കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഇന്ന് ജൂണ്‍ 23 രാജ്യാന്തര ഒളിമ്പിക്സ് ദിനം. ഒളിമ്പിക്സിന്റെ ചരിത്രം ഓര്‍ത്തെടുക്കാനും ചരിത്രമെഴുതിയ കായിക താരങ്ങള്‍ ഓര്മ്മിക്കപ്പെടാനുമുള്ള ദിവസം. സ്നേഹസന്ദേശമായി പറവിയെടുത്ത ആ ഒളിമ്പിക്സ് ചരിത്രത്തിലേക്ക്.
പ്രാചീന ഗ്രീസില്‍ നിന്നാണ് ഒളിമ്പിക്സ് എന്ന ആശയം ഉടലെടുക്കുന്നത്. ബിസി 776 ലാണ് ആദ്യ ഒളിമ്പിക്സ് നടന്നത് എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഒളിമ്പിയയില്‍ നാലു വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന ഒളിമ്പിക്സിന് ഒരൊറ്റ ഇനം മാത്രമേ തുടക്കത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസം മാത്രമായി നടന്നിരുന്ന മേള പിന്നീട് 5 ദിവസങ്ങള്‍ വരെ നീണ്ടു. മത്സര ഇനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു. ഇതിനിടെ ബിസി 140കളില്‍ റോമക്കാര്‍ ഗ്രീസിനെ ആക്രമിച്ചു കീഴടക്കുകയും ഒളിമ്പിക്സ് നിരോധിക്കുകയും ചെയ്തു.
ഫ്രഞ്ചുകാരനായ ബാരണ്‍ പിയറി ഡി കുബര്‍ട്ടിന്‍ എന്ന കായിക സ്നേഹിയാണ് പിന്നീട് ഒളിമ്പിക്സിനെ ആധുനിക തലത്തിലേക്ക് കൊണ്ടു വരുന്നത്. ഗ്രീക്കുകാരുടെ പുരാതന കായിക സംസ്കാരം പുതിയ ആഗോള സംസ്കാരത്തിന് തന്നെ കാരണമാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. പരസ്പരം ശത്രുത പുലര്‍ത്തിയിരുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളെ ഒളിമ്പിക്സ് ഒന്നിപ്പിക്കുമെന്ന വിശ്വാസത്തില്‍ 1892 നവംബര്‍ 25ന് ഫ്രാന്‍സിലെ സോര്‍ബോണില്‍ നടന്ന സമ്മേളനത്തില്‍ ആശയം അവതരിപ്പിച്ചു. ആശയം തള്ളപ്പെട്ടെങ്കിലും പിന്മാറാന് അദ്ദേഹം തയ്യാറായില്ല. ഏറെ നാളത്തെ ശ്രമത്തിനൊടുവില്‍ 1894 ജൂണ്‍ 23ന് ഫ്രാന്‍സിലെ സോര്‍ബോണില്‍ നടന്ന ഒരു രാജ്യാന്തര സമ്മേളനത്തിലാണ് ഒളിമ്പിക്സ് എന്ന ആശയം അംഗീകരിക്കപ്പെട്ടത്. ആ ദിവസത്തിന്റെ ഓര്‍മ്മയ്ക്കായി എല്ലാവര്‍ഷവും ജൂണ്‍ 23ന് ഒളിമ്പിക്സ് ദിനം ആചരിക്കാന്‍ 1942ല്‍ ചേര്‍ന്ന ഒളിമ്പിക്സ് യോഗത്തില്‍ തീരുമാനമാവുകയും ചെയ്തു. 1896 ഏപ്രില്‍ 6ന് ആധുനിക ഒളിമ്പിക്സിന്റെ ആദ്യമത്സരത്തില്‍ 14 രാജ്യങ്ങളില്‍ നിന്നായി 241 അത്ലറ്റുകള് പങ്കെടുത്തു. ഒന്പ്ത് വിഭാഗങ്ങളിലായി 43 ഇനങ്ങള്‍ നടന്നു.
124 വര്‍ഷങ്ങള്‍ക്കിപ്പുറം ഒളിമ്പിക്സ് എന്ന കായികമേള ബഹുദൂരം മുന്നോട്ട് പോയി. നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഒളിമ്പിക്സ് എന്ന മഹാമേളയ്ക്ക് വ്യക്തമായ നിയമങ്ങളും മാനദണ്ഡങ്ങളുമുണ്ട്. 1924 മുതല്‍ നാലു വര്‍ഷത്തിലൊരിക്കല്‍ ശൈത്യകാല ഒളിമ്പിക്സും, 1960 മുതല്‍ ഭിന്നശേഷിക്കാര്‍ക്കായി പാരലിംപിക്സും നടന്നു വരുന്നു.
ലോകകായിക മത്സരത്തില്‍ ഇന്ത്യം പ്രാതിനിധ്യം ഉറപ്പിക്കാറുണ്ട്. 1900ത്തിലാണ് ഇന്ത്യയുടെ ആദ്യ മെഡല്‍. 200 മീറ്റര്‍ സ്പ്രിന്റ്, 200 മീറ്റര്‍ ഹര്‍ഡില്‍സ് ഇനങ്ങളില്‍ രണ്ടാം സ്ഥാനം നേടി നോര്‍മന്‍ ഗില്‍ബര്‍ട്ട് പ്രിച്ചര്ഡ് ആദ്യ മെഡല്‍ സ്വന്തമാക്കിയത്. ഔദ്യോഗിക ടീമിനെ അയച്ചു തുടങ്ങിയ 1920 ല്‍ 6 പേര് ടീമില്‍ ഉള്‍പ്പെട്ടിരുന്നു. പൂര്‍മ ബാനര്‍ജിയാണ് ഈ ഒളിമ്പിക്സില്‍ പതാകയേന്തിയത്. കര്‍ണ്ണം മല്ലേശ്വരി ഭാരോദ്വഹനത്തില്‍ വെങ്കലം നേടി ആദ്യ ഇന്ത്യന്‍ വനിത ജോതാവായി മാറി. ഒളിമ്പിക്സ്ില് ഇന്ത്യ ഇതുവരെ 10 സ്വര്‍ണ്ണവും 9 വെള്ളിയും 16 വെങ്കലവും നേടിയിട്ടുണ്ട്. ഒളിമ്പിക്സില്‍ കേരളത്തിന്റെ പ്രാതിനിധ്യം സികെ ലക്ഷ്മണനില്‍ തുടങ്ങി പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന പിടി ഉഷയും പ്രകടനവും പിന്നിട്ട് ഹോക്കിയില്‍ പിആര്‍ ശ്രീജേഷിന്റെ മികവിലെത്തി നില്ക്കുന്നു.