കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ : ഗോതമ്പ്,പാല്,തേന്‍,ചോളം…വിത്തിടലും വിളവെടുപ്പുമായി ഷാര്‍ജയിലെ മലീഹ മരുഭൂമി പൊന്ന് വിളയിക്കും കൃഷിയിടമായി. ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രതീക്ഷിച്ചതിലുമധികം വിളവ് നല്കി അധികൃതരെ സന്തോഷിപ്പിക്കുകയാണ് മലീഹ. മലീഹ പാലിനും വിപണിയില്‍ വന്‍ ഡിമാന്റാണ്. ഡയറി ഫാം വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് ഷാര്‍ജ അഗ്രികള്‍ച്ചര്‍ ആന്റ് ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍ അതോറിറ്റി. സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നേരിട്ട് ഇടപെടുകയും പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ചെയ്യുന്ന പദ്ധതിയാണ് മലീഹ ഗോതമ്പ് കൃഷിയും മലീഹ ഡയറി ഫാമും. രാജ്യത്തിന്റെ ഭക്ഷ്യോത്പാദക രംഗത്ത് സുപ്രധാന നേട്ടമായി മലീഹയിലെ കാര്‍ഷിക പദ്ധതി ഇതിനകം ശ്രദ്ധ പിടിച്ചുപറ്റി. മരുഭൂമിയെ ഗോതമ്പ് കൃഷിയിടമാക്കുന്നതിന് കോടിക്കണക്കണക്കിന് ദിര്‍ഹമാണ് ഷാര്‍ജ ഭരണാധികാരി നീക്കിവച്ചിരിക്കുന്നത്. ഇവിടെ വിളയുന്ന ഭക്ഷ്യ ഉത്പന്നങ്ങളില്‍ മായം കലരാന്‍ പാടില്ല എന്ന നിര്‍ബന്ധവും ശൈഖ് സുല്‍ത്താനുണ്ട്. മാസങ്ങള്‍ കൊണ്ട് തന്നെ മലീഹ പാലിന് വന്‍ ഡിമാന്റാണ് വിപണിയില്‍ അനുഭവപ്പെട്ടത്.
ഡയറി ഫാമിന്റെ വിപുലീകരണ ഭാഗമായി 1,300 ഡാനിഷ് പശുക്കള്‍ കൂടി ഈയിടെ ഫാമില്‍ എത്തിച്ചിരുന്നു. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് പശുക്കളെ കൊണ്ടുവന്നത്. 2025 അവസാനത്തോടെ ഫാമിലെ പശുക്കളുടെ എണ്ണം 8000 ആക്കി ഉയര്‍ത്താനാണ് ഷാര്‍ജ ഭരണാധികാരിയുടെ നിര്‍ദേശം. ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഫാമില്‍ പശുക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പശുക്കളുടെ ആരോഗ്യവും പാലിന്റെ ഗുണനിലവാരും പരിശോധിച്ച് ഉറപ്പു വരുത്താന്‍ ലോകോത്തര സംവിധാനങ്ങള്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. എല്ലാ സ്വാഭാവിക ഘടകങ്ങളും നില നിര്‍ത്തുന്ന ഓര്‍ഗാനിക് പാലാണ് മലീഹയുടേത്. ഇവിടെയുള്ള പശുക്കള്‍ ശുദ്ധമായ എ2എ2 ജീനുകള്‍ വഹിക്കുന്നവയാണ്. 18 തനതായ ഘടകങ്ങളും ഈ പശുക്കളിലുണ്ട്. ദഹനം എളുപ്പമാക്കല്‍,കൊഴുപ്പിന്റെ അളവ് കുറക്കല്‍,ശരീര ഭാരം കുറക്കല്‍, ചര്‍മസംരക്ഷണം എന്നിവക്കെല്ലാം സഹായമാകും ഇവ ഉത്പാദിപ്പിക്കുന്ന പാല്. കൂടാതെ കൂടുതല്‍ കാല്‍സ്യം, വിറ്റാമിനുകള്‍, പോഷകങ്ങള്‍ എന്നിവ അടങ്ങിയതുമാണ്. പ്രതിരോധ ശേഷി ശക്തിപ്പെടുത്തല്‍,പ്രമേഹ സാധ്യത കുറക്കല്‍,അസ്ഥികളുടെ ബലം എന്നിവക്കും ഇത് ഉപകരിക്കും. മാനസിക ആരോഗ്യവും ഉറക്ക ഗുണവും മെച്ചപ്പെടുത്തുക, ഊര്‍ജം വര്‍ധിപ്പിക്കുക,ഹൃദ്രോഗങ്ങള്‍ അകറ്റുക എന്നിവയും മലീഹ പാലിന്റെ ഗുണങ്ങളാണ്. മലീഹയിലെ കൂറ്റന്‍ ഗോതമ്പ് പാടത്തോട് ചേര്‍ന്നാണ് ഡയറി ഫാമും.
