
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
യുഎഇ ജുമുഅ ഖുതുബ
അല്ലാഹു നമുക്ക് നല്കിയ അനുഗ്രഹങ്ങള്‍ എണ്ണമറ്റതാണ്. സ്പന്ദിക്കുന്ന ഹൃദയം,സംസാരിക്കുന്ന നാവ്,ചിന്തിക്കുന്ന ബുദ്ധി,കാണുന്ന കണ്ണ്,കേള്‍ക്കുന്ന ചെവി,അനുഭവേദ്യമാക്കുന്ന ഇന്ദ്രിയങ്ങള്‍,ചലിക്കുന്ന അവയവങ്ങള്‍… ഇതെല്ലാം മനുഷ്യ ശരീരത്തില്‍ അല്ലാഹു സംവിധാനിച്ച വിലമതിക്കാനാവാത്ത അനുഗ്രഹങ്ങളാണ്. ഇതിന്റെയെല്ലാം വില നമുക്കാര്‍ക്കും കണക്കാക്കാനാവില്ല. അവ നിങ്ങള്‍ കണ്ടറിയുന്നില്ലേ എന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ നമ്മോട് ചോദിക്കുന്നുണ്ട് (സൂറത്തുദ്ദാരിയാത്ത് 21).
നാം ചുറ്റുപാടും നോക്കിയാല്‍ ഓരോന്നിലും ദൈവ ദൃഷ്ടാന്തങ്ങളും അനുഗ്രഹങ്ങളും കണ്ടെത്താനാവും. ഉപജീവനങ്ങള്‍,ആവാസ സൗകര്യങ്ങള്‍,കുടുംബങ്ങള്‍,സ്വസ്ഥത ജീവിതം,നല്ല ഭരണകൂടം,സ്ഥാപനങ്ങള്‍,വിദ്യാഭ്യാസ സംവിധാനങ്ങള്‍,അതിവേഗ ഡിജിറ്റല്‍ ഉപകരണങ്ങള്‍…. ഇങ്ങനെ എല്ലാം അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹങ്ങള്‍ തന്നെ. അവയൊന്നും എണ്ണിത്തിട്ടപ്പെടുത്താനാവില്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എണ്ണിനോക്കുകയാണെങ്കില് നിങ്ങള്‍ക്കവ തിട്ടപ്പെടുത്താനാവില്ലെന്ന് ഖുര്‍ആന്‍ പറയുന്നു. (സൂറത്തു ഇബ്രാഹീം 34).
നാവ് എത്ര വാചാലമായാലും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ പറഞ്ഞുതീരില്ല. നെറ്റിത്തടം എത്ര സാഷ്ടാംഗം നമിച്ചാലും അവന്റെ അനുഗ്രങ്ങള്‍ക്കുള്ള ഉപകാരസ്മരണ ചെയ്തു തീര്‍ക്കാനാവില്ല. അവനോട് നാം നന്ദിയുള്ളവരായിരിക്കണം. അല്ലാഹുവിനോടും മാതാപിതാക്കളോടും നന്ദികാണിക്കണമെന്ന് അല്ലാഹു തന്നെ പറയുന്നുണ്ട്.(സൂറത്തു ലുഖ്മാന് 14). സ്രഷ്ടാവിനോട് നന്ദിപ്രകടിപ്പിക്കല്‍ സൃഷ്ടികളുടെ ബാധ്യതയാണ്. അതാണ് പ്രവാചകന്മാരുടെ മാര്‍ഗം. അല്ലാഹുവിന് നന്ദിചെയ്യാനുള്ള ആവതുണ്ടാകാന് നാം പ്രാര്‍ത്ഥിക്കണം. ഒരിക്കല്‍ ഒരാള്‍ നബി (സ്വ)യോട് ചോദിച്ചു: എന്ത് സമ്പത്താണ് നാം ഉണ്ടാക്കിവെക്കേണ്ടത്? നബി (സ്വ) മറുപടി പറഞ്ഞു: നിങ്ങളോരോരുത്തരും നന്ദിയുള്ള ഹൃദയമുണ്ടാക്കിയെടുക്കണം (അഹ്മദ് 22437).
അല്ലാഹുവിന്റെ അനുഗ്രഹങ്ങളോടുള്ള നന്ദി പ്രകാശനം മൂന്നു രീതികളിലാണ്. ഒന്ന് അനുഗ്രഹങ്ങള്‍ അംഗീകരിക്കല്‍. രണ്ട് അവ അധികമായി സ്മരിക്കല്‍. മൂന്ന് അവ ദാതാവായ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശരിയായി ഉപയോഗിക്കല്‍. എല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് പൂര്‍ണാര്‍ത്ഥത്തില്‍ അംഗീകരിക്കണം. അനുഗ്രഹമായി നിങ്ങള്‍ക്ക് എന്തൊക്കെയുണ്ടോ അവയത്രയും അല്ലാഹുവില്‍ നിന്നുള്ളതാണ്.(സൂറത്തുന്നഹ്ല് 53). അവ എപ്പോഴും നന്നായി ഓര്‍ക്കണം. ‘സത്യവിശ്വാസികളേ,ഒരു വിഭാഗമാളുകള്‍ നിങ്ങളെ കയ്യേറ്റം ചെയ്യാനുദ്ദേശിച്ചപ്പോള്‍ അല്ലാഹു അവരുടെ കരങ്ങളെ നിങ്ങളില്‍ നിന്നു തടുത്ത അനുഗ്രഹം ഓര്‍ക്കുക (സൂറത്തു മാഇദ 11).
