സമഭാവനയുടെ തിരുപ്പിറവി കരോള്‍ കവര്‍ സോങ് വൈറലാകുന്നു
979 ഒക്ടോബര്‍ 12. ചരിത്രപ്രസിദ്ധമായ ആ വെള്ളിയാഴ്ചയേ ക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു സംഭവവും ജനാധിപത്യ കേരളത്തില്‍ മുസ്ലിം പിന്നോക്ക ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രത്തില്‍ കാലം രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദിത്തം തലയ്ക്കുമീതെ കെട്ടിവെക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ പ്രതിനിധി രാജ്യത്തെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ത്തപ്പെട്ട ദിനമാണന്ന്. സമൂഹത്തിലെ സകല മേഖലകളിലും അവഗണിക്കപ്പെടുകയും ഗവണ്മെന്റിന്റെ ഹോം ഗാര്‍ഡില്‍ ദിവസക്കൂലിക്ക് പോലും ജോലി നല്‍കില്ലെന്ന പ്രഖ്യാപിക്കുകയും ചെയ്ത ആഭ്യന്തര മന്ത്രിമാര്‍ വിലസിയിരുന്ന സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പ്രബലമായ കേരളം പോലൊരു സംസ്ഥാനത്തില്‍ ഒരു മുസ്ലിം ലീഗുകാരന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുക എത്ര അത്ഭുതകരമായ കാര്യമാണ്. മുസ്ലിംലീഗിന് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷമൊന്നും കേരള രാഷ്ട്രീയ ഭൂമികയില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. പിന്നെഎങ്ങനെയാണ് ആ പ്രസ്ഥാനം മുഖ്യമന്ത്രി പദവിയുടെ ഔന്നിത്യം കയ്യെത്തിപ്പിടിച്ചു എന്ന് ചോദിച്ചാല്‍ പിറവി കൊണ്ട കാലം തൊട്ടേ ജനാതിപത്യ സംവിധാനത്തിന് പരിശുദ്ധിയുടെ പനിനീര് തളിച്ച മഹിതമായ ഹരിത രാഷ്ട്രീയ ആദര്‍ശത്തിന് ലഭിച്ച അംഗീകാരമാണത്.
1979 ഒക്ടോബര്‍ ഏഴാം തീയതി പികെ വാസുദേവന്‍ നായര്‍ മന്ത്രിസഭ രാജിവച്ചു. ബദല്‍ മന്ത്രി സഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സമ്മതമറിയിച്ചു. പ്രധാനപാര്ട്ടികളിലെല്ലാം ഗ്രൂപ്പുകളിയും അനൈക്യവുമാണ്. ഭരണത്തിന് നേതൃത്വം നല്കാന് എല്ലാര്ക്കും സ്വീകാര്യനായ അതിപ്രഗത്ഭനായ ഒരാള്‍ തന്നെ തന്നെ വേണം. കണ്ണുകളെല്ലാം ചെന്നെത്തിയത് ക്ലിഫ് ഹൗസിലേക്ക്,പൊതു സ്വീകാര്യനായി ഒരാള്‍ മാത്രം.
സിഎച്ച് മുഹമ്മദ് കോയ. ഇതിനു മുമ്പും കേരളത്തിന്റെ രാഷ്ട്രീയ ദശാസന്ധികളില്‍ സി എച്ചിന്റെ കൈകളില്‍ മുഖ്യമന്ത്രിയുടെ ചെങ്കോല്‍ പിടിപ്പിക്കാന്‍ രാഷ്ട്രീയ കക്ഷിഭേദമന്യേ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ, അന്ന് അത് മുസ്ലിംലീഗ് പാര്‍ട്ടി സ്വീകരിച്ചില്ല. എന്നാല്‍ അടിയന്തര രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തെ രക്ഷപ്പെടുത്താന്‍ മുസ്ലിംലീഗിലും തീരുമാനമായി. അനുസരണയുള്ള പാര്‍ട്ടി പ്രവര്ത്തകന് സിഎച്ച് മുഹമ്മദ്കോയ കാലത്തിന്റെ നീതീയുടെ രാജകിരീടം ശിരസിലണിയാന്‍ തന്റെ സമ്മതമറിയിച്ചു.
