
‘പൊടി മൂടി’ യുഎഇ; ഇന്നും സാധ്യത
അബുദാബി: കാലാവസ്ഥാ മാറ്റത്തില്‍ ഇന്നലെ ‘പൊടി മൂടി’ യുഎഇ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷം പൊടി മൂടിയതിനാല്‍ വാഹന ഗതാഗതത്തിനും താമസക്കാ ര്‍ക്കും പൊലീസും എന്സിഎമ്മും മുന്നറിയിപ്പ് നല്കി. രാത്രിയായതോടെ ആകാശം സര്‍വം പൊടിമയമായിരുന്നു. മുമ്പിലേക്ക് കാഴ്ച മറക്കും വിധം കനത്ത പൊടി മൂടിയതിനാല്‍ പലയിടത്തും വാഹന ഗാതഗതം നിലച്ചു. അന്തരീക്ഷത്തില്‍ രാത്രി വൈകിയും ഇതേ അവസ്ഥ തുടരുകയാണ്. രാജ്യത്തിന്റെ ഭൂരിഭാഗവും പ്രദേശങ്ങളിലും അന്തരീക്ഷം പൊടിപടലങ്ങള്‍ നിറഞ്ഞതും മൂടല്‍മഞ്ഞുമായിരുന്നു. ഇതേതുടര്‍ന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പൊടിക്കാറ്റിനെ കുറിച്ച് താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി.
ഇന്നലെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുകയും ചില തീരദേശ,പടിഞ്ഞാറന്‍ ഉള്‍പ്രദേശങ്ങളില്‍ പൊടിയും മണലും തങ്ങിനില്ക്കുകയും ചെയ്യുമെന്ന് എന്‍സിഎം മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരശ്ചീന ദൃശ്യപരത ചിലപ്പോള്‍ 3,000 മീറ്ററില്‍ താഴെയായി കുറയുമെന്നും കാലാവസ്ഥാ അതോറിറ്റി മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. ഇന്ന് പകല്‍ ഭാഗികമായി മേഘാവൃതവും ചില സമയങ്ങളില്‍ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നേരിയ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇത് പൊടി നിറഞ്ഞതും മണല്‍ നിറഞ്ഞതുമായിരിക്കും. ചിലപ്പോള്‍ ദൃശ്യപരത കുറയ്ക്കുമെന്നും എന്‍സിഎം മുന്നറിയിപ്പ് നല്കി. രാജ്യത്ത് ഇന്നത്തെ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അബുദാബിയില്‍ ഇന്നലെ 35 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 34ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ഉയര്‍ന്ന താപനില.