കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
സാവോപോളോ : ജി20 അംഗരാജ്യങ്ങളുമായി ഉത്പാദനക്ഷമമായ ബന്ധം സ്ഥാപിക്കാന് യുഎഇ. ബ്രസീലില് നടക്കുന്ന ജി20 ഉച്ചകോടിക്ക് മുമ്പായി സാവോപോളയില് യുഎഇ സാമ്പത്തിക മന്ത്രാലയം,ബ്രസീലിലെ യുഎഇ എംബസി,കോണ്സുലേറ്റ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഗ്ലോബല് ബിസിനസ് ഫോറത്തിലാണ് യുഎഇ നയം വ്യക്തമാക്കിയത്. ജി20അംഗരാഷ്ട്രങ്ങളില് നിന്നുള്ള പ്രധാന ബിസിനസ് പ്രതിനിധികളും അതിഥി രാഷ്ട്രങ്ങളും പങ്കെടുത്ത ബസിനസ് ഫോറത്തില് യുഎഇയും പ്രമുഖ ബഹുരാഷ്ട്ര കമ്പനികളും തമ്മില് ഉത്പാദനപരമായ ബന്ധം കെട്ടിപ്പടുക്കുകയും ആഗോള വ്യാപാര നിക്ഷേപ കേന്ദ്രമെന്ന നിലയില് ലോകമെമ്പാടുമുള്ള വിപണികളില് യുഎഇയുടെ പങ്ക് ശക്തിപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. പുനരുപയോഗ ഊര്ജം,സാങ്കേതികവിദ്യ,ഭക്ഷ്യസുരക്ഷ എന്നിവയുള്പ്പെടെ വ്യാപാര,നിക്ഷേപ അവസരങ്ങള് വിപുലീകരിക്കുന്നതിനുള്ള സഹകരണത്തിന്റെ സാധ്യത ഫോറത്തില് ചര്ച്ച ചെയ്തു. യുഎഇയില് നിന്നുള്ള കമ്പനികളുടെ പ്രതിനിധികള് അവരുടെ ജി20 കമ്പനികളുമായും കൂടിക്കാഴ്ച നടത്തി.
സുസ്ഥിര വികസനത്തിനായുള്ള യുഎഇയുടെ ദീര്ഘകാല ലക്ഷ്യങ്ങളെ യാഥാര്ത്ഥ്യമാക്കുന്നതിന് പുതിയ വ്യാപാര വഴികളും നിക്ഷേപ അവസരങ്ങളും പരസ്പരം പങ്കുവച്ചു. ആയിരത്തോളം ഉന്നതതല ബിസിനസ് പ്രതിനിധികള് സംഗമിക്കുന്ന ജി20 ഉച്ചകോടിയില് വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിന് അഹമ്മദ് അല് സെയൂദിയാണ് യുഎഇ പ്രതിനിധി സംഘത്തെ നയിക്കുന്നത്.
ആഗോള വ്യാപാരത്തിലും നിക്ഷേപത്തിലും യുഎഇയുടെ വര്ധിച്ചുവരുന്ന സ്വാധീനത്തിന്റെ പ്രതിഫലനമാണ് ജി20 ഉച്ചകോടിയില് ബ്രസീലിന്റെ അതിഥിയായി യുഎഇ പങ്കെടുക്കുന്നത്. ബ്രസീലിലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് അംബാസഡര് സ്വാലിഹ് അഹമ്മദ് അല് സുവൈദി, സാവോപോളോയിലെ യുഎഇ കോണ്സുലേറ്റ് ജനറല് അബ്ദുല്ല ഷഹീന്, സാമ്പത്തിക മന്ത്രാലയത്തിലെ അന്താരാഷ്ട്ര വ്യാപാര കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര് സെക്രട്ടറി ജുമാ മുഹമ്മദ് അല് കൈത് എന്നിവരും പങ്കെടുത്തു.