
അബുദാബി ഗ്രാന്റ് കിങ്ഫിഷ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത് 2,100 മത്സ്യത്തൊഴിലാളികള്‍
മേപ്പാടി : തിരിച്ചറിയപ്പെടാതെപോയ 88 ശരീരഭാഗങ്ങൾ, തിരിച്ചറിയാത്ത എട്ടുമൃതദേഹങ്ങൾ… സർവമതപ്രാർഥനയ്ക്കുശേഷം അടക്കംചെയ്യുമ്പോൾ കണ്ടുനിന്നവരുടെ കണ്ണീർ പുഴപോലെയൊഴുകി. അടക്കിപ്പിടിച്ച വിങ്ങലുകൾ തേങ്ങലായി ഉയർന്നു.
ചാലിയാറിൽനിന്നും ചൂരൽമലയുൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്നുമായി ലഭിച്ച മൃതദേഹഭാഗങ്ങളാണ് സംസ്കരിച്ചത്. ഞായറാഴ്ച രാത്രി ഒൻപതേമുക്കാലോടെയാണ് മേപ്പാടിയിൽനിന്ന് മൃതദേഹങ്ങളുമായി ആംബുലൻസുകൾ എത്തിയത്. അജ്ഞാതരായി കണക്കാക്കി ഡി. എൻ.എ. പരിശോധനയ്ക്കായി സാംപിൾ എടുത്തശേഷമായിരുന്നു സംസ്കാരം. ഒൻപത് മൃതദേഹങ്ങൾ സംസ്കരിക്കാനായിരുന്നു ഒരുക്കം. എന്നാൽ, ഒരു മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെ വിട്ടുകൊടുത്തു. എല്ലാ മൃതദേഹങ്ങൾക്കും തിരിച്ചറിയൽ നമ്പർ നൽകും. കുഴിമാടങ്ങളിൽ ഡി.എൻ.എ. നമ്പറും പ്രദർശിപ്പിക്കും.
ഹാരിസൺ മലയാളം കമ്പനിയിൽനിന്ന് സംസ്കാരത്തിനുമാത്രമായി ഭൂമിയേറ്റെടുക്കുകയായിരുന്നു. മേപ്പാടി വലിയ ജുമാഅത്ത് പള്ളി ഖത്തീബ് മുസ്തഫ ഫൈസി, ചൂരൽമല സെയ്ന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജിബിൻ വട്ടുകുളത്തിൽ, മാരിയമ്മൻ ക്ഷേത്രം പ്രതിനിധി കെ. കുട്ടൻ എന്നിവർ സർവമതപ്രാർഥനയ്ക്കും കർമങ്ങൾക്കും നേതൃത്വംനൽകി.