കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
വാഷിങ്ടണ്‍ : നൂതന സാങ്കേതികവിദ്യയില്‍ ദ്രുതഗതിയിലുള്ള പുരോഗതി ചര്‍ച്ച ചെയ്യുന്നതിനായി യുഎ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല,ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്,എന്‍വിഡിയ സിഇഒ ജെന്സന് ഹുവാങ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി. നിര്‍മ്മിത ബുദ്ധി സാങ്കേതിക വികാസങ്ങള്‍ നല്കുന്ന അവസരങ്ങളെയും ഈ മേഖലയിലെ വര്‍ധിച്ചുവരുന്ന സാധ്യതകളിലുമുള്ള യുഎഇ-യുഎസ് സഹകരണത്തെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
ഈ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള സഹകരണത്തില്‍ ജി42 ഉം മൈക്രോസോഫ്റ്റും തമ്മിലുള്ള സമീപകാല പങ്കാളിത്തവും യുഎഇ ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ എംജിഎക്സ്,മൈക്രോസോഫ്റ്റ്,ബ്ലാക്ക്റോക്ക് എന്നിവയും മറ്റ് പ്രമുഖ കമ്പനികളും ഉള്‍പ്പെടുന്ന ആഗോള എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് പാര്‍ട്ണര്‍ഷിപ്പും ശക്തിപ്പെടുത്താനും ധാരണയായി.
ഈ സഹകരണം ആഗോള വികസനത്തിനും സമൃദ്ധിക്കും വേണ്ടി എഐയിലെ നിക്ഷേപത്തിന് ഗണ്യമായ വര്‍ധനവിനും ഇടയാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വികസന അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി എഐയിലും നൂതന സാങ്കേതികവിദ്യയിലും നിക്ഷേപം നടത്താനുള്ള യുഎഇയുടെ ഉറച്ച പ്രതിജ്ഞാബദ്ധത ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് വീണ്ടും ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര പങ്കാളികളുമായുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. എഐയുടെയും നൂതന സാങ്കേതികവിദ്യയുടെയും ഉത്തരവാദിത്തപരമായ ഉപയോഗം ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികള്‍ക്ക് പുരോഗതിയും സാമ്പത്തിക അവസരവും ത്വരിതപ്പെടുത്താനുള്ള കഴിവുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. യുഎഇയുടെ എഐ തന്ത്രത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട് നൂതന സാങ്കേതിക വിദ്യയില്‍ യുഎഇയുമായുള്ള സഹകരണം തുടരാന്‍ മൂന്ന് കമ്പനികളുടെയും സിഇഒമാര്‍ അതീവ താല്പര്യം പ്രകടിപ്പിച്ചു. ശൈഖുമാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിലെ നിരവധി അംഗങ്ങളും യോഗങ്ങളില്‍ പങ്കെടുത്തു.