
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: പ്രവാസം നല്ലൊരു ജീവിതം സമ്മാനിച്ചു. ഒരുപാട് അനുഭവങ്ങള്‍,ഇമാറാത്തികള്ക്കിടയിലെ ജീവിതം,ഒപ്പം പ്രവാസികള്‍ക്കൊപ്പമുള്ള സാമൂഹ്യ പ്രവര്‍ത്തനം. മെച്ചപ്പെട്ട തൊഴില്‍ തേടിയുള്ള യാത്രയില്‍ നിരവധി കടമ്പകള്‍…ഓരോ ചുവടുവെപ്പിലും രക്തത്തിലലിഞ്ഞു ചേര്‍ന്ന പ്രസ്ഥാനത്തെ എപ്പോഴും നെഞ്ചോടു ചേര്‍ത്തു. അബുദാബിയില്‍ എവിടെ ജോലി ചെയ്യുമ്പോഴും ഒഴിവു സമയങ്ങളില്‍ ഓടിയെത്തുക ഇസ്ലാമിക് സെന്ററിലേക്ക്. സെന്ററുമായി ഇഴകിച്ചേര്‍ന്നുള്ള ജീവിതം സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കി. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഇവിടത്തെ ഒറ്റപ്പെട്ട ജീവിതത്തില്‍ നിന്നും ഒരുപാട് ആശ്വാസം തന്നു. പ്രവാസി സാമൂഹ്യ ജീവിതത്തില്‍ ഇടപെട്ടില്ലെങ്കില്‍ പിന്നെ ഒന്നുമല്ലാതാകും. സംഘടനാ പ്രവര്‍ത്തനങ്ങളാണ് ഒരു ശരാശരി പ്രവാസിയുടെ ജീവിതത്തിന് ഊര്‍ജം പകരുന്നത്. പുതുതലമുറയിലെ പ്രവാസികളില്‍ വലിയൊരു വിഭാഗം കുടുംബവുമായി ഒതുങ്ങിക്കൂടുന്നവരുണ്ട്. സത്യത്തില്‍ ഇവര്‍ക്ക് സാമൂഹിക ജീവിതം നഷ്ടപ്പെടുകയാണ്. നാട്ടിലും ഇവിടെയും ഇവര്‍ക്ക് സാമൂഹിക ബന്ധങ്ങള്‍ തീരെ ഇല്ലാതായി കൊണ്ടിരിക്കുന്നു. ഇതിന്റെ ദോഷം നമ്മള് അറിയാനിരിക്കുന്നതേയുള്ളൂ..
43 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ശാദുലി വളക്കൈക്ക് ഏറെ പറയാനുണ്ട്. കേരളത്തില്‍ നിന്നുള്ള പ്രവാസം തുടങ്ങി ഏതാണ്ട് ഒരു പതിറ്റാണ്ടിന് ശേഷം, 1982ലാണ് എപി ശാദുലി എന്ന പ്രീഡിഗ്രിക്കാരന് അബുദാബിയിലെത്തുന്നത്. ജ്യേഷ്ഠന് അബുദാബിയില്‍ ലേബര്‍ സപ്ലൈ കമ്പനിയില്‍ പിആര്‍ഒ ആയതിനാല്‍ ഗള്‍ഫ് സ്വപ്നം വേഗത്തില്‍ പൂവണിയാന്‍ കഴിഞ്ഞു. അബുദാബിയിലെ മുബാറസ് ഐലന്റില്‍ പെട്രോളിയം കമ്പനിയില്‍ ഓഫീസ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചു. ഒമ്പത് മാസത്തിനു ശേഷം അവിടെ നിന്നും സിര്‍ക്കോ ഐലന്‍ഡില്‍ ഒരു ഇറ്റാലിയന്‍ കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായും പിന്നീട് സിറിയന്‍ കമ്പനിയിലേക്ക് ജോലി മാറുകയും ചെയ്തു. വൈകാതെ യുഎഇ എയര്‍ഫോഴ്സില്‍ ടെക്നിക്കല്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. ഇതിനിടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഎ ബിരുദം നേടി. ഓഫീസുകളില്‍ കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കിയതോടെ കഠിന പ്രയത്നത്താല്‍ കമ്പ്യൂട്ടറും പഠിച്ചെടുത്തു.
