ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
ദുബൈ : ദീര്‍ഘദൂരം നിര്‍ത്താതെ യാത്രചെയ്യുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാന്‍ ദുബൈയില്‍ കൂടുതല്‍ സൗകര്യമൊരുക്കുന്നു. നഗരത്തില്‍ ട്രക്കുകള്‍ക്ക് വിശ്രമിക്കാനായി പത്തു കേന്ദ്രങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി. എമിറേറ്റിലെ പ്രധാന റോഡുകളോട് ചേര്‍ന്ന് ആറു സ്ഥലങ്ങളിലാണ് കേന്ദ്രങ്ങള്‍ നിര്‍മിച്ചത്. ആകെ 16 സ്ഥലങ്ങളില്‍ സൗകര്യമൊരുക്കുന്നതില്‍ പത്തെണ്ണമാണ് പൂര്‍ത്തിയായിരിക്കുന്നത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ദുബൈ-ഹത്ത റോഡ്, ദുബൈ-അല്‍ഐന്‍ റോഡ്, ജബല്‍ അലി-ലഹ്ബാബ് റോഡ്, അല്‍ അവീര്‍ റോഡ് എന്നിവിടങ്ങളിലാണ് സൗകര്യം ഏര്‍പ്പെടുത്തിയത്. ഈ റോഡുകളിലൂടെ ദിനംപ്രതി നിരവധി ട്രക്കുകള്‍ കടന്നുപോകുന്നുണ്ട്. അബുദാബി നാഷനല്‍ ഓയില്‍ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഡീസല്‍ നിറക്കാന്‍ സ്റ്റേഷന്, പ്രാര്‍ഥനാ മുറി, ഡ്രൈവര്‍മാരുടെ വിശ്രമമുറി, മറ്റു സൗകര്യങ്ങള്‍ എന്നിവയടങ്ങിയ കേന്ദ്രം ട്രക്ക് ഡ്രൈവര്‍മാരുടെ സുരക്ഷയും ആവശ്യങ്ങളും പരിഗണിച്ചാണ് ഒരുക്കിയത്. ഗതാഗത സുരക്ഷ ഉറപ്പുവരുത്താനും അപകടങ്ങള്‍ ഗണ്യമായി കുറക്കാനും പദ്ധതി വഴി സാധിക്കുമെന്ന് ആര്.ടി.എ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതാര്‍ അല്‍ തായര്‍ പറഞ്ഞു. ട്രക്കുകള്‍ക്ക് വിലക്കുള്ള സമയങ്ങളില്‍ ഗതാഗതം സുഗമമാക്കാനും ട്രക്ക് ഡ്രൈവര്‍മാര്‍ക്കിടയില്‍ ട്രാഫിക് അവബോധം വളര്‍ത്താനും പ്രധാന റോഡുകളിലും പാര്‍പ്പിട പ്രദേശങ്ങളിലും ട്രക്കുകളുടെ പാര്‍ക്കിങ് ഒഴിവാക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 75,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന വിശ്രമകേന്ദ്രങ്ങള്‍ക്ക് 5,000ത്തിലധികം ട്രക്കുകളും ഹെവി വാഹനങ്ങളും ഉള്‍ക്കൊള്ളാനുള്ള പ്രവര്‍ത്തനശേഷിയുണ്ട്. ആകെ 700 പാര്‍ക്കിങ് സ്ലോട്ടുകളുണ്ടാകും. ഓരോ വിശ്രമകേന്ദ്രവും 5,000 മുതല്‍ 10,000 ചതുരശ്ര മീറ്റര്‍ വരെ വ്യാപിച്ചുകിടക്കുന്നതാണ്. ഇവിടങ്ങളില്‍ 30 മുതല്‍ 45 വരെ ട്രക്കുകളും ഹെവി വാഹനങ്ങളും പാര്‍ക്ക് ചെയ്യാനാവും.
ട്രക്കുകള്‍ക്ക് ചില സമയങ്ങളില്‍ റോഡുകളില്‍ പ്രവേശനം വിലക്കാറുണ്ട്. ഈ സമയങ്ങളില്‍ പാര്‍ക്ക് ചെയ്യാനും വിശ്രമിക്കാനുമുള്ള സൗകര്യമാണ് അധികൃതര്‍ ഉറപ്പുവരുത്തിയിട്ടുള്ളത്.