യുഎഇയും ന്യൂസിലന്റും സാമ്പത്തിക സഹകരണ കരാറില്‍ ഒപ്പുവച്ചു
റിയാദ് : റിയാദ് മെട്രോയുടെ പ്രധാന സ്റ്റേഷനുകളിലൊന്നായ മ്യുസിയം സ്റ്റേഷന് ഉള്‍പ്പെടെ ബത്ഹയിലെ രണ്ട് സ്റ്റേഷനുകള്‍ കൂടി ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ബ്ലൂ ലൈനിലെ ഈ രണ്ട് സ്റ്റേഷനുകള്‍ കൂടാതെ ഓറഞ്ച് ലൈനിലെ ദഹ്റത്തുല്‍ ബദീഅ,അല്‍ ജറാദിയ സ്റ്റേഷനുകളും ഇതോടൊപ്പം തുറന്നിട്ടുണ്ട്. എന്നാല്‍ ബത്ഹക്കടുത്ത് ബ്ലൂ,ഓറഞ്ച് ലൈനുകള്‍ ക്രോസ് ചെയ്യുന്ന ഖസര്‍ അല്‍ഹുകും സ്റ്റേഷന് ഇതു വരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ബത്ഹക്കടുത്ത് തന്നെയുള്ള ഗ്രീന്‍ ലൈനില്‍ മിനിസ്ട്രി ഓഫ് ഫിനാന്‍സ് സ്റ്റേഷന് (പോസ്റ്റ് ഓഫീസ്) കഴിഞ്ഞയാഴ്ച തുറന്നിരുന്നു.
തലസ്ഥാന നഗരിയുടെ വികസന സ്വപ്നങ്ങള്‍ക്ക് ചാരുത പകര്‍ന്ന റിയാദ് മെട്രോയുടെ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന കേന്ദ്രങ്ങളാണ് ഇന്നലെ തുറന്ന ബത്ഹയിലെ രണ്ട് സ്റ്റേഷനുകളും. പ്രധാന സ്റ്റേഷനുകളിലൊന്നായ മ്യുസിയം സ്റ്റേഷന് വലിപ്പത്തിലും രൂപ ഭംഗിയിലും വേറിട്ടു നില്ക്കുന്നു. കിങ് അബ്ദുല്‍ അസീസ് ഹിസ്റ്റോറിക്കല്‍ സെന്ററിനോടനുബന്ധിച്ചുള്ള ഈ സ്റ്റേഷന്റെ അവസാന മിനുക്ക് പണികള്‍ നടന്നു വരികയാണ്. ഇതുവഴി അല്‍വത്തന്‍ പാര്‍ക്കിലേക്കും മ്യൂസിയം പാര്‍ക്കിലേക്കും പാര്‍ക്കിങ്ങിന്റെ തലവേദനയില്ലാതെ വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാവും.
ഈ സ്റ്റേഷനുകള്‍ തുറന്നതോടെ മലയാളികളടക്കമുള്ള വിദേശികളുടെ സംഗമ കേന്ദ്രമായ ബത്ഹയിലേക്ക് വരുന്നവര്‍ ഇനി കൂടുതലായും മെട്രോ ആയിരിക്കും ആശ്രയിക്കുക. ഇതോടെ ബത്ഹ മെയിന്‍ സിഗ്നലിലും പോസ്റ്റോഫീസ് സിഗ്നലിലും മണിക്കൂറുകള്‍ കാത്തിരുന്ന് മുഷിയുന്ന അവസ്ഥക്ക് ഇത് പരിഹാരമാവും. ബത്ഹയിലെ ഗതാഗത കുരുക്കും വിവിധ ഭാഗങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളും മാളുകളൂം ഉയര്‍ന്ന് വന്നതും മൂലം പലരും ഈ ഈ വാണിജ്യ നഗരിയെ കയ്യൊഴിഞ്ഞിരുന്നു. വിദേശികള്‍ ഒരു കാലത്ത് ബത്ഹയിലെത്തി പര്‍ച്ചേഴ്സ് നടത്തിയായിരുന്നു നാട്ടില്‍ പോയിരുന്നത്. കേരള മാര്‍ക്കറ്റ് അടക്കം അക്കാലത്ത് മലയാളിയുടെ സിരാകേന്ദ്രമായിരുന്ന ഇവിടം ഇപ്പോ ള്‍ ബംഗ്ലാദേശികള്‍ കയ്യടക്കിയ അവസ്ഥയിലാണ്. ക്ലിനിക്ക് സിറ്റി കൂടിയായ ബത്ഹ വിദേശികള്‍ ചികിത്സാവശ്യങ്ങള്‍ക്കും ആശ്രയിക്കുന്ന കേന്ദ്രമാണ്. മെട്രോയുടെ വരവില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഇവിടത്തെ ചെറുകിട കച്ചവടക്കാരും കൂടിയാണ്.
ബത്ഹ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണിവര്‍. കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത റിയാദ് മെട്രൊ ഇതിനകം റിയാദിലെ പൊതു സമൂഹം ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. നിരത്തുകളില്‍ തിരക്ക് കുറഞ്ഞിട്ടില്ലെങ്കിലും രാവിലെയും വൈകീട്ടും നാട്ടിലെ ട്രെയിനുകളുടെ അവസ്ഥയെ അനുസ്മരിപ്പിക്കും വിധമുള്ള തിരക്കാണ് മെട്രോയില്‍ അനുഭവപ്പെടുന്നത്. റോഡിലെ തിരക്കും പാര്‍ക്കിങ്ങിന് അലയേണ്ടി വരുന്നതും മൂലം സ്വദേശികളെയും വിദേശികളെയും ഒരു പോലെ ആകര്‍ഷിക്കുകയാണ് മെട്രൊ സര്‍വീസ്. അനുബന്ധമായി പ്രവര്‍ത്തിക്കുന്ന റിയാദ് ബസിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.