27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : ഷാര്‍ജ അന്തര്‍ദേശിയ പുസ്തക മേളയില്‍ ഇത്തവണ തമിഴില്‍ നിന്ന് തമിഴ് നാട്ടിലെ ഐ ടി, ഡിജിറ്റല്‍ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജനും എഴുത്തുകാരന് ബി ജയമോഹനും പങ്കെടുക്കും. നവംബര്‍ 10 ന് വൈകീട്ട് 4 മുതല്‍ 6 വരെ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന പരിപടിയില്‍ ‘സാമ്പത്തിക നവീകരണവും സമഗ്ര വളര്‍ച്ചയും’ എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കും. കാര്യക്ഷമമായ സാമ്പത്തിക നയനിര്വഹണത്തെക്കുറിച്ചും സുസ്ഥിര വികസനത്തില്‍ നൂതനമായ നയങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചുമുള്ള മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ അദ്ദേഹം പങ്കുവെക്കും. കോര്‍പ്പറേറ്റ് മേഖലയില്‍ വിപുലമായ അനുഭവ സമ്പത്തുള്ള ഡോ.പളനിവേല്‍ ത്യാഗരാജന് തമിഴ് നാട്ടിലെ ധനകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നവംബര്‍ 10ന് നടക്കുന്ന പരിപാടിയില്‍ തമിഴ്മലയാള എഴുത്തുകാരന് ബി ജയമോഹന് പങ്കെടുക്കും. രാത്രി 8.30 മുതല്‍ 9. 30 വരെ കോണ്‍ഫ്രന്‍സ് ഹാളില്‍ ‘മിത്തും ആധുനികതയും: ഇന്ത്യന്‍ ഇതിഹാസങ്ങളുടെ പുനരാഖ്യാനം ബി ജയമോഹനുമൊത്ത് ഒരന്വേഷണ യാത്ര’ എന്ന പരിപാടിയില്‍ ഇന്ത്യന്‍ ഇതിഹാസങ്ങളെക്കുറിച്ചും സംസ്കാരത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അദ്ദേഹം പങ്കുവെക്കും. തന്റെ എഴുത്തിനെ നിര്‍വചിക്കുന്ന പ്രമേയങ്ങള്‍ ജയമോഹന് വിവരിക്കും. ചിന്തോദ്ദീപകമായ ചര്‍ച്ചകളും ചോദ്യോത്തര പരിപാടിയും ഉണ്ടാവും. നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, നിരൂപകന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജയമോഹന് തമിഴിലും മലയാളത്തിലും ഒരു പോലെ പോലെ മികച്ച കൃതികള്‍ രചിച്ചിട്ടുള്ള എഴുത്തുകാരനാണ്. അദ്ദേഹം എഴുതിയ മഹാഭാരതത്തിന്റെ ആധുനിക പുനരാവിഷ്കാരമായ ‘വെണ്മുരശ്’ ലോകത്തെ ഏറ്റവും ബൃഹത്തായ നോവലുകളില്‍ ഒന്നായി കരുതപ്പെടുന്നു.