കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
അബുദാബി: പുകവലിയെ ചെറുക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും തൊഴില് അന്തരീക്ഷത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി യുഎഇ ആരോഗ്യപ്രതിരോധ മന്ത്രാലയം പുകയില രഹിത ജോലിസ്ഥല ഗൈഡ് പുറത്തിറക്കി. മന്ത്രാലയത്തിന്റെ ദേശീയ പുകയില നിയന്ത്രണ പരിപാടി വികസിപ്പിക്കുന്ന ഗൈഡില് പുകയില രഹിത ജോലിസ്ഥലം സൃഷ്ടിക്കാന് സമഗ്രമായ വിശദീകരണം നല്കുന്നു. വ്യക്തിഗത ആരോഗ്യത്തിലും പരിസ്ഥിതിയിലും പുകവലിയുടെ ദോഷഫലങ്ങളും അത് ഉപേക്ഷിക്കുന്നതിന്റെ പ്രയോജനങ്ങളും ഗൈഡ് വിവരിക്കുന്നു. പുകവലി രഹിത അന്തരീക്ഷം സൃഷ്ടിക്കാനും നിയമലംഘനങ്ങള് കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും പ്രതിപാദിക്കുന്നു. പുകവലി ഉപേക്ഷിക്കാന് ജീവനക്കാരെ സഹായിക്കുന്നതിനുള്ള പ്രായോഗിക നിര്ദ്ദേശങ്ങളുമുണ്ട്. പുകയില നിയന്ത്രണത്തില് യുഎഇ ഒരു മുന്നിര രാജ്യമാണ്. പുകയില വിരുദ്ധ പ്രവര്ത്തനങ്ങളെ നിയന്ത്രിക്കുന്ന സമഗ്രമായ എക്സിക്യൂട്ടീവ് ചട്ടങ്ങളും 2009ലെ 15ാം നമ്പര് ഫെഡറല് നിയമവും രാജ്യം നടപ്പിലാക്കിയിട്ടുണ്ട്. പുകയില ഉല്പന്നങ്ങളില് നിന്ന് വിമുക്തമായ ഒരു ജോലിസ്ഥലം പരിപോഷിപ്പിക്കുന്നതിന് സര്ക്കാര്സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് ഗൈഡ് ഉപയോഗിക്കുമെന്ന് പബ്ലിക് ഹെല്ത്ത് സെക്ടര് അസിസ്റ്റന്റ് അണ്ടര് സെക്രട്ടറി ഡോ. ഹുസൈന് അബ്ദുള് റഹ്മാന് അല് റാന്ഡ് പറഞ്ഞു. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ സംരംഭങ്ങളില് പുകയില ഉപഭോഗം നിരീക്ഷിക്കല്, നിര്ത്തലാക്കല്, സേവനങ്ങള് നല്കല്, പുകയില ദോഷത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്ക്കരിക്കുക, പുകയില പരസ്യ നിരോധനം നടപ്പിലാക്കല് എന്നിവ ഉള്പ്പെടുന്നു. സമീപ വര്ഷങ്ങളില് പുകയില ഉപയോഗത്തിന്റെ വ്യാപനത്തില് ഗണ്യമായ കുറവ് കൈവരിച്ചുകൊണ്ട്, ആഗോള എന്സിഡി ആക്ഷന് പ്ലാന് 2025 നിറവേറ്റുന്നതിനുള്ള പാതയിലാണ് യുഎഇ.
ഫോട്ടോ: ജോലി സ്ഥലങ്ങള് പുകയില രഹിതമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രാലയം നടത്തിയ ക്ലാസ്