മലീഹ കൃഷിപ്പാടത്ത് ചോളം കൃഷിയുടെ വിളവെടിപ്പും നടന്നുവരുന്നുണ്ട്. അത്യാധുനിക യന്ത്രങ്ങളുടെ സഹയായത്തോടെയാണ് വിളവെടുപ്പ്. ഹെക്ട്ടര്‍ കണക്കിന് പാടങ്ങളിലായാണ് ചോളം കൃഷിക്ക് വിത്തിട്ടത്. വിളവെടുത്ത ചോളങ്ങള്‍ വൈകാതെ യുഎഇ വിപണിയിലെത്തും. വിളവെടുപ്പിനു ശേഷം പാടങ്ങളിലെ ജൈവ മാലിന്യങ്ങള്‍ മലീഹ ഡയറി ഫാമിലെ പശുക്കള്‍ക്ക് ഭക്ഷണമായി നല്കുന്നു. കഴിഞ്ഞ മാസം മലീഹ ഫാമില്‍ ഔഷധ ഗുണമുള്ള മികച്ച ഇനം തേനിന്റെ വിളവെടുപ്പും നടന്നു. മലീഹ ഫാമിലെ പാലും പാലുത്പന്നങ്ങളും യൂണിയന് കോപ്പ്,കാരിഫോര്‍ വഴിയാണ് ആദ്യ ഘട്ടത്തില്‍ വിപണിയിലെത്തിയത്. എമിറേറ്റിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മലീഹ പാല് ലഭ്യമാക്കാനുള്ള പദ്ധതിയും പണിപ്പുരയിലാണ്.
മലീഹയില്‍ നടന്ന രണ്ടു ഗോതമ്പ് കൊയ്ത്തുത്സവത്തിന് നേതൃത്വം നല്‍കാനും കാണാനും ശൈഖ് സുല്‍ത്താന്‍ നേരിട്ട് പാടശേഖരത്തില്‍ എത്തിയിരുന്നു. 400 ഹെക്ട്ടറിലാണ് ഗോതമ്പ് കൃഷിക്ക് തുടക്കം കുറിച്ചത്. ആദ്യ വിളവെടുപ്പില്‍ 15, 200 ടണ്‍ ഗോതമ്പ് ലഭിച്ചു. തുടര്‍ന്ന് കൃഷി ഭൂമി 1500 ഹെക്ട്ടറിലേക്ക് വ്യാപിപ്പിച്ചു. നവീന യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള വിളവെടുപ്പും സംസ്കരണത്തിന്റെ വിവിധ വഴികളും കാണാന്‍ ശൈഖ് സുല്‍ത്താന്‍ ഇടക്കിടെ മലീഹ സന്ദര്‍ശിക്കും. ധാന്യവും വൈക്കോലും വേര്‍ത്തിരിക്കുന്നതും, വൈക്കോല്‍ ശേഖരിച്ചു ഒതുക്കി കെട്ടുകളാക്കി വെക്കുന്നതുമടക്കം കൗതുകത്തോടെ ശൈഖ് സുല്‍ത്താന്‍ നോക്കി കണ്ടു. വിളവെടുത്ത ഗോതമ്പ് പൊടിച്ചു മാവാക്കി പരിവര്‍ത്തിപ്പിക്കുന്നതും,പരുവത്തിലാക്കിയ ഉത്പന്നങ്ങളും അദ്ദേഹം നോക്കിക്കണ്ടു.
കൃഷിയിടത്തോട് ചേര്‍ന്ന് നിര്‍മിച്ച 1670 മീറ്റര്‍ ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിടം കേന്ദ്രീകരിച്ചാണ് കൃഷിയിടത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആവശ്യമായ ബയോടെക്നോളജി ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഇവിടെയാണ് ഒരുക്കിയിരിക്കുന്നത്. നിര്‍മിത ബുദ്ധി,സെന്‍സര്‍ ഉള്‍പ്പെടെ നവീന സാങ്കേതിക വിദ്യയും ഇവിടെ കൃഷിക്ക് ഉപയോഗപ്പെടുത്തുന്നു.