നമ്മുടെ പിതാക്കള്‍ക്കും പ്രപിതാക്കള്‍ക്കും ലഭിക്കാത്ത എത്രയെത്ര അനുഗ്രഹങ്ങളാണ് നമുക്ക് അല്ലാഹു കനിഞ്ഞേകിയിട്ടുള്ളത്. എല്ലാറ്റിന്റെയും മൂല്യം നാം അറിഞ്ഞിരിക്കണം. എല്ലാം യുക്തമായി ഉപയോഗിക്കണം. ഒന്നിലും അമിതവ്യയമോ ധൂര്‍ത്തോ പാടില്ല. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടില്ല (സൂറത്തുല്‍ അന്‍ആം 141).
നന്ദി ചെയ്യുന്നവരുടെ അനുഗ്രഹങ്ങളില്‍ അല്ലാഹു പുണ്യങ്ങള്‍ വാരിക്കോരി നല്‍കും. ഹൃദയ സന്തുഷ്ടിയും ജീവിതവിജയവും ഉപജീവനത്തില്‍ വര്‍ധവും പ്രദാനം ചെയ്യും. നന്ദി ചെയ്യുന്നവര്‍ക്ക് പിന്നെയും പിന്നെയും അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചുനല്‍കുമെന്ന് അല്ലാഹു തന്നെ വാഗ്ദാനം ചെയ്തതാണ് (സൂറത്തു
ഇബ്രാഹീം 07).
അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യുന്നതിന്റെ ഏറ്റവും പ്രകടമായ രൂപം അനുഗ്രഹങ്ങള്‍ ചെയ്തുതന്ന അല്ലാഹുവിന്റെ പ്രീതിയിലായി അവയെ ഉപയോഗിക്കലാണ്. അനുഗ്രഹങ്ങള്‍ ദൈവാനുസരണക്കുള്ള വകകളാവണം. അനുസരണക്കേടിനുള്ള മാര്‍ഗമാവരുത്. ദാവൂദ് നബി (അ)യോടും കുടുംബത്തോടും അല്ലാഹു കൃതജ്ഞതാപൂര്‍വം കാര്യങ്ങള്‍ ചെയ്യാന്‍ കല്‍പ്പിക്കുന്നത് വിശുദ്ധ ഖുര്‍ആനില്‍ കാണാം (സൂറത്തു സബഅ് 13).
അറിവ് വലിയ അനുഗ്രഹമാണ്. അതിനെ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാവും വിധം പ്രയോജനപ്പെടുത്തണം. സമ്പാദ്യത്തിലെ അനുഗ്രഹങ്ങളെ ശരിയായ രീതിയില്‍ അര്‍ഹര്‍ക്ക് ദാനങ്ങള്‍ നല്‍കിയോ വഖ്ഫ് നല്‍കിയോ ഫലപ്രദമാക്കണം. ദാനം സമ്പത്തില്‍ നിന്ന് ഒന്നും കുറക്കില്ലെന്നാണ് നബി വചനം (ഹദീസ് തുര്‍മുദി 2325). ശരീരത്തെയും ആരോഗ്യത്തെയും നിഷിദ്ധങ്ങളില്പ്പെടാതെ ദൈവമാര്‍ഗത്തില്‍ ഉപയോഗപ്പെടുത്തണം. ജോലിയും സ്ഥാനമാനവും അനുഗ്രഹങ്ങളാണ്. അവ മുറപോലെ നിറവേറ്റണം. സഹപ്രവര്‍ത്തകര്‍ക്ക് സഹായകമാവണം. മറ്റൊരാളെ സഹായിക്കുമ്പോള്‍ അവനെ അല്ലാഹുവും സഹായിക്കുമെന്നാണ് പ്രവാചകന് മുഹമ്മദ്(സ) പഠിപ്പിച്ച പാഠം.(മുസ്ലിം 2699).
ഈ മഹത്തായ രാജ്യത്തിന്റെ ഔദാര്യത്തോട് ചേര്‍ന്ന് നിന്ന് ആശ്വാസം കണ്ടെത്തുകയും ആ തണലില്‍ മുന്നോട്ട് പോവുകയും ചെയ്യുന്ന പ്രിയമുള്ളവരേ, ഈ രാജ്യമെന്ന വലിയ അനുഗ്രഹം നിങ്ങള്‍ മനസിലാക്കണം. രാജ്യത്തെ നന്മയും അഭിവൃദ്ധിയും നിലനില്ക്കാന് നിങ്ങള്‍ പരിശ്രമിക്കണം. ഏറ്റവും സുന്ദരമായത് രാജ്യത്തിന് തിരിച്ച് നല്‍കണം. ഇവിടെ സുസ്ഥിരതയും സുഭിക്ഷതയും നിലനില്ക്കാനും ഈ രാജ്യത്തിന്റെ നേതൃത്വത്തിന് അല്ലാഹുവിന്റെ പ്രീതിയിലും ഇഷ്ടത്തിലും മുന്നോട്ട് പോകാന്‍ തൗഫീഖ് ഉണ്ടാവാനും നിങ്ങള്‍ പ്രാര്‍ത്ഥിക്കണം.