ഇപ്പോഴത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് അടക്കമുള്ള പ്രമുഖര്‍ അന്ന് എയര്‍ഫോഴ്സ് അക്കാദമിയില്‍ കമാന്റര്മാരായിരുന്നു. കമ്പ്യൂട്ടറില്‍ നേടിയ അറിവ് സ്വന്തമായി ഉപയോഗിക്കുക മാത്രമല്ല, സഹപ്രവര്‍ത്തകര്‍ക്ക് പഠിപ്പിച്ചു കൊടുക്കാനുള്ള ദൗത്യവും ഏറ്റെടുത്തു. നീണ്ട പതിനാറ് വര്‍ഷത്തെ എയര്‍ഫോഴ്സിലെ ജീവിതം സംഭവബഹുലമായിരുന്നു. ഇറാഖ്-കുവൈത്ത് യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ ക്യാമ്പിലായിരുന്നു ജോലി. അല്ദഫ്രയിലുള്ള ബേസ് കമാന്റില്‍ ഉറക്കമില്ലാത്ത ദിനങ്ങള്‍. രണ്ട് വര്‍ഷക്കാലം ലീവോ ഒഴിവോ ഇല്ല. ഏതു സമയവും യുദ്ധസന്നാഹത്തോടെയുള്ള ജോലി. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ഓപ്പറേഷന് മുഴുവനും ഈ ക്യാമ്പില്‍ നിന്നായിരുന്നു.
യുദ്ധ വിമാനങ്ങളുടെ വരവും പോക്കും നിയന്ത്രിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. എയര്‍ഫോഴ്സില്‍ ബേസ് കമാന്ററുടെ സെക്രട്ടറിയായി മൂന്ന് വര്‍ഷക്കാലം ജോലി ചെയ്യാനുള്ള അവസരവും ശാദുലിക്ക് ലഭിച്ചു. തുടര്‍ന്ന് സ്വദേശവത്കരണം വന്നതോടെ പതിനാറ് വര്‍ഷത്തെ സര്‍വീസ് മതിയാക്കി നാട്ടില്‍ ആറ് മാസക്കാലം ചെലവഴിച്ചു. പിന്നീടുള്ള വരവില്‍ ഇസ്ലാമിക് സെന്ററില്‍ സെക്രട്ടറിയായി ജോലി ചെയ്തു. ഇതിനിടയില്‍ വിവിധ കോഴ്സുകള്‍ പഠിച്ചെടുത്തു. അതിന്റെ ഫലമായി വെതര്‍ ഫാള്‍ എന്ന എണ്ണ കമ്പനിയില്‍ ഫെസിലിറ്റി കോര്‍ഡിനേറ്ററായി ജോലിയില്‍ പ്രവേശിച്ചു. ഈ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ഒമ്പത് വര്‍ഷം ജോലി ചെയ്തു. പിന്നീട് 2015ല്‍ ഗള്‍ഫ് ഓയില്ഫീല്ഡ് കമ്പനിയിലേക്ക് മാറി. ഇവിടെ നിന്നും കഴിഞ്ഞ ഫെബ്രുവരി 20ന് വിരമിക്കുമ്പോള്‍ ക്വാളിറ്റി ഹെല്‍ത്ത് ആന്റ് സേഫ്ടി എന്‍വയോണ്‍മെന്റ് ഓഫീസറായിരുന്നു. വളരെ അഭിമാനത്തോടെയും സംതൃപ്തിയോടെയുമാണ് ജോലിയില്‍ നിന്നും വിരമിച്ചതെന്നും പ്രവാസം അവസാനിപ്പിക്കുന്നതെന്നും ശാദുലി പറയുന്നു.
