
ആഗോള ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താന്‍ യുഎഇ പ്രതിജ്ഞാബദ്ധം: ശൈഖ് മുഹമ്മദ്
യഹ്യ തളങ്കരയുടെ വിമാന യാത്രാനുഭവ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു
ദുബൈ: കഴിഞ്ഞ ദിവസം ദുബൈ-മംഗലാപുരം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ടായ അനുഭവം പങ്കുവച്ച് യുഎഇയിലെ പ്രമുഖ വ്യവസായിയും ദുബൈ കെഎംസിസി ജനറല്‍ സെക്രട്ടറിയുമായ യഹ്യ തളങ്കര പോസ്റ്റ് ചെയ്ത ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു. ഭാര്യാസഹോദരന്‍ കാസര്‍കോട് തളങ്കരയിലെ ടിഎ ഹാഷിമിന്റെ ആകസ്മിക വിയോഗമറിഞ്ഞ് തിരക്കിട്ട് യാത്ര തിരിച്ച തനിക്ക് വിമാനയാത്രയിലുണ്ടായ അനുഭവമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ലെന്നും കാബിന് ഫുഡ് അധികമുണ്ടെങ്കില്‍ തരാമോ എന്നും എയര്‍ഹോസ്റ്റസിനോട് ചോദിച്ചപ്പോള്‍ ഇഡ്ഡലിയും വടയും എത്തിച്ചുകൊടുത്തു. ‘ഇത് കഴിക്കൂ’ എന്ന് അവര്‍ പറഞ്ഞപ്പോള്‍ ‘എത്ര രൂപയാണ് നല്‍കേണ്ടത്?’ എന്ന് യഹ്യ ചോദിച്ചു. ‘വേണ്ട, കാശൊന്നും തരേണ്ട. ഇത് എന്റെ സ്വന്തം ഭക്ഷണമാണ്. രാവിലെ തന്നെ ഒരു നല്ല കാര്യം ചെയ്യാന്‍ അവസരം തന്നതിന് നന്ദിയുണ്ട്’ എന്നായിരുന്നു അവരുടെ മറുപടി. ഈ വാക്കുകള്‍ കേട്ട് അത്ഭുതവും കൃതജ്ഞതയും കൊണ്ട് മനസ് നിറഞ്ഞതായും സ്നേഹവും കരുണയും വറ്റാത്ത ഹൃദയങ്ങളുള്ള മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ടെന്ന് ഓര്‍മിപ്പിക്കുന്ന ഒരനുഭവമായിരുന്നു അതെന്നും അദ്ദേഹം അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ന് ഉച്ചക്ക് 12:05ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കത 832 വിമാനത്തില്‍ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഞാന്‍. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. പ്രിയപ്പെട്ട ഹാഷിമിന്റെ മരണവാര്‍ത്തയുടെ ഞെട്ടലില്‍ അന്നം പോലും കഴിക്കാന്‍ തോന്നിയില്ല. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് ലഘുഭക്ഷണം വാങ്ങാന്‍ പോലും എനിക്ക് സാധിച്ചില്ല. ദുഃഖം ഒരു വശത്തും ആധി മറ്റൊരിടത്തും എന്ന അവസ്ഥയില്‍ വിശപ്പ് വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. എന്റെ സീറ്റിലേക്ക് പോകുമ്പോള്‍ എയര്‍ ഹോസ്റ്റസിനോട് വിനയപൂര്‍വം പറഞ്ഞു. ‘ഞാന്‍ രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല. കാബിന് ഫുഡ് അധികമുണ്ടെങ്കില്‍ തരാമോ? പൈസ തരാം’, എന്ന് ചോദിച്ചപ്പോള്‍ അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. ‘ഞാനൊന്ന് നോക്കട്ടെ’ എന്ന് മറുപടി നല്കി അവര്‍ പോയി. മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാര്‍ക്കെല്ലാം കാബിന് ഫുഡ് വിതരണം ചെയ്തതിനാല്‍ അധികമായി ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഞാന്‍ കരുതി.എന്റെ അളിയന്റെ മരണത്തിന്റെ ദുഃഖം ഞാന്‍ അടക്കിപ്പിടിച്ചപ്പോഴും,വിശപ്പ് അസഹനീയമായിരുന്നു.
അപ്രതീക്ഷിതമായി, ഞാന്‍ മുമ്പ് സംസാരിച്ച എയര്‍ ഹോസ്റ്റസ് ഒരു ട്രേയുമായി അടുത്തേക്ക് വന്നു. അവളുടെ പേര് അശ്വിന് എന്നോ അശ്വതി എന്നോ ആയിരുന്നു, അത് ഞാന്‍ മറന്നുപോയി. ആ ട്രേയില്‍ ഇഡ്ഡലിയും വടയുമുണ്ടായിരുന്നു. ‘ഇത് കഴിക്കൂ’ എന്ന് സ്നേഹത്തോടെയും വാത്സല്യത്തോടെയും അവര്‍ പറഞ്ഞു. ‘എത്ര രൂപയാണ് നല്‍കേണ്ടത്? ഞാന്‍ പൈസ തരാം’ എന്ന് ചോദിച്ചപ്പോള്‍ ആ ദയാലുവായ എയര്‍ ഹോസ്റ്റസ് നല്കിയ മറുപടി ‘വേണ്ട പൈസയൊന്നും തരേണ്ട, ഇത് എന്റെ സ്വന്തം ഭക്ഷണമാണ്. രാവിലെ തന്നെ ഒരു നല്ല കാര്യം ചെയ്യാന്‍ അവസരം തന്നതിന് നന്ദിയുണ്ട്’. ഞാന്‍ അത്ഭുതപ്പെട്ട് അവളെ നോക്കി. എന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര് ഒഴുകി. ഈ കഠിനമായ സമയത്തും സ്നേഹവും കരുണയും വറ്റാത്ത ഹൃദയങ്ങളുള്ള മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന ഒരനുഭവമായിരുന്നു അത്. ഒരു നിമിഷം അദ്ദേഹം വാക്കുകള്‍ കിട്ടാതെ അവളെ നോക്കിയിരുന്നു. ‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഹാഷിമിന്റെ മരണത്തിലുള്ള ദുഖവും അതോടൊപ്പം തന്റെ യാത്രയില്‍ ഉണ്ടായ അനുഭവക്കുറിപ്പ് പങ്കുവെച്ചതിലുള്ള നന്ദിയും അറിയിച്ചു എയര്‍ ഇന്ത്യ എക്സ്പ്രസ്സും ഈ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്.