
യുഎഇയില്‍ എമിറേറ്റ്സ് ഐഡി ഡിജിറ്റലാകുന്നു
ലോകത്തെ ദുരന്തബാധിത സമൂഹങ്ങളെ സഹായിക്കാന്‍ യുഎഇ നൂതന സംവിധാനങ്ങള്‍ ഒരുക്കുന്നു
അബുദാബി: ലോകത്ത് പ്രകൃതി ദുരന്തങ്ങളോടും മാനുഷിക പ്രതിസന്ധികളോടും ഏറ്റവും വേഗത്തില്‍ പ്രതികരിക്കുന്ന രാജ്യങ്ങളിലൊന്നാണിന്ന് യുഎഇ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ ദുരന്തങ്ങള്‍ സൃഷ്ടിച്ച വേദനയൊപ്പി അവരെ സാന്ത്വന തീരത്തെത്തിക്കാന്‍ യുഎഇ നൂതന സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. മ്യാന്മറില് വിനാശം വിതച്ച ഭൂകമ്പ പ്രദേശത്തും ലിബിയയിലെ ഡെര്‍ണയെ കീഴ്മേല്‍ മറിച്ച ചുഴലിക്കാറ്റിന്റെ ദുരന്ത ഭൂമകിയിലും സഹായ ഹസ്തവുമായി ആദ്യം ഓടിയെത്തിയത് യുഎഇയാണ്. സിറിയയിലെയും തുര്‍ക്കിയയിലെയും ഭൂകമ്പ ബാധിത പ്രദേശങ്ങളിലും ഗസ്സയിലെ യുദ്ധക്കെടുതിയുടെ നിലങ്ങളിലും അടിയന്തര സഹായവുമായി ഓടിയെത്തിയതും യുഎഇ രക്ഷാസംഘങ്ങളാണ്.
പരമ്പരാഗത സൗകര്യങ്ങള്‍ അപ്രാപ്യമാണെന്ന് ബോധ്യമായപ്പോള്‍ അതിനൂതന സംവിധാനങ്ങളുമായാണ് യുഎഇ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മാര്‍ച്ച് 31ന് മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി, യുഎഇ നാഷണല്‍ ഗാര്‍ഡ്,ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് എന്നിവയിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന തിരച്ചില്‍ രക്ഷാസംഘമാണ് ദൗത്യത്തിലേര്‍പ്പെട്ടത്. ആറ് സ്ഥലങ്ങളില്‍ ടീമിനെ വിന്യസിച്ചാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വേഗത്തില്‍ പ്രതികരണങ്ങള്‍ അറിയിക്കാനും കഴിയുന്നത്ര ദുരന്തബാധിത പ്രദേശങ്ങളില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനും ഒന്നിടവിട്ട ഷിഫ്റ്റുകളില്‍ തുടര്‍ച്ചയായി ടീം പ്രവര്‍ത്തിച്ചു. മാനുഷിക സഹായ പ്രവര്‍ത്തനങ്ങളില്‍ ലോകനേതാവെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടരുകയാണെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സലിം അബ്ദുല്ല ബിന്‍ ബറാക് അല്‍ ദഹേരി പറഞ്ഞു.
യുഎഇ സെര്‍ച്ച് ആന്റ് റെസ്ക്യൂ ടീം കാര്യക്ഷമമായ പ്രതികരണത്തിന്റെയും ആഴത്തിലുള്ള മാനുഷിക പ്രതിബദ്ധതയുടെയും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഫീല്‍ഡ് അസസ്മെന്റുകള്‍, നാശനഷ്ട സര്‍വേകള്‍,തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം,ദ്രുത ഇടപെടല്‍ എന്നിവയില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് രാജ്യം ഉപയോഗിക്കുന്നത്. ഉയര്‍ന്ന തലത്തിലുള്ള തയ്യാറെടുപ്പും തുടര്‍ച്ചയായ പരിശീലനവും ശക്തമായ സ്ഥാപന പങ്കാളിത്തവും ടീമിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമാണ്. ‘ദുരന്തങ്ങളെ യുഎഇ വെറും അടിയന്തരാവസ്ഥകളായി കാണുന്നില്ല. മറിച്ച് സഹജീവികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും അന്താരാഷ്ട്ര തലത്തില്‍ ഏകോപനം,സഹകരണം,സാങ്കേതിക വിദ്യാധിഷ്ഠിത പ്രതികരണങ്ങള്‍ എന്നിവയ്ക്കുമുള്ള അവസരങ്ങളായാണ് ഇതിനെ കാണുന്നത്. രാജ്യത്തെ മാനുഷികതയുടെ വിളക്കുമാടമായും ഫലപ്രദമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഗോള കേന്ദ്രമായും വളരാനുള്ള യുഎഇയുടെ നേതൃത്വത്തിന്റെ കാഴ്ചപ്പാടാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിശാസ്ത്രപരമായ ദൂരമോ വെല്ലുവിളിയുടെ തോതോ പരിഗണിക്കാതെ ദുരിതബാധിതരായ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നു എന്നതാണ് ദൗത്യങ്ങളില്‍ യുഎഇയുടെ വിജയം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിശ്വസനീയമായ ലോകശക്തിയായി ഇന്ന് യുഎഇ വളര്‍ന്നിട്ടുണ്ട്. 2023 ഫെബ്രുവരിയില്‍ ആരംഭിച്ച ഓപ്പറേഷന് ചിവാലറസ് നൈറ്റ് 2 യുഎഇയുടെ ഏറ്റവും വിജയകരമായ മാനുഷിക ദൗത്യങ്ങളിലൊന്നായി മാറി. സിറിയയിലും തുര്‍ക്കിയിലുമുള്ള രക്ഷാപ്രവര്‍ത്തനം അഞ്ച് മാസത്തിലധികം നീണ്ടുനില്‍ക്കുകയും ചെയ്തു.
അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഡസന്‍ കണക്കിന് ആളുകളെ രക്ഷപ്പെടുത്താനും 13,463 വ്യക്തികള്‍ക്ക് ചികിത്സ നല്‍കാനും കഴിഞ്ഞു. ടെന്റുകള്‍,അവശ്യ ഭക്ഷണം,മരുന്നുകള്‍ എന്നിവയുള്‍പ്പെടെ 6,912 ടണ്‍ അടിയന്തര സാധനങ്ങള്‍ എത്തിച്ചു. 260 വിമാനങ്ങള്‍ ഉള്‍പ്പെടുന്ന എയര്‍ ബ്രിഡ്ജ് വഴി 15,164 ടണ്‍ മാനുഷിക സഹായവും യുഎഇ എത്തിച്ചുനല്‍കി. ദുരിതാശ്വാസ,പുനര്‍നിര്‍മാണ സാമഗ്രികള്‍ വഹിച്ചുകൊണ്ട് നാലു ചരക്ക് കപ്പലുകള്‍ വഴി 8,252 ടണ്‍ കൂടി ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.
ഭൂകമ്പത്തില്‍ തകര്‍ന്ന സിറിയയിലെയും തുര്‍ക്കിയിലെയും കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ യുഎഇ സെര്‍ച്ച് ആന്റ് റെസ്ക്യൂ ടീം തുല്യതയില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. തണുത്തുറഞ്ഞ പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് മനുഷ്യജീവനുകളെയാണ് യുഎഇ സംഘം രക്ഷപ്പെടുത്തിയത്. ഡസന്‍ കണക്കിന് ആളുകളുടെ ജീവന് നഷ്ടപ്പെടുന്നതിനും പരിക്കേല്‍ക്കുന്നതിനും വീടുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും വ്യാപകമായ നാശത്തിനും കാരണമായ ഡാനിയേല്‍ ചുഴലിക്കാറ്റിന്റെ ആഘാതത്തെത്തുടര്‍ന്ന് 2023 സെപ്റ്റംബറില്‍ ലിബിയയിലേക്ക് അടിയന്തര ദുരിതാശ്വാസ സഹായവും തിരച്ചില്‍,രക്ഷാ സംഘങ്ങളും അയച്ച ആദ്യ രാജ്യമാണ് യുഎഇ. 91ലധികം സ്പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടുന്ന യുഎഇ സംഘം ഡെര്‍ണ നഗരത്തില്‍ പ്രവര്‍ത്തിച്ചു. കാണാതായ നൂറുകണക്കിന് ആളുകളെ കണ്ടെത്തുകയും നിരവധി മൃതദേഹങ്ങളും അവശിഷ്ടങ്ങളും വീണ്ടെടുക്കുകയും ചെയ്തിരുന്നു. ജെറ്റ് സ്കീകള്‍,റെസ്ക്യൂ ബോട്ടുകള്‍, ഡ്രോണുകള്‍,കെ9 സെര്‍ച്ച് ഡോഗുകള്‍ എന്നിവ ഉപയോഗിച്ചാണ് ദൗത്യം പൂര്‍ത്തീകരിച്ചത്. തകര്‍ന്ന കെട്ടാടാവശിഷ്ടങ്ങള്ക്ക് ഉള്ളില്‍ കുടുങ്ങിയവരെ കണ്ടെത്തുന്നതിന് ലോകത്ത് ഏറ്റവും ഫലപ്രദമായ ഉപകരണങ്ങളാണ് യുഎഇ ഉപയോഗിച്ചത്. ഏകദേശം 518 ദിവസമായി തുടരുന്ന ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3 ഗസ്സയിലെ ദുരിതബാധിതര്‍ക്ക് തുടര്‍ച്ചയായ മാനുഷിക സഹായം നല്കിവരുന്നു. മാര്‍ച്ച് 21 വരെ 53 എയര്‍ ഡ്രോപ്പുകളിലായി 3,700 ടണ്‍ സഹായം വിജയകരമായി എത്തിച്ച ‘ബേര്‍ഡ്സ് ഓഫ് ഗുഡ്നെസ്’ എന്ന എയര്‍ഡ്രോപ്പ് ഓപ്പറേഷന് അതിന്റെ ഏറ്റവും നൂതനമായ സംരംഭങ്ങളില്‍ ഒന്നാണ്. ഗാസ മുനമ്പിലെ വിദൂര സ്ഥലങ്ങളിലേക്കോ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കോ കൃത്യവും സമയബന്ധിതവുമായ ഡെലിവറി ഉറപ്പാക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ജിപിഎസ്ഗൈഡഡ് കണ്ടെയ്നറുകള്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്നു. 2025 മാര്‍ച്ച് 21 വരെ, ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3 പ്രകാരം നല്കിയ 65,000 ടണ്‍ സഹായമെത്തിച്ചു കഴിഞ്ഞു. ഇത് ഏകദേശം 1.2 ബില്യണ്‍ ഡോളര്‍ മാല്യം വരും.