന് ഇവിടെ ജീവിതം തള്ളിനീക്കമ്പോള്, നമ്മളറിയാതെ കിട്ടുന്ന സമ്പാദ്യം ചോര്‍ന്നു പോവുന്ന ചതിക്കുഴികളെക്കുറിച്ച് അറിയാതെ പോവരുത്. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ച നിരവധി പ്രവാസികള്‍ നമുക്ക് ചുറ്റുമുണ്ട്.നിരവധി തട്ടിപ്പുകള്‍ക്കിടയില്‍ ഇപ്പോഴും സജീവമായി നില്ക്കുന്ന ഒന്നാണ് സാമ്പത്തിക തട്ടിപ്പ്. ഓരോ ദിവസവും പുതിയ സാമ്പത്തിക തട്ടിപ്പിന്റെ കഥകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 3134 ആളുകളുടെ പണം നഷ്ടപെട്ട കേസുകള്‍ ദുബൈയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി അധികൃതര്‍ പറയുന്നു. ഓണ്‍ലൈന്‍ രൂപത്തിലുള്ള വാരിക്കുഴികളാണ് അവയില്‍ ഏറെയും. തട്ടിപ്പിനുള്ള ഒരു വാതില്‍ അടയുമ്പോള്‍ മറ്റു പുതിയ മാര്‍ഗങ്ങളിലൂടെ അവര്‍ നമ്മുടെ മുന്നിലെത്തും. പണം ഇടപാടുകള്‍ നടത്തുമ്പോള്‍ മാത്രമല്ല മറ്റ് അവസരങ്ങളിലും അവര്‍ നമ്മെ കെണിയില്‍ വീഴ്ത്തിയേക്കും.
ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കുകയേ വഴിയുള്ളൂ. നമ്മുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വലവിരിക്കുക. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും അതുവഴി നമ്മുടെ അക്കൗണ്ടിലെ പണം ചോര്‍ത്തുന്നതുമാണ് തട്ടിപ്പിന്റെ രീതി. തട്ടിപ്പുകാര്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഒരു ചെറിയ സംഖ്യ അയക്കും. തുടര്‍ന്ന് വിളി വരും. ഒരു സംഖ്യ നിങ്ങളുടെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്നും അറിയാതെ സംഭവിച്ചു പോയതാണെന്നും പറയും. സംഖ്യ ദയവായി തിരിച്ചയക്കണമെന്നും അഭ്യര്‍ത്ഥിക്കും. ഹിന്ദി-ഇംഗ്ലീഷ് ഭാഷയിലുള്ള സംഭാഷണമായിരിക്കും അവരുടേത്. ഇതു കേട്ട് സംഖ്യ തിരിച്ച് അയച്ചു പോയാല്‍ നിങ്ങള്‍ വെട്ടിലാകും. പണം അയക്കുന്ന പ്രക്രിയയിലൂടെ തട്ടിപ്പുകാര്‍ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ മനസ്സിലാക്കി ബാക്കിയുള്ള പണവും ചോര്‍ത്തിയെടുക്കും. ഒരു കാരണവശാലും ഓണ്‍ലൈനായി പണം കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കുക. പണം തിരിച്ചുനല്‍കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ പോലീസ് സ്റ്റേഷന് പോലുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് വരാന്‍ പറഞ്ഞ് നേരിട്ട് പണം കൈമാറുക. പുതുതായി ഗള്‍ഫിലെത്തുന്നവരുടെ മൊബൈല്‍ നമ്പറുകള്‍ തരപ്പെടുത്തി പൊലീസില്‍ നിന്നാണെന്നും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നാണെന്നും പറഞ്ഞ് ബോധ്യപ്പെടുത്തി ഗൂഗിള്‍ പേവഴി പണം തട്ടുന്ന സംഘങ്ങള്‍ ഇപ്പോഴും സജീവമാണ്. ഏതെങ്കിലും തരത്തിലുള്ള നിയമ കുരുക്കുകള്‍ പറഞ്ഞ് ഭീതിപ്പെടുത്തിയാണ് സാധാരണക്കാരായ പ്രവാസികളെ വെട്ടിലാക്കുക. ഒരു കാര്യം ശ്രദ്ധിക്കുക ഗള്‍ഫില്‍ പൊലീസ്, എംബസി, മന്ത്രാലയം എന്നീ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ഫോണ്‍ വിളിച്ച് പണം ഈടാക്കുന്ന രീതി പൊതുവേ ഉണ്ടാവാറില്ല. അങ്ങനെ ഉണ്ടെങ്കില്‍ തന്നെ ബന്ധപ്പെട്ട ഓഫീസില്‍ വിളിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം പണം കൈമാറുക. അല്ലെങ്കില്‍ നേരില്‍ ചെന്ന് ബോധ്യപ്പെടുത്തി കാര്യം ഉറപ്പുവരുത്തുക. ഫോണ്‍ കോളിലൂടെ മുള്‍മുനയില്‍ നിര്‍ത്തിയും ഓണ്‍ലൈന്‍ വഴിയും നടന്നുവരുന്ന തട്ടിപ്പുകളെ കരുതിയിരിക്കുക. തട്ടിപ്പുസംഘങ്ങളെ അന്വേഷിച്ച് ഇറങ്ങിയാല്‍ ചെന്നെത്തുക കാനഡയിലും നൈജീരിയയിലും മ്യാന്മറിലും മറ്റുമായിരിക്കും.