അബുദാബി കെഎംസിസിയുമായും ഇന്ത്യന്‍ ഇസ്ലാമിക് സെന്ററുമായുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണെന്ന് ശാദുലിയുടെ സാമൂഹ്യ രാഷ്ട്രീയ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. കണ്ണൂര്‍ ഇരിക്കൂര്‍ വളക്കൈ സ്വദേശിയായ ശാദുലിയുടെ സ്കൂള്‍ പഠനം പെരിന്തലേരി യുപി സ്കൂളിലായിരുന്നു. ഏഴാം ക്ലാസില്‍ എംഎസ്എഫിന്റെ യൂണിറ്റ് സെക്രട്ടറിയായിരുന്ന ശാദുലി പ്രവാസം അവസാനിപ്പിക്കുമ്പോള്‍ യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിച്ചു. ഹരിതരാഷ്ട്രീയം വിദ്യാര്‍ത്ഥി കാലം മുതല്‍ സിരയിലേറ്റിയ ശാദുലി അബുദാബിയിലെ വിവിധ ജോലികള്‍ക്കിടയിലും അത് കൈവിട്ടില്ല. സര് സയ്യിദ് കോളജില്‍ പ്രീഡിഗ്രി പഠനകാലത്ത് എംഎസ്എഫ് താലൂക്ക് സെക്രട്ടറിയായിരുന്നു.
അബുദാബിയിലെത്തിയ കാലത്ത് തന്നെ ചന്ദ്രിക റീഡേഴ്സ് ഫോറത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നീട് സുന്നി സെന്ററിലും കെഎംസിസിയിലും സജീവമായി. അബുദാബി കെഎംസിസി സംസ്ഥാന സെക്രട്ടറി, കണ്ണൂര്‍, തളിപ്പറമ്പ് കമ്മിറ്റികളില്‍ ഭാരവാഹിത്വം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കമ്മിറ്റി ഭാരവാഹി തുടങ്ങി നിരവധി മേഖലകളില്‍ സജീവമായി. ഇസ്ലാമിക് സെന്ററുമായുള്ള പ്രവര്‍ത്തനത്തില്‍ മഠത്തില്‍ മുസ്തഫ,തച്ചറക്കല്‍ ഇബ്രാഹീം ഹാജി, സൈദ് മുഹമ്മദ് ഹാജി, മമ്മിക്കുട്ടി ഉസ്താദ്,അലിക്കുഞ്ഞി ഉസ്താദ്,കരീം ഹാജി,ഉസ്മാന് ഹാജി,മുഹമ്മദ്കുഞ്ഞി,താഹിര്‍ കുട്ടി തുടങ്ങിയവരോടൊപ്പമുള്ള കാലഘട്ടം ശാദുലിയുടെ സാമൂഹ്യ ജീവിതത്തില്‍ സുവര്‍ണകാലമായി രേഖപ്പെടുത്തുന്നു. സെന്ററില്‍ രണ്ട് തവണ കള്‍ച്ചറല്‍ സെക്രട്ടറിയായി സേവനം ചെയ്ത അദ്ദേഹം കുറഞ്ഞ കാലയളവില്‍ സെന്ററില്‍ അഡ്മിനായി ജോലി ചെയ്യുകയുമുണ്ടായി.
സെ ന്ററിലെ ലൈബ്രറിയുടെ ഉത്തരവാദിത്വമുണ്ടായിരുന്ന സമയത്താണ് സികെ കരീം രചിച്ച കേരള മുസ്ലീം ഹിസ്റ്ററി നാലു വാള്യങ്ങളില്‍ പുറത്തിറങ്ങുന്നത്. നാട്ടില്‍ ദാറുല്‍ ഹുദ ചെമ്മാട്,വളാഞ്ചേരി മര്‍ക്കസ്,ദാറുല്‍ ഹസനാത്ത്,ജാമിഅ അസ്അദിയ്യ,ദാറുന്നജാത്ത്,അല്‍ ഹിദായ ഉളിയില്‍ (അബുദാബി ചാപ്റ്റര്‍ പ്രസിഡന്റ്) തുടങ്ങിയ ഭാരവാഹിത്വം വഹിക്കുന്നു. സര് സയ്യിദ് കോളജ് അബുദാബി അലുംനി കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് കൂടിയാണ്. ഭാര്യ ഹലീമ, മക്കള്‍: മുഹമ്മദ് ഹാഷിര്‍,ഹാമിദ് ശാദുലി,ഹാമിദ ഷെറിന്,മുഹമ്മദ് ശാദുലി. വ്യക്തിഗത താല്പര്യത്തേക്കാള് സംഘടനയെയും സാമൂഹ്യ പ്രവര്‍ത്തനവും താലോലിച്ച ശാദുലിയുടെ ഇടപെടലുകള്‍ അബുദാബിയിലെ സാമൂഹിക പരിസരത്ത് മധുരിക്കുന്ന ഓര്‍മകളായി നിറഞ്ഞ്നില്ക്കും.