
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
റിയാദ്: സഊദി അറേബ്യ ഇന്ന് സ്ഥാപക ദിനാഘോഷ നിറവില്‍. രാജ്യമെമ്പാടും വൈവിധ്യമാര്‍ന്ന പരിപാടികളാണ് സ്ഥാപക ദിനാഘോഷ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യത്ത് ഇന്ന് പൊതു അവധിയാണ്. കൂടാതെ ഇന്ന് വാരാന്ത്യ അവധിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നാളെ അവധി നല്‍കണമെന്ന മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇമാം മുഹമ്മദ് ബിന്‍ സഊദ് 1727ല്‍ (ഹിജ്റ വര്‍ഷം 1139) ദിരിയ്യ ആസ്ഥാനമായി സഊദ് രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണ പുതുക്കുന്ന ഈ ദിനത്തില്‍, മൂന്ന് നൂറ്റാണ്ടിന്റെ മഹത്തായ ചരിത്രവും പാരമ്പര്യവും ഉദ്ഘോഷിക്കുന്ന വിവിധ പരിപാടികള്‍ക്കാണ് അരങ്ങുണര്‍ന്നത്. മലയാളികടക്കമുള്ള വിദേശികളും തങ്ങളുടെ പോറ്റമ്മ രാജ്യമായ സഊദിയുടെ സ്ഥാപക ദിനാഘോഷം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്.
സഊദി അറേബ്യയുടെ ചരിത്രപരവും നാഗരികവും സാംസ്കാരികവുമായ വേരുകളെ പ്രതിനിധീകരിക്കുന്ന സ്ഥാപക ദിനം 2022 മുതലാണ് പൊതു അവധി നല്കി രാജ്യത്ത് ആഘോഷിക്കാന്‍ സഊദി ഭരണകൂടം തീരുമാനിച്ചത്. ഇത്തവണ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഒട്ടേറെ പരിപാടികളാണ് സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. തലസ്ഥാനമായ റിയാദില്‍ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ അലങ്കരിക്കുകയും പ്രധാന പാതായോരങ്ങളില്‍ 8,000 പതാകകള്‍ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. നാളെ വരെ ബോളിവാര്‍ഡ് സിറ്റിയില്‍ നടക്കുന്ന ഇന്ററാക്ടീവ് കമ്മ്യൂണിറ്റി ആര്‍ട്ട് ഇന്സ്റ്റാളേഷന് ഐക്യവും സാംസ്കാരിക ബന്ധവും ഊട്ടിയുറപ്പിക്കുന്ന മികച്ച പരിപാടിയായിരിക്കും. പരമ്പരാഗത പടക്കങ്ങള്‍ക്ക് പകരമായി പരിസ്ഥിതി സൗഹൃദ ദൃശ്യാനുഭവം ഇത്തവണ വേറിട്ട കാഴ്ചയായിരിക്കും. വിവിധ നഗരങ്ങളില്‍ നടക്കുന്ന ‘മെമ്മറി ഓഫ് ദി ലാന്‍ഡ് ഈവന്റ്’ രാജ്യത്തിന്റെ ചരിത്രം അനാവരണം ചെയ്യും. സാംസ്കാരികവും ചരിത്രപരവുമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി വിവിധ കലാ പ്രകടനങ്ങളും പാരമ്പര്യ കലാ പരിപാടികളുമാണ് വിവിധ നഗരങ്ങളില്‍ നടക്കുക. അല്‍ഉലയില്‍ നടക്കുന്ന അല്‍ സ്രായ ഫെസ്റ്റിവല്‍ സന്ദര്‍ശകര്‍ക്ക് മികച്ച വിരുന്നൊരുക്കും. പരമ്പരാഗതവും പ്രാദേശികവുമായ കരകൗശല വസ്തുക്കള്‍ പ്രദര്‍ശനത്തിനെത്തും. വിവിധ ഭാഗങ്ങളില്‍ നിറപ്പകിട്ടാര്‍ന്ന ലൈറ്റ് ഷോകള്‍ ആഘോഷത്തെ വര്‍ണാഭമാക്കും. രാജ്യത്തെ പൗരാണിക കേന്ദ്രങ്ങളും വിവിധ കാര്യാലയങ്ങളും പ്രകാശപൂരിതമാകും. ഇന്ന് വിവിധ നഗരങ്ങളില്‍ ആകാശത്ത് ഡ്രോണുകള്‍ ആഹ്ലാദ നൃത്തമാടും. സഊദി നാഷണല്‍ ഓര്‍ക്കസ്ട്രയുടെ നേതൃത്വത്തില്‍ ഇന്നും നാളെയും കിങ് ഫഹദ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന സംഗീത,ദൃശ്യ പരിപാടി രാജ്യത്തിന്റെ ചരിത്രത്തെ അനാവരണം ചെയ്യും. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാജ്യത്തിന്റെ ചരിത്രവും മഹിമയും ഉദ്ഘോഷിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രലയം വഴി സാംസ്കാരിക വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ പ്രവിശ്യകളില്‍ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഘോഷയാത്രകളും നടക്കും. പരമ്പരാഗത വേഷമണിഞ്ഞുള്ള നൃത്തങ്ങളും സംഗീത പരിപാടികളും ഘോഷയാത്രക്ക് മാറ്റുകൂട്ടും. വ്യാപാര,വാണിജ്യ സ്ഥാപനങ്ങളും ആഘോഷ പരിപാടികളും വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഘോഷയാത്രയടക്കം വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.