ധന്യമായ ആ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കപ്പലണ്ടി കച്ചവടക്കാരനും കൈവണ്ടിക്കാരനും അരപ്പട്ടിണിക്കാരുമൊക്കെയായ എണ്ണമറ്റ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കിട്ടിയ വണ്ടികളില്‍ കയറി തിരുവന്തപുരത്തേക്ക് കുതികുതിച്ചു. പാളയം ജുമുഅത്ത് പള്ളിയില്‍ നിന്നും ജുമുഅ നമസ്കാരം നിര്‍വഹിച്ചതിന് ശേഷം കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയ ചരിത്രഗരിമയുടെ ഒരലങ്കാരം പോലെ വെളുത്ത രോമത്തൊപ്പിയണിഞ്ഞു കൊണ്ട് സുസ്മേരവദനനായി രാജ്ഭവനിലെ സത്യപ്രതിജ്ഞ വേദിയിലേക്ക് നടന്നുകയറി. ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലത്തിനു മുമ്പാകെ കേരളത്തിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തുകൊണ്ട് മൊഴിഞ്ഞു.
‘അല്‍ഹംദു ലില്ലാഹ്’.
അവഗണിക്കപ്പെട്ടൊരു ജനതയുടെ ഉയിര്ത്തെഴുന്നേല്പിന്റെ നകാര ഘോഷമെന്നോണം അവിടെ കൂടിയിരുന്ന മുസ്ലിംലീഗുകാരുടെ കണ്ഠ നാളങ്ങളില്‍ നിന്നും ആ നേരത്ത് തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു. അവരുടെ സന്തോഷത്തില്‍ പങ്കു കൊണ്ടെന്ന പോലെ രാജ്ഭവന് പുറത്ത് ചാറ്റല്‍ മഴയായി പ്രകൃതിയും ആനന്ദത്തിന്റെ അശ്രുകണങ്ങള്‍ പൊഴിച്ചു. ആ ചരിത്ര സംഭവം കേരളത്തിലെ ഓരോ മുക്കിലും മൂലയിലും ആഹ്ലാദാരവങ്ങള്‍ തീര്‍ത്തു. മുസ്ലിംലീഗ്കമ്മിറ്റികളുടെ നേതൃത്വത്തില്‍ അന്നദാനങ്ങളും പുതു വസ്ത്ര വിതരണങ്ങളും നടന്നു. ഘോഷയാത്രകളില്‍ മധുരപാനീയങ്ങള്‍ പങ്കുവച്ചു. സത്യപ്രതിജ്ഞക്ക് ശേഷം തിരുവനന്തപുരം മുസ്ലിംലീഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്വീകരണപരിപാടിയില്‍ പങ്ക് കൊള്ളാന്‍ മുഖ്യമന്ത്രി നേരെ പുത്തരിക്കണ്ടം മൈതാനിയിലെത്തി. അവിടെ തടിച്ചു കൂടിയ പതിനായിരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നൂറ്റാണ്ടു കാലങ്ങളിലേക്ക് പിറക്കാനിരിക്കുന്ന എത്രയോ തലമുറകളിലേക്ക് പോലും പഠിക്കാനും പകര്‍ത്താനും ഓര്‍ത്തോര്‍ത്ത് കോള്മയിര് കൊള്ളാനുമായി ചരിത്രം രേഖപ്പെടുത്തിവച്ച ആ വാക്കുകള്‍ മുഴങ്ങി. ‘അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തവനാണ് ഞാന്‍.അധര്‍മത്തിനും അനീതിക്കും ഒരിക്കലും ഞാന്‍ അരുനില്ക്കുകയില്ല.അന്യ സമുദായത്തിന്റെ ഒരു മുടി നാരിഴ പോലും ഞാന്‍ അപഹരിക്കുകയില്ല. എന്റെ സമുദായത്തിന്റെ ഒരു മുടി നാരിഴ പോലും മറ്റൊരാള്‍ക്കും ഞാന്‍ വിട്ടുകൊടുക്കുകയുമില്ല. കേരളത്തിന്റെ പ്രശ്നങ്ങള്‍ ഒരു പരിഭാഷ കൂടാതെ എനിക്ക് മനസ്സിലാക്കുവാന്‍ കഴിയും അവ പരിഹരിക്കാന്‍ എന്റെ ഗവണ്മെന്റ് ചെയ്യുന്ന പ്രവര്‍ത്തങ്ങളെ നിങ്ങള്‍ അനുഗ്രഹിക്കണം’. ഈ വാക്കുകള്‍ അക്ഷരംപ്രതി സ്വജീവിതത്തിലൂടെ വരച്ചുകാണിച്ച സിഎച്ചിന്റെ നാമം ജനാധിപത്യ കൈരളിയുടെ ഹൃദയകാവടത്തില് കാലത്തിനു മായ്ക്കാനാവാത്ത വിധം ആലേഖനം ചെയ്യപ്പെട്ടു.