സഊദിയില് ശക്തമായ മഴയും കാറ്റും ഇടിമിന്നലും
യു എ ഇ ജുമുഅ ഖുതുബ :
ഒരിക്കല് മദീനയുടെ പ്രാന്തപ്രദേശങ്ങളിലൂടെ നടന്നുപോവുകയായിരുന്ന ഇബ്നു ഉമര് (റ) ഒരു ആട്ടിടയനെ കാണാനിടയായി. അദ്ദേഹം അയാളോട് ചോദിച്ചു: ഈ ആട്ടിന്കൂട്ടത്തില് നിന്ന് ഒന്നിനെ എനിക്ക് വില്ക്കുമോ?. അയാള് പറഞ്ഞു: ഇവ എന്നിലേക്ക് ഏല്പ്പിക്കപ്പെട്ട സൂക്ഷിപ്പുബാധ്യതകളാണ്. അപ്പോള് ഇബ്നു ഉമര്(റ) അദ്ദേഹത്തെ പരീക്ഷിക്കാന് വേണ്ടി പറഞ്ഞു: ആടുകളെ ഏല്പ്പിച്ചുതന്ന ആളോട് ഒരു ആടിനെ ചെന്നായ തിന്നുവെന്ന് പറഞ്ഞാല് പോരേ. ഉടനെ ആട്ടിടയന് ആകാശത്തേക്ക് തലയുയര്ത്തി പറഞ്ഞു: അല്ലാഹു ഉണ്ട്. ഇബ്നു ഉമര്(റ) ആവശ്യം ആവര്ത്തിച്ചുകൊണ്ടിരുന്നു. ആയാളും അല്ലാഹു ഉണ്ട് എന്ന് പല ആവര്ത്തി പറഞ്ഞുകൊണ്ടിരുന്നു. വല്ലാത്തൊരു വാക്കാണത്. ഓരോ തൊഴിലാളിയും ജീവനക്കാരനും ജോലിയില് കാണിക്കേണ്ട സൂക്ഷ്മതയും കണിശതയുമാണ് സംഭവം വരച്ചുകാട്ടുന്നത്. എല്ലാം അല്ലാഹു കാണുന്നു,നിരീക്ഷിക്കുന്നുവെന്നറിഞ്ഞ് തൊഴിലിടങ്ങളില് പെരുമാറുന്നവനാണ് നല്ല തൊഴിലാളി. അല്ലാഹു കാണുന്നുവെന്ന നിശ്ചയത്തില് അല്ലാഹുവിനെ ആരാധിക്കാനാണ് നബി (സ്വ) പറഞ്ഞത്. നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവന് നിന്നെ കാണുന്നുവെന്ന ബോധം ഉണ്ടാവണമെന്നാണ് പ്രവാചകര് മുഹമ്മദ് നബി (സ്വ) പഠിപ്പിക്കുന്നത്.
തൊഴിലെടുക്കാന് അല്ലാഹു നല്കിയ മഹാ അനുഗ്രഹത്തില് നന്ദിയുള്ളവനായി ഉത്തരവാദിത്തങ്ങള് യഥാവിധി നിറവേറ്റുന്നവനാണ് ആത്മാര്ത്ഥതയുള്ള ഉദ്യോഗസ്ഥന്. ഏല്പ്പിക്കപ്പെട്ട കാര്യങ്ങളില് ഏവരും ഉത്തരവാദിത്തമുള്ളവരാണ്,കാര്യം പരിരക്ഷയോടെ ചെയ്തുവോ അല്ലെങ്കില് പാഴാക്കി കളഞ്ഞോ എന്ന് ചോദ്യം ചെയ്യപ്പെടുന്നതായിരിക്കും (ഹദീസ്) ഓരോ ജോലിയും ഉത്തരവാദിത്ത ബോധത്തോടെയും ആത്മാര്ത്ഥതയോടെയുമാണ് ചെയ്തുതീര്ക്കേണ്ടത്. അല്ലാഹു പറയുന്നുണ്ട്: വിശ്വസിക്കപ്പെട്ടയാള് തന്റെ വിശ്വാസ്യത നിറവേറ്റുകയും നാഥനെ സൂക്ഷിക്കുകയും ചെയ്യട്ടെ (സൂറത്തു ബഖറ 283).
