കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
പാരീസ് : ഒളിമ്ബിക്സ് വെങ്കല മെഡല്‍ നേട്ടം ആഘോഷമാക്കി ഇന്ത്യൻ ഹോക്കി താരങ്ങള്‍. മൈതാനത്തും ഡ്രസിങ് റൂമിലുമെല്ലാം താരങ്ങള്‍ ആർത്തുല്ലസിച്ചു.
ടോക്കിയോ ഒളിമ്ബിക്സിലെ മെഡല്‍നേട്ടം നിലനിർത്താനായതും ഇന്ത്യക്ക് ആശ്വാസമായി. സ്പെയിനെതിരായ മത്സരത്തില്‍ മികച്ച സേവുകളുമായി കളംനിറഞ്ഞ് മലയാളി താരം പി.ആർ ശ്രീജേഷായിരുന്നു. അവസാന മിനിറ്റിലുള്‍പ്പെടെ ഉജ്ജ്വല സേവ് നടത്തിയ ശ്രീജേഷ് ഇന്ത്യയുടെ രക്ഷകനായി ഒരിക്കല്‍ കൂടി അവതരിച്ചു. മത്സരശേഷം മൻപ്രീത് സിങ് പറഞ്ഞത് ഈ ജയം ഞങ്ങള്‍ ശ്രീജേഷിന് സമർപ്പിക്കുന്നുവെന്നായിരുന്നു. സമൂഹ മാധ്യമങ്ങളിലും താരത്തെ വാഴ്ത്തി നിരവധി പോസ്റ്റുകളാണെത്തിയത്. 52 വർഷങ്ങള്‍ക്ക് ശേഷമാണ് ഹോക്കിയില്‍ തുടർച്ചയായി രണ്ട് വെങ്കലമെഡല്‍ ഇന്ത്യ സ്വന്തമാക്കുന്നത്.
വെങ്കല പോരാട്ടത്തിനൊടുവില്‍ ശ്രീജേഷ് ഇന്ത്യയുടെ നീലക്കുപ്പായത്തോട് വിടപറയുമ്ബോള്‍ ഹോക്കിയില്‍ സമാനതകള്‍ ഇല്ലാത്തൊരു അധ്യായത്തിന് കൂടിയാണ് അവിടെ വിരാമമായത്. മലയാളത്തിന്റെ അഭിമാനവും ഇന്ത്യയുടെ കാവലാളുമായി ഒന്നര ദശാബ്ദത്തോളം ഇന്ത്യൻ ഹോക്കിയില്‍ നിറസാന്നിധ്യമായിരുന്നു ശ്രീജേഷ്. ഹോക്കിക്ക് വേരോട്ടമില്ലാത്ത കേരളത്തില്‍ നിന്നാണ് ശ്രീജേഷ് സ്വപ്നനേട്ടത്തിലേക്കെത്തിയത്. തുടർച്ചയായി രണ്ട് ഒളിമ്ബിക്സ് മെഡല്‍ നേടുന്ന ആദ്യ മലയാളി താരവുമായി 36 കാരൻ.
തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിലൂടെയായിരുന്നു തുടക്കം. 2004ല്‍ ഇന്ത്യൻ ജൂനിയർ ടീമില്‍ ഇടംപിടിച്ചു. രണ്ടുവർഷത്തിനകം സീനിയർ ടീമിലേക്കുള്ള വിളിയെത്തി. 2006 മുതല്‍ സീനിയർ ടീമില്‍ കളിക്കുന്ന ശ്രീ ഇതിനകം 335 മത്സരങ്ങളില്‍ കളത്തിലിറങ്ങി. നാല് ഒളിംപിക്സില്‍ കളിക്കുന്ന ആദ്യ ഇന്ത്യൻ ഗോള്‍കീപ്പറായ ശ്രീജേഷ് ലോകത്തിലെ ഏറ്റവും മികച്ച കാവല്‍ക്കാരനായി രണ്ടുതവണ തെരഞ്ഞടുക്കപ്പെട്ടു. നിരവധി മത്സരങ്ങളിലാണ് ഇന്ത്യയുടെ രക്ഷകന്റെ റോളില്‍ താരം അവതരിച്ചത്. രാജ്യം അർജുനയും പത്മശ്രീയും ഖേല്‍രത്നയും നല്കി ആദരിച്ചു. നിലവില്‍ കേരള സർക്കാരില്‍ ഹയർ എഡ്യുക്കേഷനലില് ജോയിന്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്.