കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : പൊതുമാപ്പ് സേവനങ്ങള്‍ തേടുന്ന കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആശ്വാസകരമായ അനുഭവം നല്‍കുന്നതിനായി ദുബൈയിലെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അല്‍ അവീറിലെ പൊതുമാപ്പ് ടെന്റില്‍ കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലം തുറന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസപരവും വിനോദപരവും അനുഭവങ്ങള്‍ ഉറപ്പാക്കുന്നതിന് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളോടെയാണു ഇത് സജ്ജീകരിച്ചിരിക്കുന്നത്.
കളിപ്പാട്ടങ്ങള്‍,ചിത്ര രചന,വായനാ സ്ഥലങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ കളിസ്ഥലം,കുട്ടികള്‍ക്ക് സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷം ഒരുക്കുന്നു. മാതാപിതാക്കള്‍ നടപടിക്രമങ്ങള്‍ പൂര്ത്തിയാക്കുന്നതിനിടയില് കുട്ടികള്‍ക്ക് അവിടെ സമയം സുഖകരമായി ചെലവഴിക്കാനാകും. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും മാനസികവും സാമൂഹികവുമായ സംതൃപ്തി നല്‍കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പൊതുമാപ്പ് സേവനങ്ങള്‍ മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തി നല്‍കുകയാണ് തങ്ങളുടെ ദൗത്യമെന്നും കുട്ടികളുടെ കളിസ്ഥലം പൊതുമാപ്പ് കേന്ദ്രത്തിന്റെ ഗുണപരമായ കൂട്ടിച്ചേര്‍ക്കലാണെന്നും അല്‍ അവീര്‍ എമിഗ്രേഷന്റെ അസിസ്റ്റന്റ് ഡയരക്ടര്‍ മേജര്‍ ജനറല്‍ സലാഹ് അല്‍ ഖംസി പറഞ്ഞു. വിവിധ ഗെയിമുകളും നൂതന വിനോദ പ്രവര്‍ത്തനങ്ങളുമായാണ് കളിസ്ഥലം സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ കുട്ടികളുടെ പ്രായസമൂഹങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. മാതാപിതാക്കള്‍ക്കു കാത്തിരിക്കുന്നതിനിടെ, കുട്ടികള്‍ക്ക് വിനോദപരമായ അനുഭവങ്ങള്‍ നല്‍കുന്നതിനുള്ള ഇത്തരമൊരു ഇടം പ്രയോജനകരമെന്ന് കുടുംബങ്ങളായ സന്ദര്‍ശകരും അഭിപ്രായപ്പെട്ടു.