
മലയാളത്തിലെ പ്രമുഖ എഴുത്തുകാരെവളര്ത്തിയെടുത്തത് ചന്ദ്രിക:ഷാജഹാന് മാടമ്പാട്ട്
അബുദാബി : പുരോഗമനപരവും ശാസ്ത്രീയവുമായ മുന്നേറ്റം നടക്കുമ്പോഴും മറുവശത്ത് വളരെ സങ്കുചിതമായ പാരമ്പര്യത്തിന്റെ പേരില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് പ്രമുഖ ചിന്തകനും മലയാളം സര്‍വകലാശാല സയന്‍സ് ഡീനുമായ ഡോ.പി.കെ പോക്കര്. അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക സദസില്‍ ‘ജ്ഞാനോദയവും കേരളീയ പൊതുബോധവും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.
ശീലിച്ചതും പാലിച്ചതും അങ്ങനെ പോകുന്നുവെന്നല്ലാതെ അതില്‍ കവിഞ്ഞ് നമ്മുടെ യുക്തിചിന്തയില്‍ കാര്യമായ അപഗ്രഥനം നടക്കുന്നില്ല. കറുത്ത നിറമുള്ള ആള്‍ക്ക് നൃത്തം ചെയ്യാന്‍ പാടില്ലെന്നും ബ്രാഹ്മണനായി വീണ്ടും ജനിക്കണമെന്നു പറയുന്നതും, മധുവിനെ അടിച്ചു കൊല്ലുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. ദൈവികമായ അധികാരം ബ്രാഹ്മണ്യത്തില്‍ നിക്ഷിപ്തമാണെന്നുള്ള വികല ചിന്തയെ മറികടക്കുവാന്‍ ഇപ്പോഴും ധൈര്യപ്പെടുന്നില്ല. ബ്രാഹ്മണ പ്രത്യയശാസ്ത്രത്തില്‍ നിന്നാണ് ജാതിവ്യവസ്ഥയുണ്ടായത്. ഈ ആശയാധികാര വ്യവസ്ഥയ്ക്ക് ഭംഗം വരുന്ന രീതിയില്‍ അതിനെ ചോദ്യം ചെയ്തുകൊണ്ട് ജ്ഞാനബന്ധിയായ വിപ്ലവകരമായ കാര്യം നടന്നത് ശ്രീനാരായണഗുരു 1888ല്‍ അരുവിപ്പുറത്ത് നടത്തിയ പ്രതിഷ്ഠയിലൂടെയായാണ്. അതുവരെ നിലനിന്നിരുന്ന ആശയാധികാര വ്യവസ്ഥയില്‍ നടത്തിയ വിള്ളലാണത്.
പുരുഷാധികാരപരമായ ഒരു സാമൂഹ്യവ്യവസ്ഥ നിലനില്ക്കുന്നതുകൊണ്ടാണ് ‘പെണ്ണുകാണല്‍’ എന്നതിനപ്പുറം ‘ആണ്കാണല്’ എന്നത് സങ്കല്പിക്കാന് കഴിയാത്തത്. വലിയ വായയില്‍ പുരോഗമനം പറയുമ്പോഴും വീടുകളുടെ അകത്തളങ്ങളില്‍ നിലനില്‍ക്കുന്ന സാമ്പ്രദായിക വ്യവസ്ഥ മറികടക്കാന്‍ കഴിയാത്തതിന്റെ കഠിനമായ ഭാരം മലയാളി ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും കാലിക്കറ്റ് സര്‍വകലാശാല തത്വചിന്താവിഭാഗം പ്രഫസറും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയരക്ടര്‍ കൂടിയായ ഡോ.പി.കെ പോക്കര് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നു നടന്ന സംവാദത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. കേരള സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് ആര്. ശങ്കര്‍ അധ്യക്ഷനായി. സാംസ്കാരിക സദസില്‍ വനിതാവിഭാഗം കണ്‍വീനര്‍ ഗീത ജയചന്ദ്രന് പ്രസംഗിച്ചു. സെന്ററിന്റെ സ്നേഹോപഹാരം പ്രസിഡന്റ് എ.കെ ബീരാന്‍കുട്ടി ഡോ. പി.കെ പോക്കറിന് സമര്‍പിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ഷെരീഫ് മാന്നാര്‍ സ്വാഗതവും ജോ.സെക്രട്ടറി ഹിഷാം സൈനുലാബ്ദീന് നന്ദിയും പറഞ്ഞു.