
യുഎഇയില് ഏപ്രിലില് ഇന്ധനവില കുറയും
പ്രൊഫഷണല് കരിയറില് 900 ഗോള് നേടിയ ഒരേയൊരു ഫുട്ബോളറേയുള്ളൂ, ക്രിസ്റ്റിയാനോ റൊണാള്ഡോയാണത്. യുവേഫ നേഷന്സ് ലീഗില് സെപ്റ്റംബറില് ക്രൊയേഷ്യക്കെതിരെയാണ് ക്രിസ്റ്റ്യാനോ ഈ നാഴികക്കല്ല് പിന്നിട്ടത്. 2002-ല്, തന്റെ 17-ാം വയസ്സില് ആദ്യ ഗോള് നേടിയ താരം, 22 വര്ഷങ്ങള്ക്ക് ശേഷം 39-ാം വയസ്സിലാണ് 900 ഗോള്നേട്ടം പൂര്ത്തിയാക്കുന്നത്.
സാമൂഹിക മാധ്യമങ്ങളില് ലോകത്ത് ഏറ്റവും കൂടുതല് ഫോളോവേഴ്സുള്ള താരം അടുത്തിടെ യുട്യൂബ് ചാനല് തുടങ്ങിയിരുന്നു. ലയണല് മെസ്സിയെ ഉള്പ്പെടെ മറികടന്ന് ചാനല് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. ഏതാണ്ട് ഏഴ് കോടിയോളം പേര് പേജ് ഇതിനകം സബ്സ്ക്രൈബ് ചെയ്തുകഴിഞ്ഞു.
ക്രിസ്റ്റിയാനോ സ്വന്തം പേജില് പോസ്റ്റ് ചെയ്ത ഒരു കാര് റേസിങ് വീഡിയോ ആണ് ഇപ്പോള് വൈറലായിരിക്കുന്നത്. 900 ഗോള് എന്ന നേട്ടത്തെ പ്രതിഫലിപ്പിക്കുന്നതാണ് വീഡിയോ. ഫോര്മുല വണ് ഡ്രൈവറായി പ്രത്യക്ഷപ്പെടുന്ന ക്രിസ്റ്റ്യാനോ, ലോകോത്തര ഗോള് സ്കോറര്മാരെയെല്ലാം വെട്ടിച്ച് കടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വെയിന് റൂണി, സ്ലാറ്റന് ഇബ്രഹിമോവിച്ച്, പെലെ ഉള്പ്പെടെയുള്ള ഇതിഹാസങ്ങളെ മറികടന്നാണ് ക്രിസ്റ്റ്യാനോയുടെ മുന്നേറ്റം.
ഫുട്ബോളില് ഏറ്റവും കൂടുതല് ഗോളുകള് നേടിയ 100 പേരില് ഓരോരുത്തരെയായി മറികടക്കുന്നതാണ് വീഡിയോ. റേസിങ്ങിന് വോയിസ് ഓവറും ചേര്ത്തിട്ടുണ്ട്. എട്ടര മിനിറ്റ് വീഡിയോയില് മഞ്ഞക്കാറില് മുന്നേറുന്ന ക്രിസ്റ്റിയാനോ, അവസാനം ലയണല് മെസ്സിയെയും മറികടന്നാണ് റേസിങ് അവസാനിപ്പിക്കുന്നത്. ഗോള് നേട്ടക്കാരില് രണ്ടാമനായ മെസ്സിയെ മറികടക്കുമ്പോള് ‘ബൈ മെസ്സി ബൈ’ എന്ന വോയിസ് ഓവറും കേള്ക്കാം. വീഡിയോ 17 ലക്ഷത്തോളം പേര് കണ്ടുകഴിഞ്ഞു. വീഡിയോയുടെ തമ്പ്നെയിലില് മെസ്സിയുടെയും ലെവന്ഡോവ്സ്കിയുടെയും പേരുകള് ചേര്ത്തിട്ടുണ്ട്.