കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ : പൊടി പിടിച്ച വാഹനങ്ങളില്‍ പിടിമുറുക്കി ഷാര്‍ജ പൊലീസ്. പാര്‍ക്കിങ് ഇടങ്ങളില്‍ ചെറു വാഹനങ്ങള്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. ഉപേക്ഷിച്ച വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിന് കാമ്പയിനുമായി ഷാര്‍ജ പൊലീസും ഷാര്‍ജ നഗരസഭയും സംയുക്ത കാമ്പയിനുമായി രംഗത്തിറങ്ങുകയായിരുന്നു. പാര്‍ക്കിങ്ങ് ഇടങ്ങളിലും മറ്റും പൊടി പിടിച്ച് കിടക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയും നടപടി സ്വീകരിച്ച് തുടങ്ങിയതോടെ ഇത്തരം കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 52 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
കാമ്പയിന് ഭാഗമായി നഗരസഭ ഉദ്യോഗസ്ഥ സംഘം വ്യാപക തിരച്ചില്‍ നടത്തി വരുന്നു. പൊടി പിടിച്ച് കിടക്കുന്ന വാഹനങ്ങളില്‍ ആദ്യ ഘട്ടമായി നഗര സഭ ഉദ്യോഗസ്ഥരെത്തി നോട്ടീസ് പതിക്കും. നിശ്ചിത സമയത്തിനകം വാഹനം നീക്കിയിടുകയോ, കഴുകി വൃത്തിയാക്കുകയോ ചെയ്യാതിരുന്നാല്‍ പ്രസ്തുത വാഹനം നഗരസഭ കണ്ടുകെട്ടും, ഉടമക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി വാഹനങ്ങളാണ് നഗര സഭ ഇത്തരത്തില്‍ പിടിച്ചെടുത്തത്. റെസിഡെന്‍ഷ്യല്‍, വ്യവസായ മേഖലകളിലാണ് വാഹനങ്ങള്‍ ഉപേക്ഷിച്ച് ആളുകള്‍ സ്ഥലം വിടുന്ന പ്രവണതയേറെ. പഴകിയതിന്റ പേരിലും ബാങ്ക് ലോണ്‍ പോലെ സാമ്പത്തിക ബാധ്യത താങ്ങാനാവാതെയും വാഹനങ്ങള്‍ ഉപേക്ഷിക്കുന്നവരുണ്ട്. കച്ച പാര്‍ക്കിങ് ഏരിയകളില്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് ഇവര്‍ സ്ഥലം വിടുന്നത്. വാഹനങ്ങള്‍ വൃത്തിയാകാതെ പാര്‍ക്കിങ്ങ് ഇടങ്ങളില്‍ പൊടി പിടിച്ച് കിടക്കുന്നത് നഗര സൗന്ദര്യത്തെ ദോശമായി ബാധിക്കുന്നതായി നഗരസഭ കണക്കാക്കുന്നു. ഇത് എമിറേറ്റിലെത്തുന്ന സഞ്ചാരികളില്‍ തെറ്റായ ധാരണകള്‍ പരക്കാന്‍ കാരണമാവുന്നു. മാത്രമല്ല ഉപേക്ഷിച്ചിടുന്ന വാഹനങ്ങള്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന വിരുതന്മാരുമുണ്ട്. അനധികൃതമായി മദ്യ, പാന്‍ ഉല്പന്നങ്ങള് വില്‍പ്പന നടത്തുന്നവര്‍ ഇവ സ്റ്റോക്ക് ചെയ്യാനുള്ള ഇടമാക്കി ‘നാഥനില്ല’ വാഹനങ്ങളെ മാറ്റുന്നു. കച്ച് പാര്‍ക്കിങ് സ്ഥലങ്ങളില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് തുണയാവുന്നു. പൊടിയില്‍ മുങ്ങി കിടക്കുന്ന വാഹനങ്ങളിലേക്ക് എളുപ്പത്തില്‍ ജനശ്രദ്ധ തിരിയില്ല എന്നതിനാലാണ് സാമൂഹ്യ വിരുദ്ധര്‍ ഇത്തരം തന്ത്രം പ്രയോഗിക്കുന്നത്. വരും മാസങ്ങളിലും പൊലീസ്, നഗരസഭ ഉദ്യോഗസ്ഥ സംഘം കൂടുതല്‍ മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നാണ് അറിയുന്നത്.