കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ : വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിന് ഷാര്‍ജയില്‍ വ്യാപക പരിശോധന. നിയമം ലംഘിച്ച് കഴിഞ്ഞ് വന്നിരുന്ന നൂറുക്കണക്കിന് പേര് വലയിലായി. താമസ കെട്ടിട ഏരിയകളിലും വ്യവസായ മേഖലകളിലും ഒരു പോലെ അധികൃതരുടെ വ്യാപക പരിശോധന നടന്ന് വരുന്നു. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിക്കുന്നവരെ ലക്ഷ്യം വെച്ചാണ് പ്രധാനമായും തെരച്ചില്‍. ജോലി സ്ഥലത്തു നിന്നും ഒളിച്ചോടി മറ്റു തൊഴില്‍ ചെയ്തു വന്നവരും പിടിയിലായവരില്‍ പെടുന്നു. സമാന്തരമായി നിരത്തില്‍ പോലീസിന്റെ വാഹന പരിശോധനയും ശക്തമാണ്. കേസുകളിലും മറ്റും പെട്ട് പിടികൊടുക്കാതെ മുങ്ങി നടക്കുന്ന അനേകം പേര് വാഹന പരിശോധനക്കിടയില്‍ പിടിയിലായിട്ടുണ്ട്.
അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് പഴുതടച്ച തെരച്ചിലാണ് നടന്നു വരുന്നത്. രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ നിയമ ലംഘന പ്രവര്‍ത്തനങ്ങളും അസാന്മാര്ഗിക ചെയ്തികളും പണ സമ്പാദന മാര്‍ഗമായി തെരഞ്ഞെടുക്കുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഒഴിവ് സമയം ചെലവഴിക്കാനായി തൊഴിലാളികള്‍ കൂട്ടമായി ഒത്തു കൂടുന്ന ഭാഗങ്ങളില്‍ നിരന്തര പരിശോധന നടക്കുന്നു. ദിവസങ്ങള്‍ ഇടവിട്ട് നിരന്തരം ഒരേ സ്ഥലത്ത് തന്നെ ഉദ്യോഗസ്ഥര്‍ തെരച്ചിലിനെത്തുന്നു. ഒറ്റ ദിവസം മണിക്കൂറുകളുടെ ഇടവേളയില്‍ പരിശോധന നടന്ന മേഖലകളുമുണ്ട്. സ്പോണ്‍സറുടെ അനുമതി പത്രമില്ലാതെ സ്ഥലം മാറി ജോലി ചെയ്യുന്നവരുള്‍പ്പെടെ അനധികൃത തൊഴിലാളികളെ പിടികൂടാന്‍ തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥരുടെ പരിശോധനയും നടക്കുന്നു. റോള, അല്‍ വഹ്ദ, അല്‍ നഹ്ദ, മുവൈലിയ തുടങ്ങി പ്രധാന വ്യാപാര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ തൊഴില്‍ പരിശോധക സംഘം തെരച്ചിലിനെത്തി. വ്യാപാര സ്ഥാപനങ്ങളില്‍ കയറി ഇറങ്ങി നടത്തിയ പരിശോധനയില്‍ മലയാളികളടക്കം നിരവധി ഏഷ്യന്‍ വംശജര്‍ക്ക് പിടിവീണു. ഇത്തരത്തില്‍ നിയമം ലംഘിച്ച് ജോലിക്ക് ആളെ വെക്കുന്ന സ്ഥാപന ഉടമക്ക് 2000 ദിര്‍ഹം പിഴ ചുമത്തുന്നു. ഇത് ആവര്‍ത്തിക്കാന്‍ പാടില്ലെന്ന ശാസനയും. നിയമ ലംഘനം ആവര്‍ത്തിക്കുന്ന പക്ഷം വന്‍ തുക പിഴ ഉള്‍പ്പെടെ നടപടി കൂടുതല്‍ കടുത്തതാവുമെന്ന മുന്നറിയിപ്പും നല്കുന്നു. വരും ദിവസങ്ങളില്‍ തെരച്ചില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് അറിയുന്നത്. താമസ കുടിയേറ്റ നിയമം കര്‍ശനമാക്കിയിട്ടും അനേകം പേര് നിയമം ലംഘിച്ച് രാജ്യത്ത് കഴിഞ്ഞു കൂടുന്നു എന്നത് അധികൃതര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്.