ഗസ്സയിലേക്ക് യുഎഇ സഹായപ്രവാഹം
റിയാദ് : സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ 2025 വര്‍ഷത്തെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ അംഗത്വ കാമ്പയിന് അവസാന ഘട്ടത്തിലേക്ക്. ക്യാമ്പയിന്റെ അവസാന മണിക്കൂറുകളില്‍ സഊദിയിലുടനീളം കെഎംസിസി പ്രവര്‍ത്തകര്‍ പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള തിരക്കിട്ട ശ്രമത്തിലാണ്. ഒക്ടോബര്‍ 15ന് ആരംഭിച്ച അംഗത്വ കാമ്പയിന് ഈ മാസം 15നാണ് അവസാനിക്കുന്നത്. വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍, കീഴ്ഘടകങ്ങള്‍ വഴി നേരിട്ടും ഓണ്‍ലൈന്‍ വഴിയുമായി ഇതിനകം പതിനായിരങ്ങളാണ് പദ്ധതിയില്‍ അംഗത്വമെടുത്തിട്ടുള്ളത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേരെ ഇത്തവണ പദ്ധതിയില്‍ അംഗങ്ങളാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന് കാക്കിയ,ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്,ട്രഷറര്‍ അഹമ്മദ് പാളയാട്ട്,ചെയര്മാന് ഖാദര്‍ ചെങ്കള,സുരക്ഷാ പദ്ധതി ചെയര്മാന് അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി എന്നിവര്‍ പറഞ്ഞു. പദ്ധതി ആരംഭിച്ച് ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ അംഗങ്ങളായ അറുനൂറോളം പേരാണ് മരണപ്പെട്ടത്. കുടുംബ നാഥന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് നിരാലംബരായ കുടുംബങ്ങള്‍ക്ക് താങ്ങായി മാറിയ സാമൂഹ്യ സുരക്ഷാ പദ്ധതി വഴി നാല്പത് കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് ഇതിനകം വിതരണം ചെയ്തിട്ടുള്ളത്.
കൂടാതെ രണ്ടായിരത്തില്പരം പേര്‍ക്ക് ചികിത്സാ സഹായവും നല്കി. മൂന്ന് ലക്ഷം രൂപ മരണാനന്തര സഹായം പ്രഖ്യാപിച്ച് കൊണ്ട് 2014 ല്‍ ആരംഭിച്ച പദ്ധതിയില്‍ അടുത്ത വര്‍ഷം മുതല്‍ തുടര്‍ച്ചയായി പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള അംഗത്തിന് മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് 12 ലക്ഷം രൂപ വരെ അനുകൂല്യമായി നല്‍കുമെന്ന് ഭാരവാഹികള്‍ ‘ഗള്‍ഫ് ചന്ദ്രിക’യോട് പറഞ്ഞു. സഊദിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് കക്ഷി,രാഷ്ട്രീയത്തിനും ജാതി,മത വ്യത്യാസങ്ങള്‍ക്കും അതീതമായി അംഗത്വമെടുക്കാവുന്ന പ്രവാസ ലോകത്തെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയാണിത്. കെഎംസിസി കേരള ട്രസ്റ്റ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് നാഷണല്‍ കമ്മിറ്റി സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. തികച്ചും വ്യവസ്ഥാപിതവും സുതാര്യവുമായ പദ്ധതിയില്‍ വര്‍ഷം തോറും ഓണലൈന് വഴിയും നേരിട്ടും അംഗത്വമെടുക്കാനും പുതുക്കുവാനും കഴിയും.
നാഷണല്‍ കമ്മിറ്റിയുടെ കീഴിലുള്ള നാല്പതോളം സെന്‍ട്രല്‍ കമ്മിറ്റികള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. സെന്‍ട്രല്‍ കമ്മിറ്റികള്‍ നിശ്ചയിക്കുന്ന ഉപസമിതിയും കോര്‍ഡിനേറ്റര്‍മാരുമാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. കീഴ്ഘടകങ്ങളായ ജില്ലാ,മണ്ഡലം,ഏരിയാ കമ്മിറ്റികള്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തകരെയും പ്രവാസികളെയും നേരില്‍ കണ്ട് ഇതിന്റെ പ്രാധാന്യവും നേട്ടവും ബോധ്യപ്പെടുത്തിയാണ് പദ്ധതിയില്‍ അംഗത്വം നല്‍കുന്നത്. വനിതാ കെഎംസിസി കമ്മിറ്റികളും പ്രവര്‍ത്തന രംഗത്ത് സജീവമാണ്.