കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
മസ്കത്ത് : മതവിദ്യാഭ്യാസമല്ല ദൈവിക മാര്‍ഗങ്ങളാണ് മനുഷ്യന് അന്യമായിക്കൊണ്ടിരിക്കുന്നതെന്ന് സുല്‍ത്വാനിയ ഫൗണ്ടേഷന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബാവ ഉസ്താദ്. മബേലയില്‍ സുല്‍ത്വാനിയ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു. മത കലാലയങ്ങളും മതപഠനങ്ങളും ഇന്ന് എവിടെയും ലഭ്യമാണ്. കര്‍മങ്ങളുടെ സ്വീകാര്യത ദൈവമാര്‍ഗം സ്വീകരിച്ചവര്‍ക്ക് മാത്രമാണ്. സംഘടന വളര്‍ത്തലും മതം വളര്‍ത്തലും വര്‍ഗീയതയിലേക്കും കലാപങ്ങളിലേക്കുമാണ് ലോകത്തെ എത്തിക്കുന്നത്. ദൈവമാര്‍ഗം വിശുദ്ധരായ ആളുകളുടെ കൈകളിലാണ് നിലകൊള്ളുന്നത്. തിരുനബി(സ്വ)യുടെ അനന്തരാവകാശികളായ തന്റെ പ്രതിനിധികളെയാണ് അല്ലാഹു അതിന് നിയോഗിച്ചിട്ടുള്ളത്. അബ്ദുല്‍ ഖാദിര്‍ ജീലാനി, സ്വാഹിബുല്‍ മിര്ബാത് എന്നിവരെപ്പോലുള്ള മഹാന്മാരുടെ പിന്തുടര്ച്ചക്കാരിലാണ് ഇന്നതുള്ളത്.
ഒമാന്‍ അടക്കമുള്ള അറബ് രാഷ്ട്രങ്ങളോട് ലോകം കടപ്പെട്ടവരാണ്. ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ പലതും അറബ് രാഷ്ട്രങ്ങളെ കൊണ്ട് ഉയര്‍ന്നുവന്നവരാണ്. അറബ് നാടുകള്‍ നമ്മുടെ പ്രാര്‍ഥനകളില്‍ ഉണ്ടായിരിക്കണം. അതേസമയം ജീവിതത്തിന്റെ ലക്ഷ്യം മറന്ന് നാം സുഖസൗകര്യങ്ങളെ ലക്ഷ്യം വെക്കുന്നവരായി മാറിപ്പോകുന്നതിനെ സൂക്ഷിക്കണമെന്നും ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് പറഞ്ഞു.
ഒമാനിലെ ഖാദിരിയാ സൂഫീ മാര്‍ഗത്തിന്റെ ഖലീഫ ശൈഖ് അബ്ദുല്‍ മജീദ് അല്‍മൈമനി അല്‍ ഖാദിരി മുഖ്യാതിഥിയായിരുന്നു. സയ്യിദ് അബ്ദുല്‍കരീം അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ഡോ.ശൈഖ് അബ്ദുന്നാസിര്‍ മഹ്ബൂബി,ജാസിം മഹ്ബൂബി,സ്വാലിഹ് മഹ്ബൂബി,ആരിഫ് സുല്‍ത്വാനി,അബ്ദുല്‍ അസീസ് അസ്ഹരി,അസീം മന്നാനി,താജുദ്ദീന് മുസ്്ലിയാര്‍,അബ്ദുല്‍ ഹകീം കോട്ടയം,ജൈസല്‍ തിരൂര്‍ പ്രസംഗിച്ചു.