
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ : യുഎഇയില്‍ ടെലിമാര്‍ക്കറ്റിങ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കതിരെ നിയമം കര്‍ശനമാക്കുന്നു. ഇത്തരത്തില്‍ നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി 8,55,000 ദിര്‍ഹം പിഴ ചുമത്തിയതായി ടെലികമ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കളെ അനാവശ്യമായി ഫോണില്വിളിക്കുന്നത് ഒഴിവാക്കാനും രാജ്യത്തെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്താനും ലക്ഷ്യമിട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് ടെലിമാര്‍ക്കറ്റിങ് നിയന്ത്രണങ്ങള്‍ നിലവില്‍വന്നത്. സ്ഥാപനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറുകളില്‍ നിന്നല്ലാതെ വ്യക്തികളുടെ പേരിലുള്ള നമ്പറുകളില്‍ നിന്ന് ഉപഭോക്താക്കളെ വിളിക്കരുതെന്നാണ് നിയമം. രാവിലെ ഒമ്പതിനും വൈകീട്ട് ആറിനുമിടയില്‍ മാത്രമേ ഉപഭോക്താക്കളെ ഫോണില്‍ വിളിക്കാന്‍ പാടുള്ളൂ.ആദ്യ ഫോണ്‍വിളിയില്‍ തന്നെ നിശ്ചിത സേവനമോ ഉത്പന്നമോ ഉപഭോക്താവ് നിരസിച്ചാല്‍ വീണ്ടും വിളിക്കരുത്. ദിവസം ഒന്നില്‍ കൂടുതല്‍ തവണ ഒരാളെ വിളിക്കരുതെന്നും നിയമമുണ്ട്. ടെലിമാര്‍ക്കറ്റിങ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 1,50,000 ദിര്‍ഹംവരെ പിഴയും കൂടാതെ ഒരു വര്‍ഷത്തേക്ക് സ്ഥാപനത്തിന്റെ അനുമതി റദ്ദാക്കല്‍,വാണിജ്യ രജിസ്റ്ററില്‍നിന്ന് നീക്കംചെയ്യല്‍, ടെലികമ്യൂണിക്കേഷന്‍ സേവനങ്ങള്‍ നല്കാതിരിക്കല് തുടങ്ങിയ കര്‍ശനനടപടികളും നേരിടേണ്ടിവരുമെന്ന് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.