
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
റിയാദ്: കോഴിക്കോട്ടെ പഴയകാല കല്യാണരാവിനെ പുനരാവിഷ്ക്കരിച്ച് റിയാദിലെ കോഴിക്കോടന്‍സ് കുടുംബ സംഗമം. തണുത്തുറഞ്ഞ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ച ‘കല്യാണരാവ്’ പുതുതലമുറക്ക് കൗതുകം പകര്‍ന്നപ്പോള്‍ പഴയ തലമുറക്ക് അവിസ്മരണീയ അനുഭവമായി മാറി. പണ്ടുകാലത്തെ ഓര്‍മിപ്പിക്കുന്ന ക്ഷണക്കത്തും,കല്യാണ പന്തലും ചടങ്ങുകളും തനിമ ചോരാതെ അവതരിപ്പിച്ച പരിപാടിയില്‍ പിയാപ്ലക്കും മണവാട്ടിക്കും പുറമെ അമ്മായിയമ്മയും അമ്മോഷനും അളിയനും കാരണവന്മാരും മൊല്ലാക്കയും കാര്യസ്ഥനുമെല്ലാം വേദിയിലെത്തി.
പനയോല കൊണ്ടും സാരി കൊണ്ടും മനോഹരമായി അലങ്കരിച്ച കല്യാണ പന്തലിന്റെ സ്വാഗത കവാടവും,മാല ബള്‍ബുകളാല്‍ അലങ്കരിച്ച പരിസരവുമെല്ലാം കല്യാണ വീടിനെ ആകര്‍ഷകമാക്കി. അല്പം ആധുനിക രീതിയില്‍ അലങ്കരിച്ച, വിവാഹ വേദിയില്‍ കോഴിക്കോടെന്സ് അംഗങ്ങള്‍ അവരുടെ ഭാര്യമാര്‍ക്കൊപ്പം പിയാപ്ലയും മണവാട്ടിയുമായി എത്തിയപ്പോള്‍ ഒപ്പനയും കൈകൊട്ടി പാട്ടുമായി കൂട്ടുകാര്‍ അവരെ വരവേറ്റത്. മോതിരമിടലും മാലയണിയിക്കലും മധുരം നല്‍കലും കാല്‍കഴുകലും അടക്കമുള്ള ചടങ്ങുകളും ഗൃഹാതുര സ്മരണകളുയര്‍ത്തി.
അംഗങ്ങളുടെ പഴയ കല്യാണ ഫോട്ടോ വെച്ച് തയാറാക്കിയ വീഡിയോയും കുറിക്കല്യാണവും നാട്ടില്‍ നിന്നും എത്തിച്ച അമ്മിയും,കല്ലും,അരി ചേറുന്ന മുറം,തേങ്ങ ചിരവ,പുട്ടുകുറ്റി,നാടന്‍ പഴക്കുലകള്‍, മൂളി, ലക്കോട്ട്(കവര്‍), വെറ്റില, അടക്ക, ബീഡി,റോജ, 80,90 കാലഘട്ടത്തിലെ കുറിക്കല്യാണത്തിന് ഉപയോഗിച്ചിരുന്ന പലഹാരങ്ങള്‍, ഉപ്പിലിട്ട വിഭവങ്ങള്‍,മൈലാഞ്ചി,മുല്ലപ്പൂവ് തുടങ്ങിയവയും സോഡാകുപ്പിയില്‍ നല്കിയ മധുര പാനീയവും സമാവര്‍ ചായയും ഊട്ടുപുരയും,തട്ടുകടയുംമെല്ലാം കല്യാണരാവിനെ വേറിട്ടതാക്കി. പന്തലില്‍ തന്നെ തയാറാക്കിയ രുചിയൂറും ഭക്ഷണവും എല്ലാവരുടെയും വയറും മനസും നിറച്ചു.
കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം,പ്രോഗ്രാം ചെയര്മാന് ഹര്‍ഷദ് ഫറൂഖ്, കണ്‍വീനര്‍ വികെകെ അബ്ബാസ്,ലീഡുമാരായ റാഫി കൊയിലാണ്ടി,ഫൈസല്‍ പുനൂര്‍,മുനീബ് പാഴുര്‍, മുഹ്യുദ്ദിന്‍ സഹീര്‍,മുജീബ് മുത്താട്ട്,റംഷി ഓമശ്ശേരി,ഷമീം മുക്കം,പ്രഷീദ് തൈക്കൂട്ടത്തില്‍,ലത്തീഫ് കാരന്തൂര്‍,നിബിന് കൊയിലാണ്ടി നേതൃത്വം നല്കി.