കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
റിയോ ഡി ജനീറോ : ബ്രസീലിലെ റിയോ ഡി ജനീറോയില് നടക്കുന്ന 19ാമത് ജി20 ഉച്ചകോടിയില് നയതന്ത്ര ബന്ധം സുദൃഢമാക്കി യുഎഇ. ഇതിന്റെ ഭാഗമായി യുഎഇയെ പ്രതിനിധീകരിക്കുന്ന അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് ഫ്രാന്സ് പ്രസിഡന്റ് ഇമ്മാനുവല് മാക്രോണ്, ഈജിപ്ഷ്യന് പ്രസിഡന്റ് അബ്ദുല് ഫത്താഹ് എല്സിസി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. യുഎഇയും ഫ്രാന്സും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും തന്ത്രപരമായ പങ്കാളിത്തം വിപുലീകരിക്കുന്നതിനുള്ള വഴികള് തേടുന്നതിനെ കുറിച്ചും അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന് മുഹമ്മദ് ബിന് സായിദ് അല് നഹ്യാനും ഫ്രാന്സ് പ്രസിഡന്റ് ഇമ്മാനുവല് മാക്രോണും ചര്ച്ച ചെയ്തു.
ഇരു രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധങ്ങളും സഹകരണങ്ങളും കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യത്തെ വിലയിരുത്തി. തന്ത്രപരമായ പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതില് ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു. 19ാമത് ജി 20 ഉച്ചകോടിയുടെ ലക്ഷ്യങ്ങള് കൈവരിക്കാന് ലക്ഷ്യമിട്ടുള്ള സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി യുഎഇയും ഫ്രാന്സും തമ്മിലുള്ള ഏകോപനവും സംയുക്ത ശ്രമങ്ങളും വര്ധിപ്പിക്കുന്നതിന്റെ പ്രാധാന്യവും ഇരു നേതാക്കളും എടുത്തുപറഞ്ഞു. യുഎഇയും ഈജിപ്തും തമ്മിലുള്ള ശക്തമായ ബന്ധം തുടരുമെന്ന്് ശൈഖ് ഖാലിദ് ബിന് മുഹമ്മദ് ബിന് സായിദ് അല് നഹ്യാനും ഈജിപ്ഷ്യന് പ്രസിഡന്റ് അബ്ദുല് ഫത്താഹ് എല്സിസിയും തമ്മില് നടന്ന കൂടിക്കാഴ്ചയില് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല് ശക്തിപ്പെടുത്തുന്നതിനും തന്ത്രപരമായ പങ്കാളിത്തം വിപുലീകരിക്കുന്നതിനുമുള്ള വഴികള് കൂടിക്കാഴ്ചയില് ചര്ച്ച ചെയ്തു.
യുഎഇയും ഈജിപ്തും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ ശക്തി ശൈഖ് ഖാലിദ് ബിന് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് ഊന്നിപ്പറഞ്ഞു. ഈജിപ്തുമായുള്ള സഹകരണവും ഏകോപനവും കൂടുതല് ശക്തിപ്പെടുത്തുന്നതിനുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്ത്തിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളുടെയും താല്പ്പര്യങ്ങള് നിറവേറ്റുന്ന സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിനും പങ്കാളിത്തം വളര്ത്തുന്നതിനും തുടര്ച്ചയായ ഏകോപനം നിലനിര്ത്തേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.
ബ്രസീലില് എത്തിയ ഉടനനെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്വയുമായി കഴിഞ്ഞ ദിവസം അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് ഔദ്യോഗിക ചര്ച്ച നടത്തിയിരുന്നു. യുഎഇയും ബ്രസീലും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും സമ്പദ്വ്യവസ്ഥ,നിക്ഷേപം,പുനരുപയോഗ ഊര്ജം,സുസ്ഥിരത തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളുടെ വികസനം വ്യാപിപ്പിക്കുന്നതിനും കൂടിക്കാഴ്ചയില് ധാരണയായിരുന്നു.
ബ്രസീലിലെ തന്ത്രപ്രധാന മേഖലകളില് യുഎഇ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇ നിക്ഷേപ മന്ത്രാലയവും ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീലിന്റെ പ്രസിഡന്സി ചീഫ് ഓഫ് സ്റ്റാഫും തമ്മില് കരാര് ഒപ്പുവക്കുകയും ചെയ്തു. യുഎഇ വിദേശകാര്യ മന്ത്രാലയവും ബ്രസീല് വിദേശകാര്യ മന്ത്രാലയവും ആഫ്രിക്കയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിലും ഒപ്പുവച്ചു. ഡിജിറ്റല് വ്യാപാര ഇടനാഴി ആരംഭിച്ചതിനെ അഭിനന്ദിച്ച് കസ്റ്റംസ് സഹകരണം ശക്തിപ്പെടുത്തുന്നതിന് അബുദാബി കസ്റ്റംസും ബ്രസീലിലെ ടാക്സ് അതോറിറ്റിയും തമ്മിലുള്ള കരാറും ഇരു നേതാക്കളും ചര്ച്ച ചെയ്തു. അല് ഫോഹ് കമ്പനിയുമായി സഹകരിച്ച് ഈ മേഖലയിലെ അറിവ് ബ്രസീലിന് കൈമാറുകയെന്ന ലക്ഷ്യത്തോടെയുള്ള പരിപാടിയുടെ ഭാഗമായി ബാഹിയയില് 10,000 ഈന്തപ്പനകള് നട്ടുപിടിപ്പിക്കാനുള്ള യുഎഇയുടെ സംരംഭത്തെ ബ്രസീല് പ്രസിഡന്റ് പ്രശംസിച്ചു.
വിശപ്പിനും ദാരിദ്ര്യത്തിനും എതിരായ ആഗോള സഖ്യത്തിനും ഉഷ്ണമേഖലാ മഴക്കാടുകള് സംരക്ഷിക്കാന് ലക്ഷ്യമിട്ടുള്ള ബ്രസീലിന്റെ സംരംഭത്തിനും പിന്തുണ നല്കിയതിന് യുഎഇയോട് ബ്രസീല് പ്രസിഡന്റ് നന്ദി അറിയിക്കുകയും ചെയ്തു.