കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
മസ്കത്ത് : തനിക്കെതിരെ സിപിഎം പടച്ചുണ്ടാക്കിയ കേസ് സുപ്രീം കോടതി തള്ളുക മാത്രമല്ല, പിണറായിയുടെ പിരടിക്കു പിടിച്ച് തള്ളുകയാണ് ചെയ്തതെന്ന് മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. പ്ലസ്ടു കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയതിയതില് സന്തോഷമറിയിച്ച് മസ്കത്തില് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പ്ലസ്ടു കോഴ കേസില്‍ കെഎം ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഷാജിക്ക് എതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഇഡി നല്കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളി. എന്ത് തരം കേസാണ് ഇതെന്ന പരാമര്‍ശത്തോടെയാണ് ജസ്റ്റിസുമാരായ അഭയ് എസ്ഒക,അഗസ്റ്റിന് ജോര്‍ജ് മസിഹ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്.
ഭരണകൂടം ഒരാളെ വേട്ടയാടുമ്പോള്‍ നിസഹായനായി നില്ക്കാന് മാത്രമേ കഴിയൂ എന്നതിന്റെ ഉദാഹരണമാണിതെന്നും കെഎം ഷാജി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ നികേഷ്കുമാറിന്റെ പരാജയത്തിന് ശേഷം പ്രതികാരമെന്നോണം സര്‍ക്കാര്‍ തന്നെ വേട്ടയാടുകായിരുന്നു. തിരഞ്ഞെടുപ്പില്‍ നികേഷിന് വേണ്ടി പരസ്യമായി പ്രവര്‍ത്തിച്ച ലീഗ് പ്രവര്‍ത്തകനെ പുറത്താക്കിയിരുന്നു. ഇയാളാണ് ആദ്യ പരാതിക്കാരന്. ഇത് വിജലന്‍സ് കേസെടുക്കാനികില്ലെന്നു പറഞ്ഞു തള്ളി. പിന്നീട് 2020ല്‍ ഇതേ കേസ് കുത്തിപൊക്കിയാണ് തന്നെ വേട്ടയാടിയതെന്നും ഈ സമയത്തെല്ലാം തന്നോടൊപ്പം നിന്ന തങ്ങള്‍ കുടംബത്തിനുള്പ്പെടെ നന്ദി അറിയിക്കുന്നതായും ഷാജി പറഞ്ഞു.
രാഷ്ട്രീയ സമ്മര്‍ദങ്ങളെയും ഭരണ ഗൂഢാലോചനകളെയും തകര്‍ത്തെറിഞ്ഞ് ഒടുവില്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞതില്‍ ദൈവത്തോട് നന്ദി പറയുകയാണ്. കേസ് ആദ്യം മുതല്ക്കേ നിലല്ക്കില്ലെന്ന് സര്‍ക്കാറിന് നിയമോപദേശം ലഭിച്ചിട്ടും വൈരാഗ്യബുദ്ധിയോടെയായിരുന്നു മുന്നോട്ടുപോയിരുന്നത്. ഓരോ സിറ്റിങ്ങിനും കോടികള്‍ വാങ്ങുന്ന വക്കീലന്മാരെ വെച്ചായിരുന്നു സര്‍ക്കാര്‍ വാദിച്ചിരുന്നത്. പൊതു ഖജനാവില്‍നിന്ന് ഇങ്ങനെ നഷ്ടടമായ തുക എങ്ങനെ തിരിച്ച് പിടിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പ്ലസ്ടു അനുവദിച്ചതിന് തുക ആവശ്യപ്പെട്ട് ആരാണ് സ്കൂളിനെ സമീപ്പിച്ചതെന്നും ഇനിയെങ്കിലും സര്‍ക്കാര്‍ മറുപടി പറയണം. ഈ കേസിലേക്ക് ഇഡിയെ സര്‍ക്കാര്‍ വിളിച്ചു വരുത്തുകയായിരുന്നു. പിണറായി സര്‍ക്കാറിനൊപ്പം മോദി ഭരണകൂടത്തിന്റെ ഇഡിയും കൈകോര്‍ത്താണ് വേട്ടയാടിയത്. ഇതിന്റെ അനുബന്ധമായി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കള്ളക്കേസെടുത്ത് വീടുപോലും കണ്ടുകെട്ടാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചു.
കേസില്‍ ഇതുവരെ വിജിലന്‍സ് രേഖപ്പെടുത്തിയ 54 പേരുടെയും മൊഴികള്‍ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. മൊഴി നല്കിയവരില് ഏതെങ്കിലും ഒരു വ്യക്തി ഷാജി പണം ആവശ്യപെട്ടിട്ടുണ്ടോ എന്നും പണം വാങ്ങിയോ എന്നും മൊഴി നല്‍കിയിട്ടുണ്ടോ എന്നും സുപ്രീംകോടതി ആരാഞ്ഞു. അത്തരം ഒരു മൊഴിയുണ്ടെങ്കില്‍ അത് കാണിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പണം ആവശ്യപ്പെട്ടു, വാങ്ങി തുടങ്ങിയ മൊഴികളല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
2014ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് നീരജ് കിഷന് കൗളും, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി.ഹമീദും ആണ് സുപ്രീം കോടതിയില്‍ ഹാജരായത്. കെഎം ഷാജിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന് നിഖില്‍ ഗോയല്‍, അഭിഭാഷകന് ഹാരിസ് ബീരാന് എന്നിവരാണ് ഹാജരായത്. കേസ് ഹൈകോടതിയില്‍നിന്ന് തള്ളിയപ്പോള്‍തന്നെ സി.പി.എമ്മിലെ രണ്ട് സമുന്നത നേതാക്കള്‍ ഒത്തുതീര്‍പ്പുമായി തന്നെ സമീപിച്ചിരുന്നു. കേസ് അങ്ങനെ വിട്ടുകൊടുക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അണികളെ ഉപയോഗിച്ച് കായികമായി ആക്രമിക്കാനും ഇവര്‍ ലക്ഷ്യമിട്ടിരുന്നുവന്നും കെഎം ഷാജി പറഞ്ഞു. കേസിലെ വിജയം സുഹൃത്തുക്കളോടൊപ്പം മസ്കത്തില് കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.