കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : ഇസ്രാഈല്‍ യുദ്ധക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ലബനനിലെയും ഗസ്സയിലെയും ജനതയ്ക്ക് സാനന്ത്വനമേകാന് യുഎഇയുടെ സഹായ പ്രവാഹം. യുഎഇ ലബനനൊപ്പം എന്ന കാമ്പയിനിന്റെ ഭാഗമായി സഹായ സാധനങ്ങളുമായി ഇന്നലെ യുഎഇയുടെ പനഞ്ചാമത്തെ വിമാനം ലബനനിലെത്തി. 40 ടണ്‍ അവശ്യ ഭക്ഷണ സാധനങ്ങളും, പ്രത്യേകിച്ച് കുട്ടികള്‍ക്കുള്ള ഭക്ഷ്യവിഭവങ്ങളുമാണ് എത്തിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം ആരംഭിച്ച ‘യുഎഇ സ്റ്റാന്‍ഡ്സ് വിത്ത് ലെബനന്’ ദേശീയ കാമ്പയിനിന്റെ തുടര്പ്രവര്ത്തനമാണിത്. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിരീക്ഷണത്തില്‍ 2024 ഒക്ടോബര്‍ ആദ്യം മുതല്‍ ലബനനിലേക്ക് 672 ടണ്‍ ആശ്വാസമാണ് യുഎഇ എത്തിച്ചത്. പ്രസിഡന്‍ഷ്യല്‍ കോടതി ഡെപ്യൂട്ടി ചെയര്‍മാനും ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ആന്റ്് ഫിലാന്‍ട്രോപിക് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, വികസനത്തിനും അന്താരാഷ്ട്ര സംഘടനകള്‍ക്കുമുള്ള വിദേശകാര്യ സഹമന്ത്രിയും ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ആന്റ് ഫിലാന്ത്രോപിക് കൗണ്‍സില്‍ അംഗവുമായ സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഷംസി എന്നിവരുടെ മേല്‍നോട്ടത്തില്‍ ലെബനനിലെ ജനങ്ങള്‍ക്ക് എയര്‍ ബ്രിഡ്ജ് വഴിയും കടലിലൂടെയും യുഎഇ അടിയന്തിരമായി സഹായങ്ങള്‍ നല്കിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, ലെബനനില്‍ നിന്ന് സിറിയയിലേക്ക് മടങ്ങുന്ന സിറിയന്‍ ജനതയ്ക്ക് മാനുഷിക സ്ഥാപനങ്ങള്‍ വഴിയും എമിറാത്തി ചാരിറ്റി സംഘടനകള്‍ വഴിയും യുഎഇ സഹായം നല്കുന്നു. ലബനനിലേക്കും സിറിയയിലേക്കും അയച്ച 772 ടണ്‍ ഉള്‍പ്പെടെ യുഎഇ ആകെ 2,772 ടണ്‍ സഹായ വസ്തുക്കളാണ് നല്‍കിയത്. കൂടാതെ, അടുത്തിടെ ബെയ്റൂത്തില്‍ എത്തിയ യുഎഇ ദുരിതാശ്വാസ കപ്പല്‍ വഴി 2,000 ടണ്‍ സഹായവും നല്‍കിയിട്ടുണ്ട്.
ഇസ്രാഈലിന്റെ ക്രൂരനരനായാട്ടുകള്ക്ക് ഇരയാകുന്ന ഗസ്സയിലെ സഹോദരങ്ങള്‍ക്ക് യുഎഇ ആശ്വാസം പകരുകയാണ്. ഫലസ്തീനികള്‍ക്ക് പന്ത്രണ്ട് ട്രക്കുകളില്‍ വിജയകരമായി സഹായ വസ്തുക്കള്‍ ഗസ്സയിലെത്തി. ഈറസ് ക്രോസിങ് (വടക്കന്‍ ഗസ്സ),കരം അബു സലേം ക്രോസിങ് (തെക്കന്‍ ഗസ്സ),അമേരിക്കന്‍ നിയര്‍ ഈസ്റ്റ് റെഫ്യൂജി എയ്ഡുമായി (അനേര) സഹകരണത്തോടെയാണ് സഹായ സാധനങ്ങള്‍ എത്തിച്ചത്.
ഒക്ടോബറിനു ശേഷം ഗസ്സ മുനമ്പില്‍ ആദ്യമായി പ്രവേശിക്കുന്ന പുതിയ ഷിപ്പ്മെന്റില്‍ 150 ടണ്‍ അടിയന്തര ദുരിതാശ്വാസവും 30,000 ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള മാനുഷിക സഹായവും വഹിക്കുന്ന പന്ത്രണ്ട് ട്രക്കുകളുമുണ്ട്. ഇതുവരെ, യുഎഇ 40,000 ടണ്ണിലധികം അടിയന്തര സഹായമാണ് ഗസ്സയിലേക്ക് നല്‍കിയിട്ടുള്ളത്.