കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ലണ്ടൻ: ഹിമാലയത്തിന്റെ 20000 അടി ഉയരത്തിൽ കുടുങ്ങിയ രണ്ടു വനിതാ പർവതാരോഹകർ മൂന്നു ദിവസത്തിനുശേഷം അത്യൽഭുതകരമായി രക്ഷപ്പെട്ടു. ബ്രിട്ടീഷ് വംശജയായ ഫെ മാനേഴ്സും യു.എസുകാരിയായ മിഷേൽ ഡ്വോറക്കുമാണ് മരണമുഖത്തെ അതിജീവിച്ചത്. ഹിമാലയത്തിലെ ഉത്തരേന്ത്യയിലെ ചൗഖംബ പർവതത്തിലാണിവർ കുടുങ്ങിയത്.
ജീവൻ അപകടത്തിലാഴ്ത്തിയ ‘ക്രൂരമായ’ സാഹചര്യങ്ങളെക്കുറിച്ച് അവർ സംസാരിച്ചു. ഭക്ഷണം, കൂടാരം, കയറാനുള്ള ഉപകരണങ്ങൾ എന്നിവ ഉയർത്തുന്ന കയർ പൊട്ടിയതോടെയാണ് കഷ്ടകാലം തുടങ്ങിയത്. ഇവരുടെ പക്കൽ അവശ്യസാധനങ്ങൾ ഒന്നുമില്ലാതെയായി. 20,000 അടിയിൽ (6,096 മീറ്റർ) കൂടുതൽ ഉയരത്തിൽ ഒരു അടിയന്തര സന്ദേശം ഇരുവരും അയച്ചെങ്കിലും രക്ഷാപ്രവർത്തനം നടത്താനിറങ്ങിയ സംഘങ്ങൾക്ക് ആദ്യം അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തകർ കണ്ടുമുട്ടുന്നതിനുമുമ്പ് ഇവർ ഒറ്റക്ക് ഇറങ്ങാൻ ശ്രമിച്ചതാണ് ജീവിതത്തിലേക്കുള്ള യാത്രയിൽ നിർണായകമായത്.
ബുദ്ധിമുട്ടുള്ള കയറ്റങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ പർവതാരോഹകയാണ് മാനേഴ്സ്. ഫ്രാൻസിലെ ചമോനിക്സിൽ ആണ് താമസം. അവശ്യവസ്തുക്കൾ കരുതിയ ബാഗുകൾ വലിച്ചുകയറ്റുന്നതിനിടെ കയർ ഒരു പാറയിൽ തട്ടി മുറിഞ്ഞു. ബാഗുകൾ താഴേക്ക് പതിക്കുന്നത് ഞാൻ നിരാശയോടെ കണ്ടു. വരാനിരിക്കുന്നതിന്റെ അനന്തരഫലങ്ങൾ എനിക്ക് പെട്ടെന്ന് മനസ്സിലായി -മാനേഴ്സ് പറഞ്ഞു.
‘ഞങ്ങളുടെ പക്കൽ സുരക്ഷാ ഉപകരണങ്ങളൊന്നും ശേഷിച്ചിരുന്നില്ല. ടെന്റില്ല. വെള്ളത്തിനായി മഞ്ഞ് ഉരുക്കാൻ അടുപ്പില്ല. രാത്രിയിലേക്ക് ചൂടു പകരുന്ന വസ്ത്രങ്ങളില്ല. ബേസ് ക്യാമ്പിലേക്ക് മടങ്ങാനുള്ള ഞങ്ങളുടെ ഐസ് കോടാലികളും ക്രാമ്പണുകളും എല്ലാം നഷ്ടപ്പെട്ടിരുന്നു. ഇരുട്ടിൽ നീങ്ങാൻ ഹെഡ് ടോർച്ചും ഇല്ല. അടിയന്തര സേവനത്തിനായി ഒരൊറ്റ വാചകത്തിൽ സന്ദേശം അയക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇതാണ് തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും കാരണമായത്.
പർവതനിരയിൽ കുടുങ്ങിയ സ്ത്രീകളെ കണ്ടെത്താൻ ഹെലികോപ്ടർ പലതവണ ശ്രമിച്ചെങ്കിലും കാലാവസ്ഥ മോശമായിരുന്നു. മഞ്ഞു പെയ്യാൻ തുടങ്ങിയപ്പോൾ സ്ത്രീകൾ തങ്ങളുടെ പക്കലുള്ള ഒരേയൊരു സ്ലീപ്പിംഗ് ബാഗ് പങ്കിട്ട് കിടന്നു. ‘എനിക്ക് അതികഠിനമായ തണുപ്പ് അനുഭവപ്പെട്ടു. നിരന്തരം വിറക്കുന്നുണ്ടായിരുന്നു. ഭക്ഷണത്തിന്റെ അഭാവം മൂലം ശരീരത്തിന് ചൂട് നിലനിർത്താനുള്ള ഊർജ്ജം ഇല്ലാതായി’ – മാനേഴ്സ് വിവരിച്ചു.
അടുത്ത ദിവസം രാവിലെ ഒരു ഹെലികോപ്ടർ എത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. വിജനമായ മഞ്ഞുമലയിൽ 24 മണിക്കൂറിനെക്കൂടി രണ്ടുപേരും അഭിമുഖീകരിച്ചു. ‘അവർ ഞങ്ങളെ രക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ സാഹചര്യം ‘ക്രൂര’മായിരുന്നു. മോശം കാലാവസ്ഥ, മൂടൽമഞ്ഞ്, അത്യുയരം, പർവത മുഖം വളരെ വിശാലമായതിനാൽ അവർക്ക് ഞങ്ങളെ കണ്ടെത്താനേ കഴിഞ്ഞില്ല -മാനേഴ്സ് വിശദീകരിച്ചു.
