
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
യുഎഇ പ്രതിനിധി സംഘത്തെ എഫ്എന്‍സി സ്പീക്കര്‍ സഖര്‍ ഘോബാഷ് നയിക്കും
അബുദാബി: ഫലസ്തീന് ഐക്യദാര്ഢ്യത്തിനായി തുര്‍ക്കി ഗ്രാന്റ് നാഷണല്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഇസ്തംബൂളില്‍ നടക്കുന്ന ആദ്യ പാര്‍ലമെന്ററി ഗ്രൂപ്പ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന യുഎഇ പാര്‍ലമെന്ററി ഡിവിഷന് പ്രതിനിധി സംഘത്തെ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി) സ്പീക്കര്‍ സഖര്‍ ഘോബാഷ് നയിക്കും. ഫലസ്തീനുമായി സൗഹൃദമുള്ള 13 രാജ്യങ്ങളിലെ സ്പീക്കര്‍മാരും പാര്‍ലമെന്റ് പ്രതിനിധികളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ദ്വിരാഷ്ട്ര പരിഹാരത്തിനും ഫലസ്തീന് രാജ്യത്തിന്റെ അന്താരാഷ്ട്ര അംഗീകാരം പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണ നല്‍കുക, ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുക, അധിനിവേശ പ്രദേശങ്ങളിലെ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക അവകാശങ്ങളുടെയും ലംഘനങ്ങള്‍ പരിഹരിക്കുക, പ്രാദേശിക, ആഗോള വേദികളില്‍ അന്താരാഷ്ട്ര പാര്‍ലമെന്ററി ശ്രമങ്ങളെ ഏകോപിപ്പിക്കുക, ജറുസലേമിന്റെയും അതിന്റെ ഇസ്്ലാമിക, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളുടെയും സാംസ്കാരികവും മതപരവുമായ സ്വത്വം സംരക്ഷിക്കുക,ഫലസ്തീനികള്‍ക്കെതിരായ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അന്താരാഷ്ട്ര നിയമപരമായ ഉത്തരവാദിത്തം മുന്നോട്ട് കൊണ്ടുപോകുക എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ടകള്‍. ഫലസ്തീന് എന്ന പൊതുലക്ഷ്യത്തിനായി ഫലസ്തീന് ജനതയുടെ മൗലികാവകാശങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അവബോധം വളര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന പാര്ലമെന്റുകള്ക്കിടയിലെ ഏകോപനത്തിനാണ് തുര്‍ക്കി പാര്‍ലമെന്റ് നേതൃത്വം നല്‍കുന്നത്. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്ദുഗാന് സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനത്തില്‍ ഫലസ്തീന് ഗ്രൂപ്പിനെ പിന്തുണയ്ക്കുന്ന പാര്ലമെന്റുകള് സ്ഥാപിക്കുകയും പ്രവര്‍ത്തന രൂപരേഖ നിര്‍ണയിക്കുകയും ചെയ്യും. 13 രാജ്യങ്ങളിലെയും പാര്‍ലമെന്ററി പ്രതിനിധികളുടെ സംയുക്ത പ്രഖ്യാപനത്തോടെയാകും സമ്മേളനം അവസാനിക്കുക.
നിരവധി പാര്‍ലമെന്ററി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന യുഎഇ എഫ്എന്‍സി സ്പീക്കര്‍ സഖര്‍ ഘോബാഷ് തുര്‍ക്കി ഗ്രാന്റ് നാഷണല്‍ അസംബ്ലി സ്പീക്കര്‍ പ്രഫസര്‍ ഡോ.നുഅ്മാന് കുര്തുല്മുഷുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തും. പാര്‍ലമെന്ററി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ ഇരുവരും പങ്കുവക്കും. പ്രഫസര്‍ ഡോ. കുര്തുല്മുഷിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് എഫ്എന്‍സി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഫലസ്തീനിന്റെ നിയമാനുസൃത അവകാശങ്ങളെ പിന്തുണയ്ക്കുന്നതിനായി അന്താരാഷ്ട്ര പാര്‍ലമെന്ററി സഹകരണം ശക്തിപ്പെടുത്തുകയാണ് സമ്മേളന ലക്ഷ്യം. ഫലസ്തീന് ലോകജനതയുടെ പിന്തുണ വര്‍ധിപ്പിക്കാനും മേഖലയിലെ പ്രശ്നത്തിന് സമഗ്രവും നീതിയുക്തവുമായ പരിഹാരം കാണാനും പാര്‍ലമെന്ററി ഗ്രൂപ്പ് സമ്മേളനം കരുത്തേകും.
ഫലസ്തീന് ജനതയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും അവയെ നേരിടാനുള്ള പാര്‍ലമെന്ററി ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനും സമ്മേളനം രൂപരേഖയുണ്ടാക്കും. പാര്‍ലമെന്ററി ശ്രമങ്ങളെ ഏകീകരിക്കുന്നതിലൂടെയും പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ഊട്ടിയുറപ്പിക്കുന്നതിലൂടെയും ആഗോള വേദിയില്‍ നിലപാടുകള്‍ ഏകീകരിക്കുന്നതിലൂടെയും ഫലസ്തീനു വേണ്ടിയുള്ള അന്താരാഷ്ട്ര പിന്തുണ ശക്തിപ്പെടുത്താന്‍ സമ്മേളനത്തിനാകും. വിവിധ രാജ്യങ്ങളിലെ സ്പീക്കര്‍മാരുടെ ഉഭയകക്ഷി യോഗങ്ങളും നടത്തും.