
ആദ്യ ഔദ്യോഗിക സന്ദര്‍ശനം: ശൈഖ് ഹംദാന്‍ ഇന്നും നാളെയും ഇന്ത്യയില്‍
അബുദാബി: കഴിഞ്ഞ വര്‍ഷം ഹോട്ടല്‍ മേഖലയില്‍ യുഎഇയുടെ വരുമാനം ഏകദേശം 45 ബില്യണ്‍ ദിര്മെന്ന് സാമ്പത്തിക മന്ത്രിയും എമിറേറ്റ്സ് ടൂറിസം കൗണ്‍സില്‍ ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി. ഓരോ വര്‍ഷവും മൂന്നു ശതമാനം വളര്‍ച്ചയാണ് മേഖലയില്‍ രേഖപ്പെടുത്തുന്നതെന്നും മന്ത്രി അല്‍ മാരി പറഞ്ഞു. രാജ്യത്തെ ഹോട്ടല്‍ താമസ നിരക്കുകളും കഴിഞ്ഞ വര്‍ഷം 78 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ഇത് പ്രാദേശികമായും ആഗോളതലത്തിലും ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങാണ്. കഴിഞ്ഞ ഏഴ് എമിറേറ്റുകളിലുമായി 16 പുതിയ ഹോട്ടലുകള്‍ തുറന്നതാണ് വളര്‍ച്ചയ്ക്ക് സഹായകമായത്. ഇതോടെ കഴിഞ വര്‍ഷാവസാനത്തോടെ രാജ്യത്തെ മൊത്തം ഹോട്ടലുകളുടെ എണ്ണം 1,251 ആയി. കൂടാതെ, ഹോട്ടല്‍ മുറികളുടെ എണ്ണവും കൂടി. 2024 അവസാനത്തോടെ 3 ശതമാനം വര്‍ധിച്ച് 216,966 ആയി.
കഴിഞ്ഞ വര്‍ഷം യുഎഇയിലുടനീളമുള്ള ഹോട്ടല്‍ അതിഥികളുടെ എണ്ണം ഏകദേശം 30.8 ദശലക്ഷത്തിലെത്തിയിട്ടുണ്ട്. ഇത് 9.5 ശതമാനം വളര്‍ച്ചയെ കാണിക്കുന്നു. ‘നാഷണല്‍ ടൂറിസം സ്ട്രാറ്റജി 2031’ നിശ്ചയിച്ചിട്ടുള്ള ഹോട്ടല്‍ അതിഥി ലക്ഷ്യത്തിന്റെ 77 ശതമാനമാണ് ഈ നാഴികക്കല്ല് പ്രതിനിധീകരിക്കുന്നത്. ഏഴു വര്‍ഷം മുമ്പ് തന്നെ നൂതന ടൂറിസം സംരംഭങ്ങളും പദ്ധതികളും വികസിപ്പിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളും യുഎഇ മുന്നോട്ടു കൊണ്ടുപോകുകയാണെന്നും മന്ത്രി അല്‍ മാരി വ്യക്തമാക്കി. അതോടൊപ്പം പ്രധാനപ്പെട്ട എല്ലാ പ്രാദേശിക,അന്തര്‍ദേശീയ ടൂറിസം സ്ഥാപനങ്ങളുമായും രാജ്യം സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അടുത്ത ദശകത്തോടെ ആഗോളതലത്തില്‍ ഏറ്റവും മികച്ച ടൂറിസം ഐഡന്റിറ്റിയായി യുഎഇയുടെ പദവി ഉയര്‍ത്തുകയാണ് ലക്ഷ്യം.
ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ക്ക് രാജ്യത്തിന്റെ ആകര്‍ഷണം കൂടുതല്‍ വര്‍ധിപ്പിക്കുകയും ലോകോത്തര അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുകയുമാണ് യുഎഇ. പ്രത്യേക താല്‍പ്പര്യമുള്ള ടൂറിസം ഓഫറുകള്‍ വൈവിധ്യവത്കരിക്കുക,ഈ മേഖലയുടെ ശേഷി വര്‍ധിപ്പിക്കുക,ഇമാറാത്തി പ്രതിഭകളുടെ പങ്കാളിത്തം വളര്‍ത്തുക,ടൂറിസം ആവാസ വ്യവസ്ഥയുടെ എല്ലാ മേഖലകളിലും കൂടുതല്‍ നിക്ഷേപം നടത്തുക എന്നിവയിലും യുഎഇ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 40 ദശലക്ഷം ഹോട്ടല്‍ അതിഥികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയിലാണ് യുഎഇയെന്നും മന്ത്രി ബിന്‍ തൗഖ് കൂട്ടിച്ചേര്‍ത്തു. യുഎഇയുടെ ടൂറിസം മേഖലയുടെ തുടര്‍ച്ചയായ വളര്‍ച്ചയും ശക്തമായ പ്രകടനവും സാമ്പത്തിക മന്ത്രിയും എമിറേറ്റ്സ് ടൂറിസം കൗണ്‍സില്‍ ചെയര്‍മാനുമായ അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി എടുത്തുപറഞ്ഞു. ഈ വളര്‍ച്ചയ്ക്ക് കാരണം നേതൃത്വത്തിന്റെ വിവേകപൂര്‍ണമായ നിര്‍ദേശങ്ങളും ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് മേഖലയുടെ പുരോഗതിയെ നയിക്കുന്ന സുസ്ഥിര നയങ്ങള്‍,തന്ത്രങ്ങള്‍,സംരംഭങ്ങള്‍ എന്നിവയുടെ വികസനത്തിലേക്ക് നയിച്ചു.
ദേശീയ സമ്പദ്വ്യവസ്ഥയുടെ മത്സരശേഷിയും പ്രതിരോധശേഷിയും ശക്തിപ്പെടുത്തുന്നതില്‍ ടൂറിസം പ്രധാന സ്തംഭമായി യുഎഇയില്‍ വളര്‍ന്നിട്ടുണ്ട്.