
ദുബൈയില്‍ ഇന്ന് ‘ലോക സമാധാനം’
ദുബൈ: ഭാവിയെ കുറിച്ചുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും നിലവാരം വിലയിരുത്തുന്ന ലോകത്തിലെ ആദ്യ കേന്ദ്രം ദുബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറീനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) ആണ് ‘ഫോര്‍സൈറ്റ് സ്റ്റഡികളുടെ നിലവാര മൂല്യനിര്‍ണയ കേന്ദ്രം’ ആരംഭിച്ചത്. വരുംകാല വെല്ലുവിളികളെയും സാധ്യതകളെയും മുന്‍കൂട്ടി കണ്ട്, കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ദുബൈയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമായാണ് കേന്ദ്രം സ്ഥാപിച്ചിട്ടുള്ളതെന്ന് ദുബൈ ജിഡിആര്‍എഫ്എ അറിയിച്ചു. ഭാവി പഠനങ്ങളുടെ പുരോഗതിയും കൃത്യതയും വിലയിരുത്തുന്നതിനായി ശാസ്ത്രീയമായി രൂപകല്പന ചെയ്ത നൂതനമായ ഒരു മൂല്യനിര്‍ണയ മാതൃക ഈ കേന്ദ്രം ഉപയോഗിക്കും. ആഗോളതലത്തിലുള്ള പ്രവണതകളുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ഫലങ്ങള്‍,വരുംകാലത്തേക്കുള്ള പദ്ധതികളുടെ വ്യക്തത, നിര്‍ദ്ദേശിക്കുന്ന പരിഹാരങ്ങളുടെ ദീര്‍ഘകാലത്തിലുള്ള സ്ഥിരത എന്നിവയെല്ലാം കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും പരിഗണിക്കുമെന്ന് ഡയരക്ടറേറ്റ് വ്യക്തമാക്കി
ഭാവി പഠനങ്ങള്‍ക്ക് ആഗോളതലത്തില്‍ കൂടുതല്‍ വിശ്വാസ്യതയും വിശകലനങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറയും നല്കുന്ന ഒരു വിശ്വസനീയ ഉറവിടമായി ഈ കേന്ദ്രം വളരുക എന്നതാണ് പ്രധാന ലക്ഷ്യം. നയപരമായ തീരുമാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് തീരുമാനമെടുക്കുന്നവരെയും ഗവേഷകരെയും കൂടുതല്‍ ഫലപ്രദമായി സഹായിക്കാന്‍ കഴിയുന്ന രീതിയിലാണ് കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഈ പദ്ധതിക്ക് ഇതിനോടകം തന്നെ ഈ രംഗത്തെ ആഗോള വിദഗ്ധരുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. വരുംകാല സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ശേഷിയുള്ള സ്മാര്‍ട്ട് സംവിധാനങ്ങള്‍ രൂപപ്പെടുത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ദുബൈയുടെ നവീനമായ മുന്നേറ്റങ്ങള്‍ക്ക് കേന്ദ്രം വലിയ മാതൃക പകരുമെന്ന് ദുബൈ ജിഡിആര്‍എഫ്എ മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. നവീകരണം,മുന്‍കരുതല്‍,കോര്‍പ്പറേറ്റ് ഗവര്ണന്സ്,സാമൂഹ്യ പ്രതിബദ്ധത എന്നീ മേഖലകളില്‍ സ്ഥാപനത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാനമായ ഒരു അവസരമായാണ് ഡയരക്ടറേറ്റ് പദ്ധതിയെ നോക്കി കാണുന്നത്. ആഗോള നിലവാരങ്ങള്‍ സ്വീകരിച്ച് ഉയര്‍ന്ന കാര്യക്ഷമതയുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ കേന്ദ്രം നിര്‍ണായക പങ്കു വഹിക്കുമെന്നും ജിഡിആര്‍എഫ്എ കൂട്ടിച്ചേര്‍ത്തു.