കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ഷാര്ജ : ഇവന്റ് ഫെസ്റ്റിവല് നഗരി സജീവം. അല് മജാസ് ആംഫി തിയേറ്ററിലെ ശൈത്യ രാവുകള്ക്ക് വിജ്ഞാന,വിനോദ കാഴ്ചകളുടെ ആഘോഷത്തിളക്കം. ഖാലിദ് ലഗൂണ് കോര്ണീഷ് റോഡില് നിന്നും 200 മീറ്ററോളം മാറി ജല മധ്യത്തിലാണ് അല് മജാസ് ആംഫി തിയേറ്റര്. വര്ണ വെളിച്ചത്തില് കുളിച്ച്,വെള്ളപ്പരപ്പില് ഒഴുകി നടക്കുന്നതായി തോന്നുംവിധം മനോഹരമായ മജാസ് ആംഫി തിയേറ്ററിലെ ഇവന്റ് ഫെസ്റ്റിവല് വിദ്യാര്ത്ഥികളുടെ അറിവോത്സവമാണ്. ഷാര്ജ ഉപഭരണാധികാരിയും മീഡിയ കൗണ്സില് ചെയര്മാനുമായ ശൈഖ് സുല്ത്താന് ബിന് അഹമ്മദ് ബിന് സുല്ത്താന് അല് ഖാസിമി നാലാമത് ഷാര്ജ ഇവന്റ്സ് ഫെസ്റ്റിവല് ഉദ്ഘാടനം ചെയ്തു. ‘ആഘോഷങ്ങള്ക്കൊപ്പം തിളങ്ങുന്നു’ എന്ന പ്രമേയത്തില് ആരംഭിച്ച ഫെസ്റ്റിവല് ഉദ്ഘാടന ചടങ്ങില് നിരവധി പ്രമുഖര് പങ്കെടുത്തു.
വൈവിധ്യമാര്ന്ന പ്രദര്ശനങ്ങളും വ്യത്യസ്തമായ മത്സരങ്ങളും ഇവന്റ് ഫെസ്റ്റിവല് നഗരിയിലേക്ക് വന് തോതില് കുടുംബങ്ങളെ ആകര്ഷിക്കുകയാണ്. വിദ്യാര്ഥികളുടെ നിറഞ്ഞ പങ്കാളിത്തമാണ് മിക്ക പരിപാടികളിലും. ലാന്ഡ് പാഡ്ലിങ് മത്സരം,പാവ ഷോകള്,ബലൂണ് പ്രദര്ശനം,ചെയര് ബാലന്സ് ചലഞ്ച് എന്നിവയും വിദ്യാഭ്യാസവുമായി ആസ്വാദനത്തെ സമന്വയിപ്പിക്കുന്ന ഇന്ററാക്ടീവ് ഗെയിമുകളും ഇവന്റ് ഫെസ്റ്റിവലിനെ ജനകീയമാക്കുന്നു. സ്വദേശികളും വിദേശികളും ഒരുപോലെ പരിപാടികള് ആസ്വദിക്കാനെത്തിയുട്ടുണ്ട്.
വേദിയില് ദിവസവും വൈവിധ്യമാര്ന്ന പ്രകടനങ്ങളാണ് നടക്കുന്നത്. എല്ലാ പ്രായക്കാര്ക്കും ആസ്വാദ്യകരമാകും വിധം ആവിഷ്കരിച്ച 50 വിനോദ വിജ്ഞാന പരിപാടികളാണ് അരങ്ങേറുന്നത്. മത്സരങ്ങളും ഗെയിമുകളും സംവേദനാത്മക ഷോകളും വിദ്യാര്ഥികള് സംവിധാനം ചെയ്ത സിനിമകളുടെ പ്രദര്ശനവും ഫെസ്റ്റിവല് നഗരിയെ വിത്യസ്തമാക്കുന്നു. നാളെ അര്ധരാത്രിയോടെ ഇവന്റ് ഫെസ്റ്റിവലിന്റെ നാലാമത് എഡിഷന് തിരശ്ശീല വീഴും.