കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : ലബനീസ് ജനതയെ പിന്തുണയ്ക്കുന്നതിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ആരംഭിച്ച ‘യുഎഇ ലബനനൊപ്പം നില്ക്കുന്നു’ എന്ന കാമ്പയിനിന്റെ ഭാഗമായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലബനനില്‍ വിദ്യാഭ്യാസ തുടര്‍ പദ്ധതികള്‍ ആരംഭിക്കുന്നതിന് നിര്‍ദേശം നല്കി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സ്കൂള്‍ വഴിയാണ് ലെബനനിലെ വിദ്യാഭ്യാസ തുടര്‍ച്ച ഉറപ്പാക്കുന്ന പദ്ധതികള്‍ ആരംഭിക്കുക. ലബനന് കുട്ടികള്‍ക്കും ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച സ്കൂളുകള്‍ക്കും സഹായം നല്‍കുന്നതാണ് പദ്ധതി.
നിലവില്‍ അടിയന്തര സഹായം,ഭക്ഷണം,ആരോഗ്യ സംരക്ഷണം എന്നിവ ഉള്‍പ്പെടുന്ന വിവിധ സഹായ പദ്ധതികളാണ് യുഎഇ ലബനനില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. യുഎഇയുടെ മാനുഷിക പ്രതികരണത്തിന്റെ ഭാഗമായുള്ളതാണ് ദുബൈ ഭരണാധികാരിയുടെ വിദ്യാഭ്യാസ പദ്ധതിയും. തുടക്കത്തില്‍ 40,000 വിദ്യാര്‍ഥികള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അക്രമം കാരണം വിദ്യാഭ്യാസം നഷ്ടപ്പെട്ട കുട്ടികളുടെ തുടര്‍ പഠനം ഉറപ്പാക്കാനും സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കാനും കുട്ടികള്‍ക്ക് അവശ്യ ഉപകരണങ്ങളും അധ്യാപകര്‍ക്ക് പരിശീലനവും നല്‍കാനും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. സമൂഹത്തിന്റെ വീണ്ടെടുപ്പ്,സുസ്ഥിര വികസനം,ദീര്‍ഘകാല പുരോഗതി എന്നിവയുടെ അടിസ്ഥാനശിലയായ വിദ്യാഭ്യാസത്തോടുള്ള യുഎഇയുടെ പ്രതിബദ്ധത അടവരയിടുന്നതാണ് പ്രധാനമന്ത്രിയുടെ പദ്ധതി.
നിലവിലെ വെല്ലുവിളികള്‍ തരണം ചെയ്യണമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് (എംബിആര്‍ജിഐ) സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗെര്‍ഗാവി പറഞ്ഞു, ‘ലെബനന് വിദ്യാഭ്യാസ തുടര്‍ച്ചാ പദ്ധതി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും ശൈഖ് മുഹമ്മദ് ബിന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും നിര്‍ദേശങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ്. ലബനനില്‍ ഈ അധ്യയന വര്‍ഷത്തില്‍ സ്കൂളില്‍ പോകാന്‍ കഴിയാത്തതിനാല്‍ ധാരാളം കുട്ടികള്‍ പിന്നോക്കം പോകാനുള്ള സാധ്യതയുണ്ട്. ‘ഡിജിറ്റല്‍ സ്കൂളിന്റെ മേല്‍നോട്ടത്തില്‍,ലെബനന്റെ ഔദ്യോഗിക പാഠ്യപദ്ധതിയുമായി യോജിപ്പിച്ച് സ്മാര്‍ട്ട് സൊല്യൂഷനുകളും ഡിജിറ്റല്‍ ഉള്ളടക്കവും പ്രധാനമന്ത്രിയുടെ പ്രോജക്റ്റില്‍ ഉള്‍പ്പെടുന്നുണ്ട്. ലെബനീസ് വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് നിര്‍ണായകമാണ് യുഎഇയുടെ പദ്ധതി. കുടാതെ സാമൂഹിക പുരോഗതിയില്‍ വിദ്യാഭ്യാസത്തിന്റെ സുപ്രധാന പങ്കിലുള്ള യുഎഇ ഭരണകൂടത്തിന്റെ ഉറച്ച വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണ് പദ്ധതിയെന്നും അല്‍ ഗെര്‍ഗാവി കൂട്ടിച്ചേര്‍ത്തു.
ലെബനനിലെ ഡിസ്പ്ലേസ്മെന്റ് സെന്ററുകളിലെ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്റെ ആവശ്യമില്ലാതെ തന്നെ ഉള്ളടക്കം ആക്സസ് ചെയ്യുന്നതിനുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴി വിദ്യാഭ്യാസം നേടാനുള്ള അവസരം പദ്ധതി ലക്ഷ്യമിടുന്നു. ലബനനിലെ 250,000 ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി സഹകരിച്ച് എംബിആര്‍ജിഐ വഴി അടിയന്തര ഭക്ഷണ സഹായം നല്കാന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഒക്ടോബര്‍ 10ന് നിര്‍ദേശം നല്‍കിയിരുന്നു.
ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ആന്റ് ഫിലാന്ത്രോപിക് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ 2024 ഒക്ടോബര്‍ ആദ്യം ആരംഭിച്ച ‘യുഎഇ സ്റ്റാന്‍ഡ്സ് വിത്ത് ലബനന്’ കാമ്പയിന് വ്യാപകമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അബുദാബി,ദുബൈ,ഷാര്‍ജ,ഫുജൈറ എന്നിവിടങ്ങളിലെ കളക്ഷന്‍ സെന്ററുകളില്‍ ശൈഖുമാര്‍,മന്ത്രിമാര്‍,വിശിഷ്ട വ്യക്തികള്‍,വ്യവസായ പ്രമുഖര്‍ എന്നിവരുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നും എമിറേറ്റുകളില്‍ നിന്നുമുള്ളവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുണ്ട്്. വിവിധ എമിറാത്തി ഹ്യൂമാനിറ്റേറിയന്‍,ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകള്‍ ഏകോപിപ്പിച്ചാണ് കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മെഡിക്കല്‍ സാമഗ്രികള്‍, ഭക്ഷണം,കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അവശ്യ സാധനങ്ങള്‍ വിമാന,കടല്‍ കയറ്റുമതി വഴി ലബനനിലേക്ക് എത്തിക്കാന്‍ സാധിച്ചു. നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ ലബനന് ജനതക്ക് ഏറെ ആശ്വാസമാണ് യുഎഇയുടെ കാമ്പയിന്.