ജോലിയില് സമയനിഷ്ഠ പാലിക്കണം. വൈമനസ്യമോ മടിയോ കാട്ടരുത്. ജോലിബാധ്യതയില് നിന്ന് ഒഴിഞ്ഞുമാറരുത്. അവധാനത പാടില്ല. അല്ലാഹു എല്ലാം അറിയുന്നുണ്ടെന്ന് അറിയുന്നില്ലേ എന്ന് വിശുദ്ധ ഖുര്ആനില് പരാമര്ശമുണ്ട് (സൂറത്തുല് അലഖ് 14). ആ ബോധം വേണം. സഹജീവനക്കാരോട് ആവശ്യമില്ലാത്തകാര്യങ്ങള് സംസാരിച്ചോ ഫോണില് മുഴുകിയോ സമയം കളയരുത്. പൂര്ണമനസോടെ,പ്രസന്നവദനത്തോടെ ജോലികള് ചെയ്യണം. സത്യസന്ധതയും ത്യാഗവും കൃത്യതയും സുനിശ്ചിതത്വവും അച്ചടക്കവുമെല്ലാം തൊഴിലിടങ്ങളെ ഭംഗിയാക്കുന്ന കാര്യങ്ങളാണ്. നിശ്ചയം അല്ലാഹു കൃത്യതയോടെ ജോലികളെ ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നുവത്രെ (ഹദീസ്). നല്ല കാര്യങ്ങളില് സഹജീവനക്കാരുമായുള്ള സഹകരണമനസാണ് ഒരു തൊഴിലാളിയെ ഉത്തമനാക്കുന്നത്. അവര് ഒരു കെട്ടിടം പോലെ ചിലര് ചിലര്ക്ക് സഹായ സഹകരണങ്ങളോടെ ബലം നല്കും. ഓരോര്ത്തരുടെയും അധ്വാനത്തിനും വിലകല്പ്പിക്കണം. ആരെയും നിസാരമാക്കരുത്. അവരുടെ വിജയത്തിനായി നാമും മുന്നിട്ടിറങ്ങണം. തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദന് വേണ്ടിയും ഇഷ്ടപ്പെടുന്നവനാണല്ലൊ യഥാര്ത്ഥ സത്യവിശ്വാസി. ആരോടും വിദ്വേഷമോ ആസൂയയോ കാട്ടരുത്. പരദൂഷണമോ കുറ്റം പറച്ചിലോ അരുത്. തന്റെ സഹോദരനെ സഹായിക്കുന്നവന് അല്ലാഹുവിന്റെ സഹായം കിട്ടിക്കൊണ്ടേയിരിക്കും (ഹദീസ്). നല്ല സ്ഥിരോത്സാഹിയായി തൊഴിലാളി ഓരോ ദിവസവും തന്റെ അറിവുകളും അനുഭവങ്ങളും നൈപുണ്യങ്ങളും വികസിപ്പിച്ചുകൊണ്ടിരിക്കും. മാത്രമല്ല വിജ്ഞാനവര്ധവിന് പ്രാര്ത്ഥിക്കുകയും ചെയ്യും. അങ്ങനെയുള്ളവര് പരിശീലനം നേടിവരുന്ന നവാഗതര്ക്ക് നല്ലൊരു മാതൃകയായിരിക്കും. അവന്റെ അറിവും അനുഭവവും അവര്ക്കും ഉപകാരപ്പെടും. ആരുടെയും നന്മയും അല്ലാഹു വെറുതെയാക്കി കളയില്ല. എല്ലാത്തിനും നന്മകളുണ്ടാവും. ഓരോ ഉദ്യോഗസ്ഥനും തന്റെ തൊഴിലിടങ്ങളിലെ നന്മകള്ക്ക് വേണ്ടി മാത്രമല്ല മുന്നിട്ടിറങ്ങേണ്ടത്. നാടിന്റെയും പൊതുജനത്തിന്റെയും പൊതു ആവശ്യങ്ങളിലും സ്ഥാപന ആവശ്യങ്ങളിലും തന്റെ വീട്ടുകാര്യമെന്ന പോലെ ആവേശം കാട്ടണം. സ്ഥാപന ധനവും മറ്റു വസ്തുവകകളും സ്വന്തമെന്നപോലെ കാത്തുസൂക്ഷിക്കണം. ഒന്നും നാശം വരുത്തരുത്, പാഴാക്കരുത്, ധൂര്ത്തടിക്കരുത്. അമിതവ്യയവുമരുത്. വഞ്ചകരെയും അമിതമായി വ്യയം ചെയ്യുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
എല്ലായിടങ്ങളിലും മതനിഷ്ഠ പാലിക്കണം. അനുവദനീയമല്ലാത്ത സമ്മാനങ്ങള് ആരില് നിന്നും സ്വീകരിക്കരുത്. അത്തരത്തില് ജോലിയിലൂടെ അന്യായമായി വല്ലതും സ്വീകരിച്ചിട്ടുണ്ടെങ്കില് അത് അന്ത്യനാളില് അവന്റെ മുതുകില് ഭാരമായി ചുറ്റപ്പെടുമത്രെ (ഹദീസ്). തൊഴിലിലെ രഹസ്യങ്ങളും സേവനം ചെയ്യുന്ന സമയത്തോ വിരമിച്ച ശേഷമോ ആരുമായും പങ്കുവെക്കരുത്. അതൈല്ലാം സ്വകാര്യങ്ങളായി വെക്കണം. ഏല്പ്പിച്ച കാര്യങ്ങളില് പൂര്ണ ഉത്തരവാദിത്ത ബോധവും വിശ്വാസ്യതയും കാണിക്കണം. ഇടപെടലുകളില് സൗമ്യഭാവം പുലര്ത്തണം. സൗമ്യസ്വഭാവം ഏതൊരു കാര്യത്തെയും മികച്ചതാക്കുമെന്നാണ് പ്രവാചക വചനം. ആരും നല്ലത് ചെയ്താല് പുകഴ്ത്തണം. മോശം ചെയ്താല് അതിരറ്റ് വിമര്ശിക്കരുത്. അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക: അല്ലാഹുവിങ്കല് നിന്നുള്ള മഹത്തായ അനുഗ്രഹം കൊണ്ടാണ് താങ്കള്ക്ക് ജനങ്ങളോട് സൗമ്യ സമീപനത്തിനു കഴിയുന്നത്. അങ്ങ് പരുഷനും കഠിന ഹൃദയനുമായിരുന്നെങ്കില് അവര് താങ്കളുടെ ചുറ്റും നിന്നു പിരിഞ്ഞുപോയേനെ. അതുകൊണ്ട് അവര്ക്ക് മാപ്പുനല്കുകയും പാപമോചനമര്ത്ഥിക്കുകയും കാര്യങ്ങള് അവരുമായി കൂടിയാലോചന നടത്തുകയും ചെയ്യുക (സൂറത്തു ആലുഇംറാന് 159).