കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
തിരുവനന്തപുരം : ഹോക്കിയിൽ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് പി.ആർ. ശ്രീജേഷിന് രണ്ട് കോടി പാരിതോഷികം നൽകാൻ മന്ത്രിസഭയോഗം തീരുമാനം. ഇതിന് പുറമെ കായിക കേരളത്തിന്റെ അഭിമാനമായി ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ സ്വന്തമാക്കിയ ശ്രീജേഷിന് സംസ്ഥാന സർക്കാർ വിപുലമായ സ്വീകരണവും നൽകും. ഓഗസ്റ്റ് 26 ന് വൈകുന്നേരം 4 മണിയ്ക്ക് തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും.
കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഗവൺമെന്റ് ജി.വി.രാജ സ്പോർട്സ് സ്കൂളിൽ 2000 – 2006 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കിയ ശ്രീ പി. ആർ ശ്രീജേഷ് 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്തതിനെ തുടർന്ന് 2013 ൽ പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻറ് സ്പോർട്സ് ഓർഗനൈസറായി നിയമനം നൽകി.
2013 – ൽ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന പതിനേഴാമത് ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയതിനെ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ തസ്തികയിലേക്ക് പ്രമോഷൻ നൽകി. 2021 ൽ ടോക്കിയോ നടന്ന ഒളിമ്പിക്സിലെ മെഡൽ നേട്ടത്തെ തുടർന്ന് ജോയിന്റ് ഡയറക്ടറായി പൊതു വിദ്യാഭ്യാസ വകുപ്പിൽ പ്രമോഷൻ നൽകി.ഇതോടൊപ്പം, ജക്കാർത്തയിൽ നടന്ന 18-ാമത് ഏഷ്യൻഗെയിംസിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തി മെഡൽ നേടിയ മുഹമ്മദ് അനസ്, കുഞ്ഞ് മുഹമ്മദ്,പി.യു.ചിത്ര, വിസ്മയ വി.കെ, നീന. വി എന്നീ കായിക താരങ്ങൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസറായി നിയമനം നടത്തിയതിന്റെ ഉത്തരവും കൈമാറും.
പരിപാടി സംബന്ധിച്ച ആലോചനായോഗം മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്നു. മുൻമന്ത്രിയും എം എൽ എ യുമായ കടകമ്പള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ എം വിജയകുമാർ, മേയർ ആര്യാ രാജേന്ദ്രൻ, വിവിധ മേഖലകളിലെ പ്രമുഖർ, കായിക രംഗത്തെ സംഘടന പ്രതിനിധികൾ,ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.