കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഇന്ത്യയുടെ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും തമ്മിലുള്ള ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ ആറാം മത്സരവും സമനില. തുടര്‍ച്ചയായ മൂന്നാം സമനില പിന്നിടുമ്പോള്‍ മൂന്നുവീതം പോയിന്റുകളുമായി ഇരുവരും ഒപ്പത്തിനൊപ്പം നീങ്ങുന്നു.
സിങ്കപ്പൂരില്‍ നടക്കുന്ന ലോക ചെസ് പോരാട്ടത്തിലെ ആറാം ഗെയിമില്‍ ഞായറാഴ്ച വെള്ളക്കരുക്കളുമായി ഇറങ്ങിയ ഡിങ് ലിറന് അപ്രതീക്ഷിത ഓപ്പണിങ് പുറത്തെടുത്ത് ഗുകേഷിനെ വിഷമവൃത്തത്തിലാക്കി. ലണ്ടന്‍ ഓപ്പണിങ് സമ്പ്രദായം അവലംബിച്ച് ആദ്യകരു നീക്കിയ ഡിങ് ആദ്യ 19 നീക്കങ്ങള്‍ക്ക് ഉപയോഗിച്ചത് വെറും ഏഴു മിനിറ്റ് മാത്രം. ചിന്തയിലാണ്ട ഗുകേഷ് ഇത്രയും നീക്കങ്ങള്‍ക്ക് 53 മിനിറ്റ് ഉപയോഗിച്ചു. തനിക്ക് പരിചിതമല്ലാത്ത പൊസിഷനില്‍ ഗുകേഷ് നടത്തിയ ഇരുപതാം നീക്കം (20… Qf5) മികച്ചതായിരുന്നില്ല. ഇതോടെ, ഡിങ്ങിന് നേരിയ മേല്‍ക്കൈ ലഭിച്ചെങ്കിലും ഈ നീക്കത്തോടെ ഡിങ് ലിറന് തന്നെ മുന്നൊരുക്കങ്ങളില്‍നിന്ന് പുറത്തുവന്നു. അടുത്ത നീക്കത്തിനായി 42 മിനിറ്റ് ആലോചിച്ച ശേഷമാണ് ഡിങ് പ്രതിയോഗിയുടെ പോണിനെ വെട്ടിയെടുത്തത്. ഒരു പോണ് പുറകിലായ ഗുകേഷ് പ്രതിരോധത്തിലായി.
ജയത്തിനായി ശ്രമിക്കാതെ ഒരിക്കല്‍ക്കൂടി ഡിങ് സമനിലയ്ക്കായി നീക്കങ്ങള്‍ ആവര്‍ത്തിച്ചു. പക്ഷേ, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഗുകേഷ് ഡ്രോ നിരസിച്ചു. ഒരര്‍ഥത്തിലും അത് യുക്തിസഹമായ തീരുമാനമായിരുന്നില്ല. ഒരു പോണ് മികവിനു പുറമെ കളമധ്യത്തില് തുറന്ന പാതയുടെ പൂര്‍ണ ആധിപത്യവും ഡിങ്ങിനുണ്ടായിരുന്നു. സുഭദ്രമായ നീക്കങ്ങള്‍ നടത്തി ഡിങ് മുന്നേറി. ദുര്‍ഘടാവസ്ഥയിലും പതറാതെ ഗുകേഷ് തന്റെ ക്വീനിനെ സജീവമാക്കിക്കൊണ്ട് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിച്ചു. 34-ാം നീക്കത്തില്‍ ക്വീനുകള്‍ പരസ്പരം വെട്ടിനീക്കാന്‍ ഡിങ് അനുവദിച്ചതോടെ ഗുകേഷ് കളിയിലേക്ക് തിരിച്ചുവന്നു. തന്റെ പോണ്ഘടനയെ സ്വയം ദുര്‍ബലപ്പെടുത്തി അതിനുപകരം കരുക്കളെ സജീവമാക്കിക്കൊണ്ട് ഗുകേഷ് അദ്ഭുതകരമാംവിധം സമനില േനടി. അപ്രതീക്ഷിതനീക്കങ്ങള്‍ നിറഞ്ഞ ദിനമായിരുന്നു ഞായറാഴ്ച. സമനിലയെ തട്ടിത്തെറിപ്പിച്ച് അപകടസാധ്യതയെ സ്വയംവരിച്ച് ചെസ് പ്രേമികളെ ഞെട്ടിക്കുകയും ത്രസിപ്പിക്കുകയും ചെയ്ത ഗുകേഷ് രണ്ടാംപകുതിയെ നാടകീയവും ഉദ്വേഗജനകവുമാക്കി മാറ്റി.
എങ്കിലും ഇത്തരം ഞാണിന്മേല്ക്കളിക്ക് ഉചിതമായ വേദിയല്ല ലോക ചാമ്പ്യന്‍ഷിപ്പ് മത്സരം. തിങ്കളാഴ്ച വിശ്രമദിനാണ്. സൈദ്ധാന്തിക തയ്യാറെടുപ്പുകളെ കൂടുതല്‍ ഫലപ്രദമാക്കുക എന്ന ഉത്തരവാദിത്തം ഗുകേഷിനും ടീമിനുമുണ്ട്.