
ദുബൈയില്‍ പുതിയ പൊതുജനാരോഗ്യ നിയമം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
സ്ത്രീകള്‍ നിക്ഷേപിച്ചത് 118 ബില്യണ്‍ ദിര്‍ഹം; ആകെ നിക്ഷേപത്തിന്റെ 34%
ദുബൈ: ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് 2024ല്‍ 50,979ലധികം പ്രോപ്പര്‍ട്ടി ഇടപാടുകളിലൂടെ വനിതാ നിക്ഷേപകര്‍ 118 ബില്യണ്‍ ദിര്‍ഹം നിക്ഷേപിച്ചതായി ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റിലെ (ഡിഎല്‍ഡി) റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് സെക്ടര്‍ സിഇഒ മാജിദ അലി റാഷിദ് പറഞ്ഞു. നിലവില്‍ ദുബൈയിലെ മൊത്തം റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരുടെ 34 ശതമാനവും സ്ത്രീകളാണ്. ഇത് ദീര്‍ഘകാല,സ്ഥിരതയുള്ള നിക്ഷേപത്തിലേക്കുള്ള വര്‍ധിച്ചുവരുന്ന പ്രവണതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് മാജിദ ദേശീയ മാധ്യമ ഏജന്‍സിയോട് പറഞ്ഞു.
സ്ത്രീകള്‍ക്ക് മികച്ച കാഴ്ചപ്പാടും നേതൃത്വപരമായ കഴിവുകളുമുണ്ടെന്നും റിയല്‍ എസ്റ്റേറ്റ് വിപണിയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ അവരെ പ്രധാന പങ്കാളികളായി മാറ്റിയെടുത്തിട്ടുണ്ടെന്നും ഡി 33 സാമ്പത്തിക അജണ്ടക്കും ദുബൈ റിയല്‍ എസ്റ്റേറ്റ് സ്ട്രാറ്റജി 2033നും കീഴില്‍ ദുബൈയുടെ സാമ്പത്തിക,സാമൂഹിക ലക്ഷ്യങ്ങളിലേക്കും സ്ത്രീകള്‍ സംഭാവന നല്‍കുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
നിക്ഷേപ പ്രോത്സാഹനങ്ങള്‍,ഉപദേശക സേവനങ്ങള്‍,നേതൃസ്ഥാനങ്ങളില്‍ വര്‍ധിച്ച പ്രാതിനിധ്യം എന്നിവയിലൂടെ റിയല്‍ എസ്റ്റേറ്റില്‍ സ്ത്രീകളെ പിന്തുണയ്ക്കുന്ന നയങ്ങള്‍ വികസിപ്പിക്കുന്നതിലാണ് വരുംകാലം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും മാജിദ പറഞ്ഞു.
സ്ത്രീകളെ കൂടുതല്‍ ശാക്തീകരിക്കുന്നതിനായി, ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് നിരവധി സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 1,000ത്തിലധികം സ്ത്രീകളെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ച ‘റിയല്‍ എസ്റ്റേറ്റ് എംപവര്‍മെന്റ് പ്രോഗ്രാം’, ബ്രോക്കറേജില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിച്ച ‘ദുബൈ റിയല്‍ എസ്റ്റേറ്റ് ബ്രോക്കേഴ്സ് പ്രോഗ്രാം’ എന്നിവ ഉള്‍പ്പെടുന്നു.ധനസഹായ പരിഹാരങ്ങള്‍, പരിശീലന പരിപാടികള്‍,സ്ത്രീകള്‍ നയിക്കുന്ന സംരംഭകത്വത്തിനുള്ള പിന്തുണ എന്നിവ ഉപയോഗിച്ച് മികച്ച നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വകുപ്പ് പ്രവര്‍ത്തിക്കുന്നു.
നിക്ഷേപത്തിനപ്പുറം കുടുംബ തീരുമാനമെടുക്കലിലും സാമ്പത്തിക സ്ഥിരതയിലും സ്ത്രീകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. തന്ത്രപരമായ റിയല്‍ എസ്റ്റേറ്റ് തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ത്രീകളുടെ ആത്മവിശ്വാസവും കഴിവുകളും വര്‍ധിപ്പിക്കുന്നതിന് ഡിഎല്‍ഡി ബോധവത്കരണ പരിപാടികള്‍ സജീവമാക്കിയിട്ടുണ്ട്.