കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : കാല് നൂറ്റാണ്ടിലേറെ കാലം സിറിയ അടക്കി ഭരിച്ച ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ താഴെയിറക്കി ഹയാത് തഹ്രീര്‍ അല്‍ ഷാം വിമത സേന രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതോടെ ഏറ്റവും ഭീകരമായ വാര്‍ത്തകള്‍ പുറത്തുവരുന്നത് സിറിയയിലെ ജയിലുകളില്‍നിന്നാണ്. ജയിലുകള്‍ കയ്യേറിയ വിമതര്‍ ബശ്ശാറുല്‍ അസദും പിതാവ് ഹഫീസ് അല്‍ അസദും തടവിലാക്കിയ ആയിരക്കണക്കിന് ആളുകളെയാണ് മോചിപ്പിച്ചത്. മനുഷ്യരുടെ അറവുശാലയായി കുപ്രസിദ്ധി നേടിയ സെദ്നായ ജയിലില്‍ നിന്ന് സ്വതന്ത്രരാക്കപ്പെട്ടവര്ക്ക് പറയാനുളളത് ലോകത്തെ നടക്കുന്ന കൊടുക്രൂരതകളുടെ കഥകളാണ്.. പേരിനുപകരം പലര്‍ക്കും ഓര്മയുള്ളത് തടവുകാരുടെ നമ്പരാണ്. കണ്ണാടിയില്ലാതിരുന്നതിനാല് പലരും സ്വന്തം മുഖച്ഛായ പോലും മറന്നു. ഇതുവരെ ഒരു ചിത്രം പോലും പുറത്തുവന്നിട്ടില്ലാത്ത, നൂറുകണക്കിന് രഹസ്യ അറകളുണ്ടെന്ന് പറയപ്പെടുന്ന ആ കുപ്രസിദ്ധ തടവറയില്‍ ആരൊക്കെ എവിടെയൊക്കെ സ്വയം മറന്ന് ജീവിതം തള്ളിനീക്കുന്നുണ്ടെന്ന് ഇപ്പോഴും ഒരു പിടിത്തവുമില്ല. ഇത്രമാത്രം മനസുമരവിച്ചവരായി പുറത്തുവരാന്‍ മാത്രം സെദ്നായ അവരെ എങ്ങനെയാണ് മാറ്റിയെടുത്തത്? സെദ്നായ എങ്ങനെ ഭൂമിയിലെ നരകമായി…
ബ്ലാക്ക് ഹോളെന്നും മനുഷ്യന്റെ അറവുശാലയെന്നുമാണ് ഈ ഇരുണ്ട തടവറയെ വിളിച്ചിരുന്നത്. 2017ല്‍ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആണ് സെദ്നായയെ കുറിച്ചുള്ള റിപ്പോര്‍ട്ടിന് ഈ തലക്കെട്ട് നല്‍കിയത്. 1980ല്‍ സ്ഥാപിതമായ ഈ കുപ്രസിദ്ധ ജയില്‍ സിറിയന്‍ തലസ്ഥാനമായ ദമസ്കസില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. അതികഠിനമായ സുരക്ഷയാണ് ഈ കെട്ടിടത്തിനുള്ളത്. റെഡ് ബില്‍ഡിങ്, വൈറ്റ് ബില്‍ഡിങ് എന്നിങ്ങനെ രണ്ട് തടങ്കല്‍ പാളയങ്ങളുളള ഈ ജയിലില്‍ ഏകദേശം 30,000 ആളുകളെ പാര്‍പ്പിക്കാനുളള ശേഷിയുണ്ട്.
