നഷ്ടമായത് മലയാളത്തിന്റെ സുകൃതം – ദുബൈ കെഎംസിസി
അബുദാബി : ശൈഖ് സായിദ് പൈതൃകോത്സവത്തിന് നാളെ തുടക്കം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല്നഹ്യാന്റെ നേതൃത്വത്തില് നടക്കുന്ന ആഘോഷങ്ങള് അടുത്തവര്ഷം ഫെബ്രുവരി 28വരെ നീണ്ടുനില്ക്കും. ‘ഹയാക്കും’ (സ്വാഗതം) എന്ന ശീര്ഷകത്തിലാണ് യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവും ഫെസ്റ്റിവെല് ഉന്നത സംഘാടക സമിതി ചെയര്മാനുമായ ശൈഖ് സുല്ത്താന് ബിന് ഹംദാന് അല്നഹ്യാന്റെ മേല് നോട്ടത്തില് ഈ വര്ഷത്തെ ഫെസ്റ്റിവല് സംഘടിപ്പിക്കുന്നത്. 120 ദിവസം നീണ്ടുനില്ക്കുന്ന ആഘോഷങ്ങളില് രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും സാംസ്കാരിക മൂല്യങ്ങളും അടയാളപ്പെടുത്തും.
ആഗോള വിനോദ സഞ്ചാരികള്ക്കും സ്വദേശികള്ക്കും വിവിധ രാജ്യക്കാരായ പ്രവാസികള്ക്കും ആഹ്ലാദം പകരുന്ന ദൈനംദിന പരിപാടികള്ക്കു പുറമെ പ്രതിവാര ഉത്സവങ്ങള് പ്രത്യേകം അരങ്ങേറും. ആറായിരത്തിലേറെ അന്താരാഷ്ട്ര സാംസ്കാരിക പരിപാടികള്,ആയിരത്തിലധികം പ്രദര്ശനങ്ങള്,പൊതുപരിപാടികള് തുടങ്ങി വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മുന്വര്ഷങ്ങളേക്കാള് കൂടുതല് പവലിയനുകള് വിവിധ രാജ്യങ്ങളുടെതായി ഈ വര്ഷം സജ്ജീകരിച്ചിട്ടുണ്ട്. ആഗോള സംസ്കാരങ്ങളെക്കുറിച്ചുള്ള ആശയവിനിമയവും വിവിധ രാജ്യങ്ങളുടെ കലാ-സാംസ്കാരിക-ഭക്ഷ്യരീതികള് തൊട്ടറിയുന്നതിനും ഇതിലൂടെ സാധ്യമാകും.
ഡിസംബര് രണ്ടിന് യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു യൂണിയന് പരേഡ് ഉള്പ്പെടെ ആകര്ഷകമായ പരിപാടികളാനണ് നടക്കുക. നാടന് കലാപരിപാടികള്,പരേഡുകള്, സമ്മാനങ്ങള്,പ്രദര്ശനങ്ങള്, സംഗീത കച്ചേരികള്,സ്റ്റേജ് പ്രകടനങ്ങള് എന്നിവയുള്പ്പെടെ വിവിധ വിനോദ പരിപാടികള് വിവിധ രാജ്യങ്ങളുടെ വേദികളില് അരങ്ങേറും. ദേശീയ ദിനാഘോഷദിനത്തോടനുബന്ധിച്ചും പുതുവത്സരാഘോഷത്തിലും അതിശയം പകരുന്ന ഡ്രോണുകളും ലേസര് ഷോകളും അല്വത്ബയുടെ ആകാശത്തെ പ്രകാശപൂരിതമാക്കും. കൂടാതെ വര്ണാഭമായ ജലധാര ഏവരിലും ആശ്ചര്യംപകരും. ലോക റെക്കോര്ഡില് ഇടംനേടുന്ന ഏറ്റവും ദൈര്ഘ്യമേറിയ കരിമരുന്ന് പ്രയോഗവും മറ്റൊരു വിസ്മയക്കാഴ്ചയായിരിക്കും. മരുഭൂമി, പര്വത, കാര്ഷിക, സമുദ്രം, എന്നിങ്ങനെ വിവിധ മേഖലകളിലെ പൂര്വികരുടെ ജീവിതം,ആചാരങ്ങള്,പാരമ്പര്യങ്ങള് എന്നിവ പുതിയ തലമുറക്ക് രാജ്യത്തിന്റെ ചരിത്രം പരിചയപ്പെടുത്തും. പൈതൃക ഗ്രാമം,പരമ്പരാഗത വിപണികള്,കരകൗശല വസ്തുക്കള് എന്നിവയുള്പ്പെടെ നിരവധി പൗരാണിക നേര്കാഴ്ചകള്ക്ക് പൈതൃകോത്സവം വഴിയൊരുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നെത്തുന്ന വിനോദസഞ്ചാരികള്ക്ക് നയനാനന്ദകരമായ നിരവധി കാഴ്ചകളാണ് ഇവിടെ ഒരുക്കുന്നത്. സന്ദര്ശകരെ സ്വീകരിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് അധികൃതര് ഒരുക്കിയിട്ടുള്ളത്. സന്ദര്ശകര്ക്ക് വഴികാട്ടിയായി നിരവധി പേര് സേവനരംഗത്തുണ്ടാകും. സംശയനിവാരണത്തിനായി ഒട്ടേറെ കൗണ്ടറുകള് പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. സുശക്തമായ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.