കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ ജോ ബൈഡൻ ഒഴിയുന്ന വൈറ്റ് ഹൗസിലേക്ക് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണാൾഡ് ട്രംപാണോ? ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസാണോ ആരെത്തുമെന്ന് ഉറ്റു നോക്കുകയാണ് ലോകം. അതിനു കാരണം യു.എസ് സ്വീകരിക്കുന്ന നയങ്ങൾ ലോകത്തെയാകെ സ്വാധീനിക്കുമെന്നതിനാലാണ്. അഭിപ്രായ സർവേകളിൽ ട്രംപ് നേരിയ മുൻതൂക്കം പുലർത്തുന്നുണ്ടെങ്കിലും സാധ്യത ഒപ്പത്തിനൊപ്പമെന്നാണ് ഒടുവിലെ റിപ്പോർട്ടുകൾ. യുഎസ് സാമ്പത്തികസ്ഥിതി, ജോ ബൈഡന് ഭരണകൂടത്തിന്റെ നയങ്ങള്‍, കുറ്റകൃത്യങ്ങൾ, ഗസ്സ യുദ്ധം, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കല്‍ സൈന്യത്തിന്റെ പിന്മാറ്റം, കുടിയേറ്റം, ഗര്‍ഭഛിദ്രം തുടങ്ങിയ വിവിധ വിഷയങ്ങളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സാധ്വീനിക്കുന്ന പ്രധാന ഘടകങ്ങൾ.
അനധികൃത കുടിയേറ്റക്കാരെ തിരച്ചയക്കുമെന്നാണ് തദ്ദേശവാദികൾക്ക് ട്രംപ് കൊടുത്ത ഏറ്റവും പ്രിയപ്പെട്ട വാഗ്ദാനങ്ങളിലൊന്ന്. എന്നാൽ, ജീവിതച്ചെലവ് കുറയ്ക്കാന്‍ പ്രവര്‍ത്തിക്കുമെന്നാണ് കമലയുടെ വാഗ്ദാനം. ഫലസ്തീനിലും ലെബനാനിലും അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ നടത്തിവരുന്ന വംശഹത്യ അമേരിക്കൻ പ്രസിഡന്റ് ഇലക്ഷനിൽ കാര്യമായ ചർച്ചാവിഷയമാണ്. പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നതിൽ യു.എസ് നയങ്ങൾ ഏറെ പ്രധാനമാണ് എന്നത് തന്നെയാണ് അതിന്റെ കാരണം. എന്നാൽ ഏത് ഭരണകൂടം വന്നാലും ഏത് സ്ഥാനാർഥി വിജയിച്ചാലും പശ്ചിമേഷ്യയിലെ യു.എസിന്റെ നയപരമായ മേഖലകൾ അതേപടി നിലനിൽക്കുമെന്ന് മാത്രമല്ല ഇസ്രായേലിനുളള പിന്തുണയ തുടരുമെന്നും, ബില്യൺ കണക്കിന് ഡോളർ സെെനീക സഹായങ്ങൾ നൽകുന്നതിനും ആയുധങ്ങൾ സാങ്കേതിക വിദ്യകളും അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ നൽകുന്നതിലും മാറ്റമുണ്ടായേക്കില്ല.
വീഡിയോ കാണാം
എന്നാൽ തെരഞ്ഞെടുപ്പിന് വിധിയെഴുതാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ അറബ് വംശജരായ വോട്ടർമാർ എന്ത് തീരുമാനമെടുക്കുമെന്നാണ് പാർട്ടികൾ ഉറ്റുനോക്കുന്നത്. ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് എല്ലാ പിന്തുണയും നൽകുന്ന നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. മറുഭാഗത്ത് അതിലും തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്ന ഡൊണാൾ ട്രംപും. ഇതിനിടെ എന്ത് നിലപാട് തങ്ങൾ സ്വീകരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് അറബ് വംശജർ. അറബ് വംശജരുടെ വോട്ട് നിർണായകമായ സംസ്ഥാനമാണ് മിഷിഗൺ. ‘അറബ് അമേരിക്ക’ എന്നാണ് മിഷിഗൺ അറിയപ്പെടുന്നത്. അതിനാൽ തന്നെയാണ് മിഷിഗണിൽ നടന്ന അവസാന റാലികളിലൊന്നിൽ ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കമല ഹാരിസ് എടുത്ത് പറഞ്ഞത്.
വിനാശകരമായ ആക്രമണമാണ് ഗസ്സയില്‍ നടക്കുന്നത്. അധികാരത്തിലെത്തിയാൽ ഗസ്സ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. ബന്ദികളെ സുരക്ഷിതമായി തിരിച്ചെത്തിക്കും. ഇസ്രായേലിന്റെ സുരക്ഷയും ഫലസ്തീന് ജനതയുടെ ആത്മാഭിമാനും സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുമെന്ന് കമല പറഞ്ഞു.
എന്നാൽ ഇറാനുമായി ഏറ്റുമുട്ടണമെന്ന നിലപാടാണ് ട്രംപ് പലപ്പോഴായി സ്വീകരിച്ചത്. നോർത്ത് കരോളിനയിലെ പ്രചാരണ പരിപാടിയിൽ ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണമെന്ന് ഇസ്രായേലിനോട് ട്രംപ് പറഞ്ഞത് അതിനുദാഹരണമാണ്. ബൈഡൻ ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിന് എതിരായ നിലപാട് സ്വീകരിക്കുമ്പോഴാണ് ട്രംപ് ഇതിനെ അനുകൂലിച്ചത്. ഇറാൻ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ പിന്തുണക്കില്ലെന്ന് ബൈഡൻ വ്യക്തമായിരുന്നു.
എന്നാൽ വംശഹത്യ അവസാനിപ്പിക്കാൻ ഇരു സ്ഥാനാർഥികളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നാണ് ഫലസ്തീൻ കുടിയേറ്റക്കാരായ പലരുടെയും അഭിപ്രായം. അതേസമയം ഗസ്സ വംശഹത്യയിൽ തുല്യ ദുഃഖിതരാണെങ്കിലും തെരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നതിൽ ഏകകണ്ഠമായ അഭിപ്രായത്തിലെത്താൻ അറബ് അമേരിക്കക്കാർക്ക് കഴിയുന്നില്ല. കഴിഞ്ഞ തവണ അറബ് വംശജരുടെ കേന്ദ്രമായ ഡിയർബോണിൽ 80 ശതമാനം വോട്ടും നേടിയത് ജോ ബൈഡനായിരുന്നു. മിഷിഗണിൽ അദ്ദേഹത്തിന്റെ വിജയത്തിൽ നിർണായകമായതും ഇതാണ്. എന്നാൽ ഇത്തവണ വോട്ടെടുപ്പ് ബഹിഷ്ക്കരിക്കണമെന്ന് പറയുന്നവരും ട്രംപാണ് കൂടുതൽ സത്യസന്ധനെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ട്രംപിനെയും കമലയെയും ഒഴിവാക്കി ഗ്രീൻ പാർട്ടിയെ പിന്തുണയ്ക്കണമെന്ന് പറയുന്നവർക്കാണ് ഭൂരിപക്ഷമെന്നാണ് വിലയിരുത്തപ്പെടുന്നത്.