
ഓസ്ട്രേലിയന്‍ കോമണ്‍വെല്‍ത്ത് ഗവര്‍ണര്‍ ജനറലിന് ശൈഖ ഫാത്തിമ സ്വീകരണം നല്കി
വത്തിക്കാനിലെ സംസ്കാര ചടങ്ങില്‍ യുഎഇ പ്രസിഡന്റിനു വേണ്ടി അബുദാബി കിരീടാവകാശി പങ്കെടുത്തു
വത്തിക്കാന്‍ സിറ്റി: സ്നേഹം കൊണ്ട് ലോകം കീഴടക്കിയ ആഗോള കത്തോലിക്ക സഭയുടെ ആത്മീയ നേതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലോകം കണ്ണീരോടെ യാത്രമൊഴി നല്കിയപ്പോ ള്‍ ആദരസാന്നിധ്യമായി യുഎഇ ഭരണാധികാരികള്‍. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും,യുഎഇ സഹിഷ്ണുത-സഹവര്‍ത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്,അബുദാബി ക്രൗണ്‍ പ്രിന്‍സ് കോടതി ഓഫീസ് ചെയര്‍മാനായ അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ സെയ്ഫ് സഈദ് ഘോബാഷ്,അബുദാബി മീഡിയ ഓഫീസ് ചെയര്‍പേഴ്സണ്‍ മറിയം ഈദ് അല്‍ മെഹേരി എന്നിവരാണ് വിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് ആദരമര്പിച്ചത്. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന സംസ്കാര ചടങ്ങുകളില്‍ ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാര്,നേതാക്കള്‍,വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു. റോമിലെ സെന്റ് മേരി മേജറിന്റെ പേപ്പല്‍ ബസിലിക്കയിലാണ് മാര്‍പാപ്പയ്ക്ക് നിത്യനിദ്രയൊരുക്കിയത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അനുശോചനം ഹോളി റോമന്‍ സഭയിലെ കാമര്‍ലെംഗോ കര്‍ദിനാള്‍ കെവിന് ഫാരെലിനെയും വത്തിക്കാനിലെ കര്‍ദിനാള്‍ കോളജ് ഡീന്‍ കര്‍ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ റീക്കിനെയും ശൈഖ് ഖാലിദ് അറിയിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ കര്‍ദിനാള്‍ കോളജ്, ഹോളി സീ,ആഗോള കത്തോലിക്കാ സമൂഹം എന്നിവരോട് ശൈഖ് ഖാലിദ് ആത്മാര്‍ത്ഥമായ അനുശോചനം പങ്കുവച്ചു. മനുഷ്യ സാഹോദര്യത്തിന്റെയും സാംസ്കാരിക സഹവര്‍ത്തിത്വത്തിന്റെയും മതാന്തര സംവാദത്തിന്റെയും പ്രതീകമാണ് മാര്‍പാപ്പയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സഹിഷ്ണുതയുടെയും പരസ്പര ധാരണയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരിശുദ്ധാത്മാവിന്റെ മാനുഷിക പാരമ്പര്യം ഭാവി തലമുറകളെ പ്രചോദിപ്പിക്കുമെന്നും അഭിപ്രായപ്പെട്ടു. പരസ്പര സാംസ്കാരികവും മതാന്തര സംവാദവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സവിശേഷ പാരമ്പര്യമുണ്ടായിരുന്നു. 2019 ഫെബ്രുവരി നാലിലെ ചരിത്ര സന്ദര്‍ശന വേളയില്‍ അബുദാബിയില്‍ വെച്ച് അല്‍അസ്ഹറിന്റെ ഗ്രാന്റ് ഇമാം പ്രഫസര്‍ അഹമ്മദ് അല്തയേബിനൊപ്പം അദ്ദേഹം ഒപ്പുവച്ച മനുഷ്യ സാഹോദര്യ രേഖയുടെ പ്രഖ്യാപനത്തോടെയാണ് പരിശുദ്ധ പിതാവ് യുണൈറ്റഡ് അറബ് എമിറേറ്റ്സുമായി ആത്മബന്ധം രൂഢമാക്കിയത്. സമാധാനത്തിനും മനുഷ്യ സഹവര്‍ത്തിത്വത്തിനുമുള്ള ആഗോള ചാര്‍ട്ടറായി പിന്നീട് ഈ രേഖ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ചു. ഇതേതുടര്‍ന്ന് ഫെബ്രുവരി 4 അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിക്കുകയും ചെയ്തു.