രാഷ്ട്രീയ എതിരാളികള്‍, ആക്ടിവിസ്റ്റുകള്‍, അസദ് കുടുംബത്തെ ചോദ്യം ചെയ്തവര്‍, ഭരണകൂടത്തോട് വിശ്വാസക്കുറവ് കാണിക്കുന്ന സൈനികര്‍ തുടങ്ങി നിരവധി പേരെയാണ് ഈ കുപ്രസിദ്ധ ജയിലിലടച്ചിരുന്നത്. പതിറ്റാണ്ടുകളായി സിറിയന്‍ മിലിട്ടറി പൊലീസും മിലിട്ടറി ഇന്റലിജന്‍സും ചേര്‍ന്നാണ് സെയ്ദ്നായ ഭരിച്ചിരുന്നത്. ബേസ്മെന്റുകളും രഹസ്യഅറകളും രഹസ്യവാതിലുകളും തുരങ്കങ്ങളും തുടങ്ങി എന്തൊക്കെയുണ്ടെന്ന് കണ്ടുപിടിക്കാനാകാത്ത വിധത്തിലാണ് ജയിലിന്റെ നിര്‍മാണം. 2011 നും 2016 നും ഇടയില്‍ മാത്രം 13,000 സിറിയക്കാര്‍ വിചാരണകൂടാതെ സെദ്നായയില്‍ കൊല്ലപ്പെട്ടുവെന്നാണ് ആംനസ്റ്റി കണക്ക്. സെദ്നായയിലെ കൊടുക്രൂരതകള്‍ പുറത്തുവരുമ്പോള്‍ ജയിലിലെ ഏറ്റവും ഞെട്ടിക്കുന്ന ഉപകരണം ഹ്യൂമന്‍ പ്രസ് അഥവാ ഹൈഡ്രോളിക് പ്രസ് ആണെന്ന് പുറത്തു വന്ന തടവുകാര്‍ പറയുന്നു. ആയിരങ്ങളെ എളുപ്പത്തില്‍ കൊന്നുതള്ളാന്‍ അസദ് ഭരണകൂടം വികസിപ്പിച്ചെടുത്ത ഉപകരണമാണിത്. മനുഷ്യരെ കൊലപ്പെടുത്തിയ ശേഷം ഈ പ്രസ്സിലിട്ട് അമര്‍ത്തും. കട്ടിയുള്ള ഇരുമ്പിന്റെ പ്രസ്സിനിടയില് ശരീരം അമര്‍ന്ന് ഒരു ഷീറ്റ് കണക്കെ ആയിത്തീരും. ശരീരത്തിലെ സ്രവങ്ങളെല്ലാം ഒലിച്ചുപോകാനുള്ള െ്രെഡനേജും അവിടെയുണ്ട്. ബാക്കിയാവുന്ന മനുഷ്യ ഷീറ്റ് കത്തിച്ചുകളയുകയാണ് ചെയ്തതെന്നും പുറത്തുവന്നവര്‍ വെളിപ്പെടുത്തി.
മാത്രമല്ല, ഒരു മീറ്റര്‍ ഉയരത്തിലുള്ള 20ല്‍ കൂടുതല്‍ കൊലക്കയറുകള്‍ വൈറ്റ് ബില്‍ഡിങ്ങിന്റെ വധശിക്ഷ നടപ്പിലാക്കുന്ന മുറിയില്‍ ഉണ്ടായിരുന്നു. നൂറോളം തടവുകാരെയാണ് ദിവസവും വധശിക്ഷ നടപ്പാക്കാനായി കൊണ്ടുപോയിരുന്നതെന്നും കൊല്ലുന്നതിനുമുന്‍പ് അതിക്രൂരമായി മര്‍ദിച്ചിരുന്നെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു. സഹതടവുകാരെ ദേഹോപദ്രവമേല്പ്പിക്കുമ്പോള് അവര്‍ അലറി വിളിക്കുന്ന ശബ്ദം റെക്കോര്‍ഡ് ചെയ്ത് തങ്ങളെ കേള്‍പ്പിക്കുമായിരുന്നു. സ്ത്രീകളെ പീഡിപ്പിക്കാന്‍ ബന്ധുക്കളായ തടവുകാരെ നിര്‍ബന്ധിച്ചു. ഇല്ലെങ്കില്‍ അവരേയും മര്‍ദിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും ജയിലില്‍ നിന്ന് പുറത്തിറങ്ങിയവര്‍ പറയുന്നു.
ഇനിയും രക്ഷിക്കാനാവാത്ത തടവുകാര്‍ ബേസ്മെന്റിലെ രഹസ്യമുറികളിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. രഹസ്യമുറികളുടെ ഇലക്ട്രിക് വാതിലുകള്‍ തുറക്കാനുള്ള കോഡ് അവിടത്തെ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. വാതിലുകള്‍ തുറക്കാനുള്ള കോഡുകള്‍ വിമത സൈനികര്‍ക്ക് കൈമാറണമെന്ന് ദമസ്കസ് ഗവര്‍ണറേറ്റ് കഴിഞ്ഞ ദിവസം അസദ് ഭരണകൂടത്തിലെ മുന്‍ സൈനികരോടും ജയില്‍ ജീവനക്കാരോടും സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഒരു ഊഹംപോലുമില്ലാത്ത രഹസ്യ അറകളില്‍ ഇപ്പോഴും വെളിച്ചം കാത്ത് മനുഷ്യര്‍ കിടപ്പുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.