
‘പൊടി മൂടി’ യുഎഇ; ഇന്നും സാധ്യത
നിയമ നിര്‍മാണ പ്രക്രിയയില്‍ വിപ്ലവകരമായ ചുവടുവെപ്പ്; ലോകത്ത് ആദ്യ സംരംഭം
അബുദാബി: നിയമ നിര്‍മാണ പ്രക്രിയയില്‍ വിപ്ലവകരമായ പരിവര്‍ത്തനത്തിന് തുടക്കമിടാന്‍ യുഎഇ കാബിനറ്റില്‍ റെഗുലേറ്ററി ഇന്റലിജന്‍സ് ഓഫീസ് സ്ഥാപിക്കാന്‍ അബുദാബിയിലെ ഖസര്‍ അല്‍ വതനില്‍ നടന്ന യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇ ഗവേണേഴ്സിന്റെ ഭാഗമായി ലോകത്ത് ഒരു മന്ത്രിസഭക്കുള്ളില്‍ നടപ്പാക്കുന്ന ആദ്യ സംരംഭമാണിത്. യുഎഇയിലെ എല്ലാ ഫെഡറല്‍,പ്രാദേശിക നിയമങ്ങളെയും ഒരുമിച്ചു കൊണ്ടുവരുന്ന സമഗ്രമായ നിയമനിര്‍മാണ പദ്ധതി സൃഷ്ടിക്കുന്നതിനാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുക. അവയെ കൃത്രിമബുദ്ധി വഴി ജുഡീഷ്യല്‍ വിധികള്‍,എക്സിക്യൂട്ടീവ് നടപടിക്രമങ്ങള്‍,പൊതുസേവനങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കും.
വലിയ തോതിലുള്ള ഡാറ്റ ഉപയോഗിച്ച് ജനങ്ങളിലും സമ്പദ്വ്യവസ്ഥയിലും നിയമങ്ങള്‍ ചെലുത്തുന്ന ദൈനംദിന സ്വാധീനം ട്രാക്ക് ചെയ്യാന്‍ പുതിയ സംവിധാനം സഹായകമാകും. കൂടാതെ ഈ കേന്ദ്രം നിയമനിര്മാണത്തിലേക്കുള്ള അപ്ഡേറ്റുകള് പതിവായി നിര്‍ദേശിക്കുകയും ചെയ്യും. മികച്ച അന്താരാഷ്ട്ര നയങ്ങളും നിയമനിര്‍മാണ രീതികളും പിന്തുടരുന്നതിനും അവ യുഎഇയുടെ സവിശേഷ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാക്കുന്നതിനും ഈ സംവിധാനം പ്രമുഖ ആഗോള ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. പുതിയ എഐ സംവിധാനം രാജ്യത്തെ നിയമനിര്‍മാണ രീതിയെ തന്നെ മാറ്റിയെഴുതുമെന്ന് മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം
പറഞ്ഞു.
നിയമനിര്‍മാണ പ്രക്രിയ വേഗത്തിലും കൃത്യതയിലുമാക്കുമെന്നത് പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. രാജ്യത്തിന്റെ നിയമനിര്‍മാണ ചട്ടക്കൂട് വേറിട്ടുനില്ക്കുന്നുവെന്ന് ഉറപ്പാക്കുന്നതാകും പുതിയ സംവിധാനമെന്നും യുഎഇയുടെ ദ്രുത വികസനത്തിന്റെ അതുല്യമായ പാതയില്‍ സത്യസന്ധത പുലര്‍ത്തുന്നതിനൊപ്പം രാജ്യത്തിന്റെ നിയമങ്ങളെ മികച്ച ആഗോള രീതികളുമായി വിന്യസിക്കാനും ഇതുവഴി സാധിക്കുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം
പറഞ്ഞു.
ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ചെയര്‍മാനായി എമിറേറ്റ്സ് കൗണ്‍സില്‍ ഫോര്‍ ബാലന്‍സ്ഡ് ഡെവലപ്മെന്റ് പുനഃസംഘടിപ്പിച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സന്തുലിത വളര്‍ച്ച ഉറപ്പാക്കുന്ന ഫലപ്രദമായ പദ്ധതികള്‍ വികസിപ്പിക്കുക എന്നതാണ് കൗണ്‍സിലിന്റെ ലക്ഷ്യം. കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്തിന്റെ ഗ്രാമങ്ങളില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും ദേശീയ അജണ്ടയെ പിന്തുണയ്ക്കുന്ന വ്യതിരിക്തമായ കമ്മ്യൂണിറ്റി, വികസന സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ‘മെയ്ക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ്’ ഫോറം സംഘടിപ്പിക്കുന്നതിനുള്ള വ്യവസായ,നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ തയാറെടുപ്പുകളും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തുവെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
നിക്ഷേപ സാധ്യതകള്‍,വാങ്ങല്‍ അവസരങ്ങള്‍,ധനസഹായ പരിഹാരങ്ങള്‍,160 ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള പങ്കാളിത്തങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് ഫോറം രാജ്യത്തിന്റെ വ്യാവസായിക മേഖലയെ ശക്തിപ്പെടുത്തുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 59% വളര്‍ച്ച കൈവരിച്ച വ്യാവസായിക മേഖല രാജ്യത്തെ ജിഡിപിയിലേക്ക് 210 ബില്യണ്‍ ദിര്‍ഹം സംഭാവന ചെയ്തുവെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
‘യുഎഇ കോപ് 28 ന് ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച എനര്‍ജി എഫിഷ്യന്‍സി ഗ്ലോബല്‍ അലയന്‍സിന് മന്ത്രിസഭ്ാ യോഗം അംഗീകാരം നല്കി. 2030ഓടെ എല്ലാ മേഖലകളിലും ഊര്‍ജ കാര്യക്ഷമത ഇരട്ടിയാക്കുന്നതിന് അന്താരാഷ്ട്ര സഹകരണം വളര്‍ത്തിയെടുക്കുക,വൈദഗ്ധ്യം പങ്കിടുക,ആഗോള നയങ്ങള്‍ വികസിപ്പിക്കുക എന്നിവയാണ് ഈ സഖ്യത്തിന്റെ ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ആരംഭിച്ച ‘പ്ലാന്റ് ദി എമിറേറ്റ്സ്’ കാമ്പയിന്,ദേശീയ കായിക മേഖലയുടെ നേട്ടങ്ങള്‍,കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം,തീവ്രവാദ ധനസഹായ അപകടസാധ്യതകള്‍ എന്നിവയെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടും യോഗത്തില്‍ അവലോകനം ചെയ്തു.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 7.5 ബില്യണ്‍ ദിര്‍ഹം വിലമതിക്കുന്ന 9,400 ഭവനങ്ങള്‍ക്ക് അംഗീകാരം നല്കിയ ശൈഖ് സായിദ് ഭവന പദ്ധതിക്കായുള്ള പുതിയ ധനസഹായ പദ്ധതികള്‍ പരിശോധിച്ചു. ഭവനത്തിനായുള്ള ആവശ്യങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ ഈ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ പിന്തുണയ്ക്കുകയും ആഗോള മത്സരശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്ന യുഎഇയുടെ നികുതി സമ്പ്രദായത്തിന്റെ പുരോഗതിയെക്കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. സ്വിറ്റ്സര്‍ലന്റിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം നികുതി നയ കാര്യക്ഷമതയില്‍ യുഎഇ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തും നികുതി വെട്ടിപ്പ് ചെറുക്കുന്നതില്‍ രണ്ടാം സ്ഥാനത്തുമാണ്. രാജ്യത്തിന്റെ ഭാവിയിലേക്കുള്ള സാമ്പത്തിക അടിത്തറയുടെ പ്രധാന ഭാഗമാണ് നികുതി സംവിധാനം. ലോകോത്തര നികുതി സമ്പ്രദായത്തിലൂടെ യുഎഇയുടെ സാമ്പത്തിക സുസ്ഥിരതയ്ക്ക് സംഭാവന നല്കുന്ന ടീമിനെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. സാമ്പത്തിക,വികസന,ഗവണ്മെന്റ് മേഖലകളിലെ 44 അന്താരാഷ്ട്ര കരാറുകള്‍ക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളുമായി നിക്ഷേപ സംരക്ഷണ, പ്രോത്സാഹന കരാറുകള്‍ക്കായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും തീരുമാനമായി.
വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്,യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം,ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്,ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.