അവിടെനിന്ന് താഴേക്ക് അൽപം നീങ്ങിയ ശേഷം ഉരുകുന്ന മഞ്ഞുപാളികളിൽനിന്ന് കുപ്പികളിൽ കുറച്ച് വെള്ളം പിടിക്കാൻ ശ്രമിച്ചു. അന്നത്തെ ഉച്ചയിലും രണ്ടാം രാത്രിയിലെ കൊടുംതണുപ്പിലും ഭക്ഷണമില്ലാതെ ആ വെള്ളം കൊണ്ടു മാത്രം ഞങ്ങൾ അതിജീവിച്ചു. ഹെലികോപ്ടർ വീണ്ടും മുകളിലൂടെ പറന്നുപോയി. ഞങ്ങളെ അവർക്ക് കാണാൻ കഴിഞ്ഞില്ല. ഞങ്ങളുടെ പ്രതീക്ഷയറ്റു. ഹെലികോപ്ടറിന് സഹായിക്കാനാവാത്തതിനാൽ സ്വയം ഇറങ്ങാനുള്ള ശ്രമം നടത്താമെന്നായി.
അങ്ങനെ രണ്ടാം പ്രഭാതത്തിൽ, ദുർബലമായ അവസ്ഥയിൽ അവർ കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളിൽനിന്ന് ജാഗ്രതയോടെ ഇറങ്ങാൻ തുടങ്ങി. കയറ്റത്തിന്റെ ആദ്യഘട്ടങ്ങളിൽ ഇരുവരും നാവിഗേറ്റ് ചെയ്യേണ്ട തന്ത്രപ്രധാനമായ ഭൂപ്രദേശത്തിന്റെ ഫോട്ടോകൾ എടുത്തിരുന്നു. അതിനനുസരിച്ച് നീങ്ങവെ അവർ തങ്ങളുടെ അടുത്തേക്ക് വരുന്ന ഫ്രഞ്ച് പർവതാരോഹകരുടെ ഒരു സംഘത്തെ കണ്ടു. ഇവരുടെ അവസ്ഥയെക്കുറിച്ച് കേട്ട സംഘം സഹായസന്നദ്ധരായി. അവർ തങ്ങളുടെ ഉപകരണങ്ങളും ഭക്ഷണവും സ്ലീപ്പിംഗ് ബാഗുകളും പങ്കിടുകയും രക്ഷാപ്രവർത്തകർക്ക് എത്താനാവുന്ന കൃത്യമായ സ്ഥലത്തേക്ക് നീങ്ങി ഹെലികോപ്ടറുമായി ബന്ധപ്പെടുകയും ചെയ്തു.
അതിജീവിക്കുമെന്ന് തിരിഞ്ഞറിഞ്ഞ നിമിഷം ആശ്വാസത്തോടെ കരഞ്ഞുവെന്ന് മാനേഴ്സ് പറഞ്ഞു. ക്രാമ്പണുകളും ഐസ് ആക്സുകളും ഇല്ലാതെ അസാധ്യമാംവിധം കുത്തനെയുള്ള ഹിമാനികൾ മറികടക്കാൻ അവർ ഞങ്ങളെ സഹായിച്ചു. ഞങ്ങൾ ഒന്നുകിൽ ആ തണുപ്പിൽ മരവിച്ച് മരിക്കുമായിരുന്നു. അതല്ലെങ്കിൽ ശരിയായ ഉപകരണങ്ങളില്ലാതെ കുത്തനെയുള്ള ഹിമാനികൾ മുറിച്ചുകടക്കാൻ ശ്രമിച്ച് അപകടത്തിലേക്ക് പതിക്കുകയോ ചെയ്യുമായിരുന്നു. ഇനി,ഹെലികോപ്ടർ ആ വഴിയിൽ ഞങ്ങളെ കണ്ടെത്തുമായിരുന്നോ- അവർ സ്വയമെന്നോണം ചോദിച്ചു.
2022ൽ മൗണ്ട് ബ്ലാങ്കിലെ ഗ്രാൻഡ് ജോറാസസിന്റെ തെക്കൻ പർവതത്തിൽ നേരിട്ട് കയറിയ ആദ്യ വനിതയാണ് മാനേഴ്സ്. കഴിഞ്ഞ വർഷം പാക്കിസ്താനിലെയും ഗ്രീൻലാൻഡിലെയും കൊടുമുടികൾ അവർ വിജയകരമായി കീഴടക്കി. പർവതാരോഹണം ഒരു ഹോബിയായി പിന്തുടരാൻ സ്ത്രീകളെ പ്രചോദിപ്പിക്കാനുള്ള തന്റെ അഭിലാഷത്തെക്കുറിച്ച് മാനേഴ്സ് വിവരിച്ചു. കയർ പൊട്ടിയ സംഭവം നിർഭാഗ്യകരവും അത്യപൂർവവുമാണെന്ന് മാനേഴ്സ് പറഞ്ഞു. എല്ലാത്തിനും ഒടുവിൽ ഉറങ്ങാൻ കഴിയാത്തവിധം ക്ഷീണിതയായെന്നും മാനസികമായി തകർന്നുപോയെന്നും അവർ വിവരിച്ചു.