കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : യുഎഇ പൊതുമാപ്പ് കാലാവധി രണ്ട് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. പുതിയ സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചു. നിരോധം കൂടാതെ യുഎഇയില്‍ താമസിക്കുന്നത് ക്രമപ്പെടുത്താനും രാജ്യം വിടാനുമുള്ള അവസാന അവസരമാണ് ഈ വിപുലീകരണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു. സാധുതയുള്ള വിസയില്ലാത്ത ആളുകള്‍ക്കായി സമയപരിധിക്ക് ശേഷം അതോറിറ്റി വിപുലമായ കാമ്പയിനുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിഴയടക്കാതെ രാജ്യം വിടുകയോ തൊഴില്‍ കരാര്‍ ഉണ്ടാക്കുകയോ രാജ്യത്ത് തുടരുന്നതിന് അവരുടെ പദവി മാറ്റുകയോ ചെയ്തുകൊണ്ട് നിയമലംഘകര്‍ക്ക് ഒരു നല്ല അവസരം നല്‍കുന്നതിന് അതോറിറ്റി ഒരവസരം കൂടി ഒരുക്കിയിരിക്കുകയാണ്. നേരത്തെ രണ്ട് മാസത്തേക്ക് ആരംഭിച്ച പൊതുമാപ്പ് സെപ്റ്റംബര്‍ 1 ന് ആരംഭിക്കുകയും ഒക്ടോബര്‍ 31ന് അവസാനിച്ചിരുന്നു.
കാലാവധി തീര്‍ന്ന ഇന്നലെ അവസാന നിമിഷത്തിലാണ് പൊതുമാപ്പ് നീട്ടിയതായുള്ള തീരുമാനം പുറത്തുവരുന്നത്. രാജ്യത്തുടനീളമുള്ള ഇമിഗ്രേഷന്‍ കേന്ദ്രങ്ങള്‍ വ്യാഴാഴ്ച തിരക്കേറിയ ദിവസമായിരുന്നു. ദുബൈയിലെ അല്‍ അവീര്‍ സെന്ററില്‍ ആവശ്യാനുസരണം ഇമിഗ്രേഷന്‍ ഓഫീസര്‍മാരുടെ എണ്ണം ഇരട്ടിയാക്കിയിരുന്നു. പുതിയ തീരുമാന പ്രകാരം നിയമലംഘകര്‍ക്ക് രണ്ട് മാസം കൂടി അവസരം ലഭിച്ചിരിക്കുകയാണ്. ‘നിങ്ങള്‍ക്ക് ജോലി കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, ദയവായി രാജ്യം വിടുക, നിങ്ങള്‍ക്ക് തിരികെ വരാം, നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സ്വാഗതം,’ ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിലെ ഉപഭോക്തൃ സന്തോഷ വിഭാഗം ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ സലേം ബിന്‍ അലി മുമ്പ് പറഞ്ഞു. നിയമലംഘകര്‍ക്ക് പുറമെ തൊഴില്‍ തട്ടിപ്പിനിരയായി യുഎഇയില്‍ കുടുങ്ങിയ നിരവധി അഭ്യസ്തവിദ്യരായ ആളുകള്‍ക്ക് പൊതുമാപ്പ് ഗുണം ചെയ്തു.
പലര്‍ക്കും പുതിയ ജോലി തേടാനും രാജ്യം വിടാനുമുള്ള അവസരമാണ് ലഭിച്ചത്. പൊതുമാപ്പിനുള്ള അപേക്ഷ പ്രോസസ് ചെയ്യാന്‍ കഴിയുന്ന സ്ഥലങ്ങള്‍ എല്ലാ എമിറേറ്റുകളിലും തുടരും. അബുദാബിയില്‍, അല്‍ ദഫ്ര, സ്വീഹാന്‍, അല്‍ മഖാം, അല്‍ ഷഹാമ എന്നിവിടങ്ങളിലെ ഐസിപി കേന്ദ്രങ്ങളിലും ഐസിപി അംഗീകരിച്ച സ്വകാര്യ ടൈപ്പിംഗ് സെന്ററുകളിലും ആളുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ സമര്‍പ്പണങ്ങള്‍ ഉള്‍പ്പെടെയുള്ള അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങള്‍ സാധാരണയായി ടൈപ്പിംഗ് സെന്ററുകള്‍ നിര്‍വഹിക്കുന്നു. ദുബൈയിലെ ആമര്‍ സര്‍വീസ് സെന്ററുകളിലും അല്‍ അവീറിലെ ഇമിഗ്രേഷന്‍ നിയമലംഘകര്‍ക്കുള്ള കേന്ദ്രത്തിലും പൊതുമാപ്പ് സേവനങ്ങള്‍ ലഭ്യമാക്കും. പൊതുമാപ്പ് അപേക്ഷകള്‍ മറ്റു എമിറേറ്റുകളിലെ ഐസിപി കേന്ദ്രങ്ങളില്‍ നല്‍കാം. പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ നിയമലംഘകര്‍ക്കെതിരെ ഐസിപി പരിശോധന ശക്തമാക്കും. 2007 മുതല്‍ യുഎഇ ഗവണ്മെന്റ് ആരംഭിച്ച നാലാമത്തെ പൊതുമാപ്പ് പദ്ധതിയാണ് ഈ വര്‍ഷം. 2018ല്‍ പ്രഖ്യാപിച്ച പൊതുമാപ്പ് 2018 ഒക്ടോബര്‍ 31 വരെ 90 ദിവസത്തേക്കായിരുന്നു. എന്നാല്‍ ഇത്തവണ നാല് മാസമായി ഉയര്‍ത്തിയിരിക്കുകയാണ്.