ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : മലനാടിനുണ്ടായ ദുരന്തം ഗള്‍ഫ് നാടുകളിലും തേങ്ങലായി. ഇന്നലെ പ്രവാസം ലോകം ഉണര്‍ന്നത് വയനാടിനെ നടുക്കിയ ദുരന്ത വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. പിന്നീടുള്ള ഓരോ നിമിഷം കഴിയുംതോറും ദുരന്തത്തിന്റെ വ്യാപ്തി കൂടിവന്നതോടെ പ്രവാസികളാകെ അങ്കലാപ്പിലായി. അടുത്ത കാലത്തൊന്നും കേരളം അനുഭവിച്ചിട്ടില്ലാത്ത മലവെള്ളപ്പാച്ചിലായിരുന്നു വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത്. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ രണ്ടായി പിളര്‍ത്തി മലവെള്ളം പാഞ്ഞെത്തിയപ്പോള്‍ ഇല്ലാതായത് നൂറ് കണക്കിന് മനുഷ്യജീവനുകളായിരുന്നു. ഒരു പ്രദേശമാകെ മണ്ണിനടിയിലേക്ക് പോയ അതിഭയാനകമായ അവസ്ഥ കേരളത്തെ ഞെട്ടിച്ചു. തുടര്‍ന്ന് കേരളത്തിന്റെ മനസ്സ് മുഴുവനും വയനാട്ടിലായിരുന്നു. പ്രവാസ ലോകത്തേക്കും തിരിച്ചും ഫോണ്‍ വിളികളുടെ തിരക്കായിരുന്നു. എല്ലാം തകര്‍ത്തെറിഞ്ഞ വയനാട്ടിലേക്കുള്ള ടെലികമ്യൂണിക്കേഷന്‍ സംവിധാനവും താറുമാറായിരുന്നു. വയനാട്ടുകാരായ നിരവധി പ്രവാസികള്‍ എല്ലാ ഗള്‍ഫ് നാടുകളിലും ജോലി ചെയ്യുന്നുണ്ട്. സ്കൂളുകള്‍ക്ക് അവധിയായതിനാല്‍ പലരും നാട്ടില്‍ തന്നെയുണ്ട്. മലവെള്ളപ്പാച്ചിലില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട നിരവധി പ്രവാസികളുണ്ടെന്നാണ് മനസ്സിലാവുന്നത്. ദുരന്തത്തിന്റെ വ്യാപ്തിയും എത്രപേരുടെ ജീവന് പൊലിഞ്ഞെന്നും കൃത്യമായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ഒരു പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട് കിടക്കുകയാണ്. വയനാടിനെയോര്‍ത്ത് തേങ്ങുകയാണ് ഗള്‍ഫിലെ മലയാളി പ്രവാസികള്‍. യുഎഇ, സൗദി, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെല്ലാം ഒട്ടേറെ വയനാട്ടുകാര്‍ ജോലി ചെയ്യുന്നു. ഇവരെല്ലാം സംഭവമറിഞ്ഞതുമുതല്‍ പ്രാര്‍ഥനയിലാണ്, ഉറ്റവര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി. ഇവരില്‍ പലരുടെയും കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പ്രകൃതിദുരന്തം ബാധിച്ചിട്ടുണ്ട്. പുത്തുമല ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും പൂര്‍ണമായും മുക്തി പ്രാപിക്കുന്നതിന് മുമ്പാണ് തൊട്ടടുത്ത് പ്രദേശത്ത് അതിഭയാനകമായ ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്. വയനാടിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും ആശ്വസിപ്പിക്കാനുമായി പ്രവാസികള്‍ ഒരുക്കിലാണ്. പ്രളയകാലത്ത് കേരളത്തിന് താങ്ങായി നിന്ന പ്രവാസി സമൂഹം മുഴുവനായും വയനാടിന് താങ്ങായി മാറുമെന്നതില്‍ സംശയമില്ല. എന്നിരുന്നാലും നഷ്ടപ്പെട്ടവരെ ഓര്‍ത്തുള്ള തേങ്ങലുകള്‍ അടങ്ങുന്നില്ല.